Sorry, you need to enable JavaScript to visit this website.

പകുതിയോളം കളിക്കാര്‍ ഐസൊലേഷനില്‍, ഓസ്‌ട്രേലിയന്‍ ഓപണ്‍ വന്‍ പ്രതിസന്ധിയില്‍

മെല്‍ബണ്‍ - പുതിയ വര്‍ഷത്തെ ആദ്യ ഗ്രാന്റ്സ്ലാമായ ഓസ്‌ട്രേലിയന്‍ ഓപണ്‍ ടെന്നിസിനുള്ള ഒരുക്കങ്ങള്‍ക്ക് കനത്ത തിരിച്ചടി. 47 കളിക്കാര്‍ക്ക് ഓസ്‌ട്രേലിയന്‍ അധികൃതര്‍ ക്വാരന്റൈന്‍ വിധിച്ചു. ഇവര്‍ക്ക് രണ്ടാഴ്ചത്തേക്ക് പരിശീലനം പോലും സാധ്യമല്ല. അമേരക്കയില്‍ നിന്നും അബുദാബിയില്‍ നിന്നും ഈ കളിക്കാരെ മെല്‍ബണിലെത്തിച്ച രണ്ട് ചാര്‍ട്ടേഡ് വിമാനത്തിലുണ്ടായിരുന്ന മൂന്നു പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ഇത്. 
മൂന്നു പേരും കളിക്കാരല്ല. എന്നാല്‍ വിമാനത്തിലുള്ളവരെല്ലാം സമ്പര്‍ക്കത്തില്‍ വന്നതായാണ് കണക്കാക്കുക. ക്വാരന്റൈന്‍ കാലത്ത് ഈ 47 കളിക്കാര്‍ ഹോട്ടല്‍ മുറിയില്‍ തന്നെ കഴിയണം. 
ലോസ്ആഞ്ചലസില്‍ നിന്ന് 24 കളിക്കാരുമായി വന്ന വിമാനത്തിലെ ഒരു ജീവനക്കാരനും ഒരു കോച്ചിംഗ് സ്റ്റാഫിനുമാണ് കോവിഡ് സ്ഥിരീകരിച്ചത്. മുന്‍ ഓസ്‌ട്രേലിയന്‍ ഓപണ്‍ ചാമ്പ്യന്‍ വിക്ടോറിയ അസരെങ്ക, 2017 ലെ യു.എസ് ഓപണ്‍ ചാമ്പ്യന്‍ സ്ലോന്‍ സ്റ്റീഫന്‍സ്, ജപ്പാന്റെ കെയ് നിഷികോരി എന്നിവര്‍ ഈ വിമാനത്തിലുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. 
അബുദാബിയില്‍ നിന്ന് കളിക്കാരുമായി വന്ന മറ്റൊരു ചാര്‍ട്ടേഡ് വിമാനത്തിലെ ഒരാള്‍ക്കും കോവിഡ് കണ്ടെത്തി. ഗ്രാന്റ്സ്ലാം ചാമ്പ്യന്മാരായ ബിയാങ്ക ആന്‍ഡ്രിയസ്‌ക്യു, എയ്ഞ്ചലിക് കെര്‍ബര്‍, സ്വെറ്റ്‌ലാനകുസ്‌നറ്റ്‌സോവ എന്നിവരുള്‍പ്പെടെ 23 കളിക്കാരാണ് ഈ വിമാനത്തിലുണ്ടായിരുന്നത്. 
ഇതൊരു അസാധാരണ സാഹചര്യമാണെന്നും ടൂര്‍ണമെന്റില്‍ കളിക്കേണ്ട പകുതിയോളം കളിക്കാര്‍ ഐസൊലേഷനിലാണെന്നും ഫ്രഞ്ച് കളിക്കാരി ആലിസ് കോര്‍ണെ അഭിപ്രായപ്പെട്ടു. ആഴ്ചകളായുള്ള കടുത്ത പരിശീലനമാണ് വൃഥാവിലാവുന്നത്. മുക്കാല്‍ ഭാഗം കാലിയായ വിമാനത്തിലെ ഒരാള്‍ക്ക് പോസിറ്റിവായതിന്റെ പേരിലാണ് ഈ ഭ്രാന്ത് -അവര്‍ ട്വീറ്റ് ചെയ്തു. 

Latest News