Sorry, you need to enable JavaScript to visit this website.

നാട്ടിൽ പോകാനിരുന്ന കൊല്ലം സ്വദേശി  ജിദ്ദയിൽ കോവിഡ് ബാധിച്ച് മരിച്ചു

ജിദ്ദ - നാട്ടിലേക്ക് പോകാനിരുന്ന കൊല്ലം സ്വദേശി കോവിഡ് ബാധിച്ച് മരിച്ചു. ജിദ്ദ മഹ്ജറിൽ ഷംസാൻ സോഫാബ് കമ്പനി ജീവനക്കാരനായിരുന്ന സലാഹുദ്ദീൻ (58) ആണ് മഹ്ജറിലെ കിംഗ് അബ്ദുൽ അസീസ് യൂനിവേഴ്‌സിറ്റി ആശുപത്രിയിൽ മരിച്ചത്. മൃതദേഹം ജിദ്ദയിൽ ഖബറടക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു.
27 വർഷമായി സൗദി അറേബ്യയിലുള്ള സലാഹുദ്ദീൻ ഈ മാസം നാട്ടിലേക്ക് പോകാനിരക്കുകയായിരുന്നു. ഇതിനായി പാസ്‌പോർട്ടിൽ റീ എൻട്രി അടിച്ചിരുന്നു. അതിനിടയിലാണ് കോവിഡ് സ്ഥിരീകരിക്കുന്നത്. ഗുരുതരാവസ്ഥയിൽ 12 ദിവസം കിംഗ് അബ്ദുൽ അസീസ് യൂനിവേഴ്‌സിറ്റി ഹോസ്പിറ്ററിൽ അഡ്മിറ്റായിരുന്ന സലാഹുദ്ദീനെ, ശ്വാസതടസ്സം കൂടിയതിനെ തുടർന്ന് വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരുന്നു. വെള്ളിയാഴ്ച അർധരാത്രിയോടെയായിരുന്നു മരണം.
ഏറെ കാലം കുടുംബത്തോടൊപ്പം ജിദ്ദ മഹ്ജറിൽ കഴിഞ്ഞിരുന്ന സലാഹുദ്ദീന്റെ കുടുംബം കുറച്ചുനാൾ മുമ്പ് നാട്ടിലേക്ക് മടങ്ങി. കഴിഞ്ഞ വർഷാവസാനമായിരുന്നു മകളുടെ വിവാഹം. കോവിഡ് പ്രതിസന്ധി മൂലം സലാഹുദ്ദീന് നാട്ടിലെത്തി മകളുടെ വിവാഹത്തിൽ പങ്കെടുക്കാനായിരുന്നില്ല. 
കൊല്ലം കിളികൊല്ലൂർ കളീയിലിൽ വീട്ടിൽ പരേതനായ അബ്ദുൽ കലാം ഹാജിയുടെയും നബീസ ബീവിയുടെയും മകനാണ്. ഭാര്യ: ഷമാ സലാഹുദ്ദീൻ. മക്കൾ: മുഹമ്മദ് ഫർഹാൻ, ഫാത്തിമ. മരുമകൻ: നിതിൻ നൗഷാദ്. 
സഹാദരങ്ങളായ സിയാവുദ്ദീൻ ദമാമിൽനിന്നും, നിസാമുദ്ദീൻ റിയാദിൽനിന്നും ജിദ്ദയിൽ എത്തിയിട്ടുണ്ട്. മറ്റ് സഹോദരങ്ങൾ: സലിലുദ്ദീൻ, സമീറുദ്ദീൻ, ഷക്കീല ഹാഷിം, ഷെമീമ നിസാർ, ഷെജിത സിയാവുദ്ദീൻ. മൃതദേഹം ഏറ്റുവാങ്ങുന്നതിനും ഖബറടക്കുന്നതിനുമുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ഐ.സി.എഫ് പ്രവർത്തകർ രംഗത്തുണ്ട്.

Tags

Latest News