Sorry, you need to enable JavaScript to visit this website.

ആകാശയാത്ര കുറഞ്ഞ ചെലവിൽ; വിസ് എയർ അബുദാബി പറന്നുയർന്നു

ഏതൻസിലേക്ക് പറയുന്നുയരുന്നതിന് മുന്നോടിയായി വിസ് എയർ അബുദാബിയുടെ ഉദ്യോഗസ്ഥരും വിമാന ജീവനക്കാരും.

അബുദാബി- കുറഞ്ഞ നിരക്കിൽ യാത്ര വാഗ്ദാനം ചെയ്യുന്ന അബുദാബിയുടെ സ്വന്തം വിമാനക്കമ്പനി വിസ് എയർ പറന്നുയർന്നു. ഇന്നലെ ഉച്ചക്ക് പ്രാദേശിക സമയം 12.30ന് ഗ്രീസിലേക്കായിരുന്നു ആദ്യത്തെ പറക്കൽ. അബുദാബിയുടെ രണ്ടാമത്തെ ബജറ്റ് എയർലൈനാണ് വിസ് എയർ. ഗ്രീസിലെ ഏതൻസിലേക്കാണ് ആദ്യയാത്ര. ഒക്ടോബറിൽ ആദ്യ സർവീസ് തീരുമാനിച്ചിരുന്നെങ്കിലും കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നീളുകയായിരുന്നു. ഫെബ്രുവരി നാലിന് ഗ്രീസിലെ മറ്റൊരു നഗരമായ തിസാലോനിക്കിലേക്കാണ് അടുത്ത സർവീസ്. 
വിസ് എയറിലെ ആദ്യ യാത്രക്കാരെ വിമാനത്താവളത്തിൽ ഉദ്യോഗസ്ഥർ ഊഷ്മളമായി സ്വീകരിച്ചു. കോവിഡ് സാഹചര്യത്തിലും യു.എ.ഇ വ്യവസായികളുടെയും വിനോദ യാത്രക്കാരുടെയും ഇഷ്ട രാജ്യമാണെന്നും ബജറ്റ് എയർ എന്ന ആശയം ലോകം സ്വീകരിക്കുമെന്നും വിസ് എയർ സി.ഇ.ഒ ജോസഫ് വാരദി പറഞ്ഞു. ജനങ്ങളുടെ പ്രതികരണം അനുസരിച്ച് കൂടുതൽ സർവീസുകൾ ആലോചിക്കും. വികസിത നഗരങ്ങളിൽ ഏറ്റവും പ്രാധാന്യമുള്ള അബുദാബിയിൽനിന്ന് കൂടുതൽ രാജ്യങ്ങളിലേക്ക് വിസ് എയർ പറക്കും. 10 വർഷത്തിനകം 50 എയർക്രാഫ്റ്റുകളാണ് ലക്ഷ്യം. മിഡിൽ ഈസ്റ്റിലെ മില്യൺ കണക്കിന് യാത്രക്കാർക്ക് വിസ് എയർ അനുഗ്രഹമാകും. -അദ്ദേഹം കൂട്ടിച്ചേർത്തു. യൂറോപ്യൻമാർക്ക് മിഡിൽ ഈസ്റ്റിലേക്ക് കുറഞ്ഞ ചെലവിൽ എത്താനുള്ള മാർഗമായി വിസ് എയർ മാറുമെന്നും അദ്ദേഹം പറഞ്ഞു. 
ഉദ്ഘാടനത്തോടനുബന്ധിച്ച് വളരെ കുറഞ്ഞ നിരക്കാണ് വിസ് എയർ വാഗ്ദാനം ചെയ്യുന്നത്. ഏതൻസിലേക്ക് 129 ദിർഹം മാത്രമാണ് ഈടാക്കിയത്. ഗ്രീസിലേക്ക് 149 ദിർഹവും. ഗ്രീൻ ലിസ്റ്റിലുള്ള രാജ്യങ്ങളിലേക്ക് മാത്രമാണ് തുടക്കത്തിൽ യാത്ര തീരുമാനിച്ചിരിക്കുന്നത്. കോവിഡ് ഇളവുകൾക്കനുസരിച്ച് സർവീസ് ഇതര രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കും. യൂറോപ്പിലെ വിസ് എയർഹോൾഡിംഗ്‌സിന്റെയും അബുദാബി ഡെവലപ്‌മെന്റ് ഹോൾഡിംഗ് കമ്പനിയുടെയും സംയുക്ത സംരംഭമാണ് വിസ് എയർ അബുദാബി. ബജറ്റ് വിമാന സർവീസുകൾക്ക് മുൻതൂക്കം നൽകുന്ന ബിസിനസ് തന്ത്രത്തിന്റെ ഭാഗമായിട്ടാണ് വിസ് എയർ അബുദാബി എന്ന വിമാനക്കമ്പനിക്ക് രൂപം നൽകിയത്. നേരത്തെ ഇതുപോലെ ഷാർജയിലെ എയർ അറേബ്യയുമായി കൈകോർത്ത് എയർ അറേബ്യ അബുദാബി എന്ന പേരിലും കമ്പനിക്ക് രൂപം നൽകിയിരുന്നു. 

Tags

Latest News