Sorry, you need to enable JavaScript to visit this website.

തൊണ്ടാർ ജലസേചന പദ്ധതി: ജനം രണ്ടു തട്ടിൽ; നാളെ മൂളിത്തോടിൽ സമരസംഗമം

കൽപറ്റ- എടവക പഞ്ചായത്തിലെ മൂളിത്തോടിൽ മണ്ണണ നിർമിച്ചു തൊണ്ടാർ ജലസേചന പദ്ധതി പ്രാവർത്തികമാക്കുന്നതിൽ പ്രദേശവാസികൾ രണ്ടു തട്ടിൽ. നിർദിഷ്ട പദ്ധതി നാടിനു ഗുണം ചെയ്യുമെന്ന നിലപാടിലാണ് തൊണ്ടാർ ഡാം കർമസമിതി. എന്നാൽ മൂളിത്തോടിൽ അണ നിർമിക്കുന്നതിനെ ശക്തമായി എതിർക്കുകയാണ് തൊണ്ടാർ ഡാം വിരുദ്ധ ആക്ഷൻ കൗൺസിൽ. 
മൂളിത്തോടിലേതു വൻകിട പദ്ധതിയല്ല.
തൊണ്ടാർ പദ്ധതി നാടിന്റെ നൻമയ്ക്കു ഉതകുന്നതാണെന്നു ഡാം കർമസമിതി ചെയർമാൻ എം.വി.പൗലോസ്, കൺവീനർ വി.ഐ.ജോസ്, മറ്റു ഭാരവാഹികളായ എടക്കാട് അബ്ദുല്ല, എം.ആർ.ബാലൻ, കെ.എം. രാജൻ, ഇ.കെ.ബാബു, എ.കുമാരൻ എന്നിവർ പറഞ്ഞു. പദ്ധതിയുമായി ബന്ധപ്പെട്ടു തൽപരകക്ഷികൾ അടിസ്ഥാനരഹിതമായ പ്രചാരണം നടത്തുകയാണ്. കാരാപ്പുഴയും ബാണാസുരസാഗറും പോലുള്ള വൻകിട പദ്ധതിയല്ല മൂളിത്തോടിൽ വിഭാവനം ചെയ്തിരിക്കുന്നത്. 0.3 ടി.എം.സി മാത്രമാണ് നിർദിഷ്ട അണയുടെ ജലസംഭരണശേഷി.  മൂളിത്തോടിനു കുറുകെ നിർമിക്കുന്ന അണയ്ക്കു  205 മീറ്റർ നീളവും 8.5 മീറ്റർ ഉയരവുമാണ് ഉണ്ടാകുക. സംഭരണശേഷി കാരാപ്പുഴ അണയുടേത് 2.78ഉം ബാണാസുരസാഗർ അണയുടേത് 6.7ഉം ടി.എം.സിയാണ്. കബനിജലത്തിൽ 21 ടി.എം.സി ഉപയോഗിക്കാൻ കാവേരി നദീജല തർക്ക ട്രിബ്യൂണൽ കേരളത്തിനു അനുവാദം നൽകിയിട്ടുണ്ട്. ഇതിന്റെ കാലാവധി 2034 ഫെബ്രുവരിയിൽ അവസാനിക്കും. അതിനുമുമ്പ് തൊണ്ടാർ പദ്ധതി പ്രാവർത്തികമാക്കാത്തതു വരുംതലമുറയോടുള്ള അനീതിയാകും. 
പദ്ധതി നടപ്പിലാക്കുന്നതിനു വൻതോതിൽ കുടുംബങ്ങളെ കുടിയൊഴിപ്പിക്കേണ്ടതില്ല. അണ നിർമിക്കുന്നതുമൂലം മുങ്ങിപ്പോകുന്ന പ്രദേശങ്ങളിൽ വീടുകൾ അടക്കം 105 കെട്ടിടങ്ങൾ മാത്രമാണ് ഉള്ളത്. പദ്ധതിക്കായി തൊണ്ടർനാട് പഞ്ചായത്തിലെ ഇണ്ട്യേരിക്കുന്നിലാണ് ആദിവാസി ഭൂമി ഏറ്റെടുക്കേണ്ടിവരിക. ഇവിടെ 34 വീടുകളിലായി 143 പട്ടികവർഗക്കാരാണുള്ളത്. 35 ഏക്കർ കരയും 24 ഏക്കർ വയലുമാണ് ഇത്രയും വീട്ടുകാരുടെ കൈവശം. പദ്ധതിയെ അനുകൂലിക്കുന്നവരാണ് ഇണ്ട്യേരിക്കുന്നിലെ പട്ടികവർഗ കുടുംബങ്ങളിൽ അധികവും. ബസ് റൂട്ട് നഷ്ടമാകുന്ന ഒരു റോഡുപോലും പദ്ധതി പ്രദേശത്തില്ല. ആരാധനാലയങ്ങൾ ഒന്നും മുങ്ങിപ്പോകില്ല. പദ്ധതി പ്രദേശത്തെ ഭൂമിയിൽ 80 ശതമാനവും വയലാണ്. ജലസേചന സൗകര്യത്തിന്റെ അഭാവത്തിൽ വയൽ തരിശിടേണ്ട സാഹചര്യമാണ് ഇപ്പോൾ. എന്നിരിക്കേ  അണയുടെ എഫ്.ആർ.എൽ സർവേ ഉടൻ പൂർത്തിയാക്കണം. ഭൂമിയും വീടും നഷ്ടമാകുന്നവർക്കായി സർക്കാർ  പാക്കേജ് പ്രഖ്യാപിക്കണമെന്നും കർമസമിതി ഭാരവാഹികൾ ആവശ്യപ്പെട്ടു. 

നൂറുകണക്കിനു കർഷകരെ കുടിയൊഴിപ്പിച്ചും ഹെക്ടർകണക്കിനു കൃഷിഭൂമി വെള്ളത്തിലാക്കിയും ജലസേചന പദ്ധതി നടപ്പിലാക്കേണ്ട കാര്യമില്ലെന്നു ഡാം വിരുദ്ധ ആക്ഷൻ കൗൺസിൽ ചെയർമാൻ വി.അബ്ദുല്ല ഹാജി, വൈസ് ചെയർമാൻ കെ.എം.കേളു, കൺവീനർ ആർ.രവീന്ദ്രൻ, ജോയിന്റ് കൺവീനർ ജോയി കൂറാനയിൽ,  കോ ഓർഡിനേറ്റർ എസ്.ഷറഫുദ്ദീൻ എന്നിവർ പറഞ്ഞു. പദ്ധതി പ്രാവർത്തികമാകുമ്പോൾ 148.35 ഹെക്ടർ കൃഷിഭൂമി വെള്ളത്തിലാകും. 1,371.13 മീറ്റർ ജില്ലാ റോഡും 1,891 മീറ്റർ ഗ്രാമീണ റോഡും  അനേകം കെട്ടിടങ്ങളും മുങ്ങിപ്പോകും. 
ജില്ലയിൽ ഏറ്റവും ജനസാന്ദ്രതയുള്ള വില്ലേജുകളിലൊന്നാണ് എടവക. കഴിഞ്ഞ രണ്ടു പ്രളയങ്ങളും ബാധിക്കാത്ത വില്ലേജിൽ കുടിവെള്ള ക്ഷാമമോ വന്യജീവി ശല്യമോ  ഇപ്പോഴില്ല. നിലവിലെ  രണ്ട് അണക്കെട്ടുകൾതന്നെ ജില്ലയിലെ പ്രകൃതിലോല പ്രദേശങ്ങൾക്കു താങ്ങാവുന്നതിലും അപ്പുറമാണ്. ഇനിയും ഒരണക്കെട്ടുകൂടി താങ്ങാനുള്ള ശേഷി വയനാടിനു ഇല്ലെന്ന പരിസ്ഥിതി പ്രവർത്തകരുടെ മുന്നറിയിപ്പു മുഖവിലയ്‌ക്കെടുക്കേണ്ടതുണ്ട്. വർധിച്ച അളവിൽ വെള്ളം കെട്ടിനിർത്തുന്ന അണയ്ക്കു പകരം ഇടത്തരം തടയണകളാണ് പ്രദേശത്തു നിർമിക്കേണ്ടത്. കബനി ജലത്തിൽ കേരളത്തിനു അവകാശപ്പെട്ട വിഹിതം തടയണകൾ ശാസ്ത്രീയമായി നിർമിച്ചും ഉപയോഗപ്പെടുത്താം. പ്രദേശത്തെ കുറച്ചാളുകൾ മാത്രമാണ് തൊണ്ടാർ പദ്ധതിയെ അനുകൂലിക്കുന്നത്. പദ്ധതിക്കായി  ഏറ്റെടുക്കുന്ന ഭൂമിക്കു പൊന്നുവില കിട്ടുമെന്നാണ് ഇക്കൂട്ടരുടെ പ്രചാരണം. കുടിയൊഴിയേണ്ടിവരുന്ന ഗോത്രവിഭാഗത്തിൽപ്പെട്ടതടക്കം കുടുംബങ്ങൾ പിന്നീട് എവിടെ, എങ്ങനെ ജീവിതം കരുപ്പിടിപ്പിക്കും എന്നതിൽ പദ്ധതി അനുകൂലികൾ മൗനത്തിലാണ്. പദ്ധതി വിഷയത്തിൽ പ്രദേശത്തെ ഒരോ വീട്ടിലുമെത്തി അധികാരികൾ ഹിത പരിശോധന നടത്തണം. ഭൂരിപക്ഷം കുടുംബങ്ങളും എതിർക്കുന്നതായി വ്യക്തമായാൽ പദ്ധതി ഉപേക്ഷിക്കണം. തൊണ്ടാർ പദ്ധതിക്കെതിരായ സമരസംഗമം നാളെ ഉച്ചകഴിഞ്ഞു രണ്ടിനു മൂളിത്തോട് എ.എൽ.പി സ്‌കൂളിൽ ചേരുമെന്നും ഡാം വിരുദ്ധ ആക്ഷൻ കൗൺസിൽ ഭാരവാഹികൾ പറഞ്ഞു. 

Latest News