Sorry, you need to enable JavaScript to visit this website.

കോഴിക്കോടിന് നിരാശ സമ്മാനിച്ച ബജറ്റ് 

കോഴിക്കോട്- സംസ്ഥാന ബജറ്റിൽ മലബാറിനും കോഴിക്കോടിനും കടുത്ത അവഗണന. സ്വപ്‌ന പദ്ധതികളായ ലൈറ്റ് മെട്രോ ഉൾപ്പെടെയുള്ളവയുടെ ചിറക് പൂർണമായും അരിഞ്ഞു. പ്രതീക്ഷയർപ്പിച്ച പദ്ധതികൾ തഴഞ്ഞെന്ന് മാത്രമല്ല, നിരന്തരമായി ഉന്നയിച്ച പദ്ധതികളെ പാടെ അവഗണിച്ച ബജറ്റ് ജില്ലയെ കടുത്ത നിരാശയിലാക്കി.
കരിപ്പൂർ വിമാനത്താവളം, മൊബിലിറ്റി ഹബ്, മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് തുടങ്ങി സർക്കാരിന് മുന്നിൽ ജില്ല നിരന്തരം മുന്നോട്ട് വെച്ച പദ്ധതികൾ ഒന്നിനും ബജറ്റിൽ തുക വകയിരുത്തിയില്ല. മാനാഞ്ചിറ-വെള്ളിമാടുകുന്നു റോഡ് ഏറ്റെടുക്കാൻ മുഖ്യ തടസ്സം ഫണ്ടിന്റെ അഭാവമാണെന്നതിനാൽ ബജറ്റിൽ വിഹിതം പ്രതീക്ഷിച്ചിരുന്നെങ്കിലും ഉണ്ടായില്ല. ഇതോടെ റോഡ് വികസനം ഇനിയും അനന്തമായി നീളുമെന്നുറപ്പായി. 12 വർഷമായി അനിശ്ചിതമായി നീളുന്ന മാനാഞ്ചിറ റോഡ് വികസന പ്രവൃത്തി തുടങ്ങണമെങ്കിൽ ഇനിയും 184 കോടി കൂടി വേണം. സർക്കാർ പ്രഖ്യാപിച്ചത് പ്രകാരം ഈ വർഷത്തോടെ മുഴുവൻ തുകയും നൽകേണ്ടതാണ്. എന്നാൽ ഇത്തവണയും സർക്കാർ വാക്കു പാലിച്ചില്ല.
ബേപ്പൂർ തുറമുഖ വികസനത്തിന് കേന്ദ്ര സർക്കാർ പദ്ധതിയായ സാഗർമാല വഴി പണം സമാഹരിക്കുമെന്ന പ്രഖ്യാപനം ബജറ്റിൽ നടത്തിയിട്ടുണ്ട്. എന്നാൽ തുറമുഖ വികസനത്തിനായി സംസ്ഥാന സർക്കാർ പണം വകയിരുത്തിയിട്ടില്ല. കോഴിക്കോടിന്റെ സ്വപ്‌ന പദ്ധതിയായ ലൈറ്റ് മെട്രോയുടെ കാര്യത്തിലും ഇതേ സമീപനമാണ് സ്വീകരിച്ചത്. തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോയുടെ പുതുക്കിയ ഡി.പി.ആർ കേന്ദ്ര സർക്കാരിന്റെ പുതുക്കിയ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ തയാറാക്കുമെന്ന പരാമർശം മാത്രമാണ് ബജറ്റിലുള്ളത്.
കരിപ്പൂർ വിമാന ദുരന്തത്തിന് ശേഷം വിമാനത്താവള വികസനവുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങൾ സർക്കാർ നടത്തിയിരുന്നു. എന്നാൽ ബജറ്റിൽ വിമാനത്താവള വികസനത്തിന് ഭൂമി ഏറ്റെടുക്കാൻ തുക അനുവദിക്കാത്ത ബജറ്റ് തിരിച്ചടിയായി.
തീരദേശ ഹൈവേ, എരഞ്ഞിപ്പാലം മേൽപാലം, ഐ.ടി മേഖലാ വികസനം, ബീച്ച് നവീകരണം, പുതിയപാലത്ത് നേരത്തെ പ്രഖ്യാപിച്ച വലിയപാലം, നഗരപാതാ വികസന പദ്ധതി രണ്ടാംഘട്ടം തുടങ്ങിയവയൊന്നും ബജറ്റിൽ പരാമർശിക്കപ്പെട്ടില്ല.
നഗര വികസനത്തിന് ഉതകുന്ന പദ്ധതികളൊന്നും ബജറ്റിലില്ലെന്നത് കടുത്ത പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. വ്യാപാരി സമൂഹത്തെ പാടേ നിരാശരാക്കിയ ബജറ്റ് കൂടിയാണിത്. പടിയിറങ്ങാൻ പോകുന്ന സർക്കാർ ആണെങ്കിലും പദ്ധതികൾ പ്രഖ്യാപിക്കുന്നതിൽ എന്തിനാണ് മടിയെന്ന് വ്യാപാരി സമൂഹം ചോദിക്കുന്നു. കോഴിക്കോട് ഉൾപ്പെടെ ചെറുകിട വ്യവസായ മേഖലയുടെ നട്ടെല്ലൊടിയുമ്പോൾ ആശ്വാസ പദ്ധതി പോലും ബജറ്റിലില്ല.

 

Latest News