Sorry, you need to enable JavaScript to visit this website.

വ്യാപാരികളെ  അവഗണിച്ചു -ടി.നസ്‌റുദ്ദീൻ

കോഴിക്കോട്- കോർപറേറ്റുകൾക്ക് വേണ്ടി ചെറുകിട, ഇടത്തരം കച്ചവടക്കാരെ ഇല്ലാതാക്കുന്നതാണ് സർക്കാറിന്റെ ബജറ്റെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി.നസ്‌റുദ്ദീൻ. മൂന്നു മണിക്കൂർ 18 മിനുട്ട് നീണ്ട പ്രസംഗത്തിൽ ഒരിക്കൽ പോലും വ്യാപാരികളെ പരാമർശിച്ചില്ലെന്നും നസ്‌റുദ്ദീൻ ആരോപിച്ചു. 2018 ലെയും 19 ലെയും 20 ലെയും ദുരിതങ്ങൾ മൂലം കടകളടക്കേണ്ടി വന്ന വ്യാപാരി സമൂഹത്തിന് ശുഭസൂചകമായി ഒന്നും തന്നെ ബജറ്റിലില്ല. ലോക്ഡൗൺ കാലത്തെ നികുതിയിൽ ഇളവ് നൽകുക, കച്ചവടം പുനരാരംഭിക്കാൻ സഹായം നൽകുക തുടങ്ങിയ കാര്യങ്ങൾ പ്രതീക്ഷിച്ചെങ്കിലും ഉണ്ടായില്ല. ഒരു വർഷത്തേക്ക് മാത്രം പ്രഖ്യാപിച്ച പ്രളയ സെസ് രണ്ട് വർഷം കഴിഞ്ഞിട്ടും അവസാനിപ്പിച്ചിട്ടില്ല. കോവിഡ് സമയത്ത് മാസങ്ങളോളം കടകൾ അടച്ചിടേണ്ടി വന്നിട്ടും ലൈസൻസ് ഫീസും മറ്റ് പിഴത്തുകകളും ഈടാക്കിയിട്ടുണ്ട്.
ബജറ്റിനു മുൻപ് ആവശ്യങ്ങൾ അറിയിച്ചു കൊണ്ട് അഞ്ച് നിവേദനങ്ങൾ സർക്കാറിന് നൽകിയിരുന്നെങ്കിലും അതൊന്നുപോലും പരിഗണിച്ചില്ലെന്നും നസ്‌റുദ്ദീൻ പറഞ്ഞു. മറുപടി പ്രസംഗത്തിൽ വ്യാപാരികൾക്കനുകൂലമായ തീരുമാനങ്ങൾ ഉണ്ടായില്ലെങ്കിൽ പ്രത്യക്ഷ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടു പോകുമെന്നും നസ്‌റുദ്ദീൻ പറഞ്ഞു.

 

Latest News