Sorry, you need to enable JavaScript to visit this website.

സംസ്ഥാന ബജറ്റിൽ തലശ്ശേരിക്കും അഭിമാനനേട്ടം 

തലശ്ശേരി- സംസ്ഥാന ബജറ്റിൽ തലശ്ശേരിക്കും അഭിമാനിക്കാനേറെ. മലബാറിലെ കാൻസർ രോഗികളുടെ ആശ്രയമായ കോടിയേരി മലബാർ കാൻസർ സെന്ററിന് 25 കോടിയും പ്രധാനപാതയായ തലശ്ശേരി   സൈദാർ പള്ളി  - പാറാൽ റോഡ് നവീകരണത്തിന് 5 കോടി രൂപയുമാണ് ബജറ്റിൽ നീക്കിവെച്ചത.കോടിയേരി മലബാർ കാൻസർ സെന്റർ  54 കോടി 75 ലക്ഷം  രൂപയുടെ പദ്ധതിയാണ് സർക്കാർ മുമ്പാകെ സമർപ്പിച്ചതെങ്കിലും25 കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയത്. ആവശ്യപ്പെട്ട തുക പൂർണ്ണമായും അനുവദിച്ചു കിട്ടിയില്ലെങ്കിലും പദ്ധതി പ്രവർത്തനവുമായുള്ള മുന്നോട്ട് പോക്കിന് ഇത് സഹായകരമാകുമെന്ന് കരുതേണ്ടിയിരിക്കുന്നു. അനുവദിച്ചുകിട്ടിയ 25 കോടി രൂപ കൊണ്ട് മുൻഗണനാ അടിസ്ഥാനത്തിൽ പദ്ധതി നടപ്പാക്കാനാണ് സെന്റർ അധികൃതർ തീരുമാനിച്ചിട്ടുള്ളത്.   3 ടെസ്ല എം ആർ.ഐ.സ്‌കാനർ, ആക്‌സസറികൾ, സെക്ലസ് കാൻ എന്നിവ വാങ്ങുന്നതിനുംപുതിയ ഒ.പി. ബ്ലോക്കിനുള്ള അടിസ്ഥാന സൗകര്യം ഒരുക്കുന്നതിനും മെഡിക്കൽ ലൈബ്രറിയുടെ വിപുലീകരണത്തിനും റേഡിയേഷൻ ഓങ്കോളജിയുടെ വിപുലീകരണത്തിനും സർജിക്കൽ ഓങ്കോളജി വിഭാഗം വികസിപ്പിക്കുന്നതിനും തുക വിനിയോഗിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് കാൻസർ സെന്റർ ഫിനാൻസ് ഓഫീസർ രജീഷ് ശങ്കർ, അഡ്മിനിട്രേറ്റീവ് ഓഫീസർ ടി. അനിത, പർച്ചയിസ് ഓഫീസർ ടി, ടി.വി ജിജു എന്നിവർ പറഞ്ഞു.ബജറ്റിൽ തലശ്ശേരിക്കുള്ള മറ്റൊരു നേട്ടം സൈദാർ പള്ളി - പാറാൽ റോഡ് നവീകരണത്തിന് 5 കോടി രൂപ നീക്കിവെച്ചതാണ്. തലശ്ശേരിയിൽ നിന്നും പെരിങ്ങത്തൂർ വഴി  നാദാപുരം വരെ നീളുന്ന പ്രധാനപാതയാണിത്. എന്നാൽ സൈദാർ പള്ളിക്കും മാടപീടികക്കും ഇടയിൽ റോഡിന് ആവശ്യമായ വീതിയില്ലാത്തതും ഓവുചാൽ  ഇല്ലാത്തതും പ്രശ്‌നം സൃഷ്ടിക്കുന്നുണ്ട്. റോഡിന്റെ വീതി കുറവ് കാരണം ഗതാഗത തടസം പതിവാണ്. ഓവ് ചാലിന്റെ  അഭാവം കാരണം മഴക്കാലത്ത് റോഡിൽ വെള്ളം കെട്ടിക്കിടന്ന് യാത്രാ തടസ്സവുമുണ്ടാകാറുണ്ട്. ടെമ്പിൾ ഗേറ്റ് ഭാഗത്താണ് ഇതിന്റെ രൂക്ഷത കൂടുതലായി അനുഭവപ്പെടാറുള്ളത്.ബജറ്റിൽ റോഡ് നവീകരണത്തിന് 5 കോടി രൂപ വകയിരുത്തിയതിലൂടെ ഇതിന് പരിഹാരമാകുമെന്ന് നാട്ടുകാർ അഭിപ്രായപ്പെട്ടു .

 

Latest News