Sorry, you need to enable JavaScript to visit this website.

ബജറ്റിൽ കണ്ണൂർ ജില്ലയ്ക്കായി വൻ പ്രഖ്യാപനങ്ങൾ

കണ്ണൂർ - സംസ്ഥാന ബജറ്റിൽ കണ്ണൂർ ജില്ലയ്ക്കായി വൻ പ്രഖ്യാപനങ്ങൾ. കണ്ണൂർ പാച്ചേനി ഗവ. ഹൈസ്‌കൂളിലെ ഏഴാം  ക്ലാസുകാരി ഇനാരാ അലിയുടെ  ഇരുട്ടാണ് ചുറ്റിലും  മഹാമാരി തീർത്തൊരു കൂരിരുട്ട്, കൊളുത്തണം  നമുക്ക് കരുതലിന്റെ തിരിവെട്ടമെന്ന കവിത ഉദ്ധരിച്ച ധനമന്ത്രി ടി എം തോമസ് ഐസക്ക് അഴീക്കൽ നദീമുഖ ഹാർബറിന്  ബജറ്റിൽ 3698 കോടി രൂപ അനുവദിച്ചതായി പ്രഖ്യാപിച്ചു.  അഴീക്കൽഹാർബറിന് 14.5 മീറ്റർ ആഴത്തിൽ 3698 കോടി രൂപ ചെലവിൽ ഔട്ടർ ഹാർബർ നിർമ്മിക്കുന്നതിന് മലബാർ ഇന്റർനാഷണൽ പോർട്ട് എന്ന കമ്പനി രജിസ്റ്റർ ചെയ്തു കഴിഞ്ഞു. മൂന്നു ഘട്ടമായാണ്  തുറമുഖം നിർമിക്കുക. വിശദമായ രൂപരേഖയും ധനസമാഹാരണ പ്ലാനും കമ്പനി തയ്യാറാക്കുമെന്നും ധനമന്ത്രി അറിയിച്ചു.
മലബാർ കാൻസർ സെന്ററിന് 25 കോടി രൂപയാണ്  അനുവദിച്ചത്. കണ്ണൂരിലെ ആയുർവേദാശുപത്രി ഗവേഷണ കേന്ദ്രം 202122 ൽ ഉദ്ഘാടനം ചെയ്യും. കിഫ്ബി സഹായത്തോടെയുള്ള 69 കോടി രൂപ ചെലവഴിച്ചാണ് ഗവേഷണ കേന്ദ്രം നിർമ്മിക്കുന്നത്.
കൊച്ചി മംഗലാപുരം വ്യവസായ ഇടനാഴിയുടെ ഭാഗമായി കണ്ണൂർ വിമാനത്താവളത്തിനടുത്ത് 5000 ഏക്കർ ഭൂമി ഏറ്റെടുക്കാൻ 12000 കോടി രൂപ കിഫ്ബിയിൽ അനുവദിച്ചതായും മന്ത്രി പറഞ്ഞു.  മലയോര ഹൈവേയുടെ 12 റീച്ചുകൾ അടുത്ത വർഷത്തോടെ പൂർത്തീകരിക്കുമെന്നും ധനമന്ത്രി  തോമസ് ഐസക്ക്  പറഞ്ഞു.  മാഹിക്കും വളപട്ടണത്തിനും ഇടക്കുള്ള 26 കി. മീ കനാലുകളുടെ പ്രവൃത്തിയും അടുത്ത വർഷത്തോടെ പൂർത്തീകരിക്കും. പശ്ചിമ കനാൽ ശൃംഖലയുടെ ഒന്നാം ഘട്ട ഉദ്ഘാടനം ഫെബ്രുവരിയിൽ നടക്കും. പ്രധാന കനാലിനു പുറമെ ആയിരത്തിലധികം കിലോമീറ്റർ ഫീഡർ കനാലുകളെയും ഉൾപ്പെടുത്തിയാണ് പദ്ധതി. കിഫ്ബിയുടെ 1000 കോടി രൂപക്ക് പുറമെ 107 കോടി രൂപ കൂടി കനാലുകളുടെ പ്രവൃത്തിക്കായി വകയിരുത്തും. കണ്ണൂർ യൂണിവേഴ്‌സിറ്റിയുടെ രജത ജൂബിലി വർഷത്തിലെ പ്രത്യേക സ്‌കീമുകൾക്ക് 20 കോടി രൂപ അനുവദിച്ചതായും ധനമന്ത്രി അറിയിച്ചു. കൂടാതെ കണ്ണൂരിൽ ആരംഭിക്കുന്ന ചരക്കു സേവന നികുതി കോംപ്ലക്‌സിന്റെ നിർമ്മാണവും  ഈ സാമ്പത്തിക വർഷത്തിൽ ആരംഭിക്കും.  
കൈത്തറി മേഖലയ്ക്ക് 52 കോടി രൂപയും യൂണിഫോം പദ്ധതിക്ക് 105 കോടി രൂപയുമാണ് ബജറ്റിൽ വകയിരുത്തത്. ഖാദി ഗ്രാമീണ വ്യവസായങ്ങൾക്ക് 16 കോടി രൂപ വകയിരുത്തിയതും ജില്ലയ്ക്ക് ഗുണം ചെയ്യും.  'സമ്പൂർണ സാക്ഷരത തൻ കൊമ്പത്തിരിക്കിലും തെല്ലും അറപ്പില്ലാതെറിയുന്ന മാലിന്യമെമ്പാടും രാവിൻ മറവിൽ' എന്ന് കണ്ണാടിപ്പറമ്പ് ജിഎച്ച്എസ്എസിലെ എട്ടാംതരം  വിദ്യാർഥി ഷിനാസ് അഷ്‌റഫിന്റെ കവിതയിലൂടെ ശുചിത്വ മിഷന്റെ പ്രാധാന്യവും മന്ത്രി വിശദീകരിച്ചു.

Latest News