Sorry, you need to enable JavaScript to visit this website.

അല്ലാമ ഇഖ്ബാലും തിരുവള്ളുവരും, ഖദീജാ മുംതാസുമില്ല ഇത് കുഞ്ഞു കവികളുടെ ബജറ്റ് കാലം 

അംഗങ്ങൾ ഉറക്കം തൂങ്ങുന്നത് ഒഴിവാക്കാനാണ് ബജറ്റ് പ്രസംഗങ്ങളിൽ കവിതകൾ ഉദ്ധരിക്കുന്നതെന്ന് പറയാറുണ്ട്. വിവിധ ധനകാര്യ മന്ത്രിമാർ അവരുടെ രാഷ്ട്രീയ നിലപാടുകൾക്കനുസരിച്ച് കവിതയും കഥയുമൊക്ക തരാതരം ഉദ്ധരിക്കും. കമ്യൂണിസ്റ്റ് മന്ത്രിമാർക്ക് ഇക്കാര്യത്തിൽ അബദ്ധം പറ്റില്ല. അവരുടെ ലക്ഷ്യവും പരിപാടിയുമൊക്കെ കൃത്യമായിരിക്കും. കഴിഞ്ഞ ബജറ്റുകളിലെ ഉദ്ധരണികളിലൂടെ തോമസ് ഐസക്കും അത് നിരവധി വട്ടം തെളിയിച്ചതാണ്. മലയാള സാഹിത്യ ലോകത്തെ എല്ലാ തലയെടുപ്പികളെയും പല മട്ടിൽ ഉദ്ധരിച്ച അദ്ദേഹം ഒടുവിൽ ബർസ എന്ന നോവലെഴുതിയ ഡോ.ഖദീജ മുംതാസിനെ വരെ ചേർത്തു നിർത്തിയിരുന്നു. അവരിപ്പോൾ അക്കാദമി സാരഥ്യത്തിലുണ്ട്.  നിർമ്മല സീതാരാമൻ ഒരു ബജറ്റിൽ ഉദ്ധരിച്ചത് മൻസർഹഷ്മിയെയായിരുന്നു.  ചിദംബരം കൃത്യമായും തിരുവള്ളുവരുടെ വരികൾ ചൊല്ലി തമിഴ് ആത്മാവിലേക്കിറങ്ങി. മൻ മോഹൻ സിങ് എല്ലാ കാര്യത്തിലുമെന്ന പോലെ ഇവിടെയും  ഉയർന്നു തന്നെ ചിന്തിച്ചു- അദ്ദേഹം അല്ലാമാ ഇഖ്ബാലിനെയായിരുന്നു ഉദ്ധരിച്ചത്.  ഒരിക്കൽ കേരള നിയമ സഭയിൽ ഒരു ധനകാര്യ മന്ത്രി കവിയുടെ പേരില്ലാതെ ഒരുദ്ധരണി   പറഞ്ഞതും മുസ്‌ലിം ലീഗിലെ പി.എം അബൂബക്കർ,  ആ വരികൾ 1936ൽ കൊല്ലപ്പെട്ട സ്പാനിഷ് കവി ഫെഡറിക്കോ ലാസിയ ലോർക്ക (1818-1936) യുടെതാണെന്ന് കണ്ടെത്തി സഭയെ ഞെട്ടിച്ചുകളഞ്ഞതും അഭിമാനമുണ്ടാക്കുന്ന ഓർമ്മയായിനിൽക്കുന്നു. ഇത് വായിക്കുന്നയാൾക്ക് ലോർക്ക ആരെന്നറിയാൻ ഇക്കാലത്ത് ഗൂഗിൾ നോക്കിയാൽ മതി. അതൊന്നുമില്ലാത്ത കാലത്ത് ലോർക്കയെ ഒക്കെ വായിച്ചറിയുകയെന്നാൽ അത് ആ കാലത്തിന്റെയും വ്യക്തികളുടെയും ഔന്നത്യം കാണിക്കുന്നു. നിയമസഭ ലൈബ്രറി അന്നും ഇന്നും പുസ്തകങ്ങളാൽ സമ്പന്നമാണ്.  ഡോ.തോമസ് ഐസക്ക് ഇത്തവണ മന്ത്രി ജി.സുധാകരന്റെ  കവിതയിൽ നിന്നായിരിക്കും ഉദ്ധരണികളെടുക്കുക എന്ന തമാശ അന്തരീക്ഷത്തിൽ പടർന്നു നിൽക്കുന്നുണ്ടായിരുന്നു. അത്തരം പൊല്ലാപ്പിനൊന്നും അദ്ദേഹം  പോയില്ല.  കേരളത്തിലങ്ങോളമിങ്ങോളമുള്ള കുഞ്ഞു കവികളുടെ കവിതകൾ ഉദ്ധരണികളായെടുത്തു.  ഇതു വഴി അദ്ദേഹം എന്ത് ലക്ഷ്യം വെച്ചോ അതിപ്പോൾ സമൂഹത്തിൽ സംഭവിക്കുകയാണ്. നാടാകെ ഇത്തരം ഇളംനാമ്പുകളെ ആഘോഷിക്കുകയാണിപ്പോൾ. ജനങ്ങളിലേക്ക് ഇറങ്ങി എത്താനുള്ള നവ മാർഗം ഐസക്കിനെപ്പോലൊരാളെ ആരും പഠിപ്പിച്ചു കൊടുക്കേണ്ടതില്ല.
കൊറോണയെ തുരത്താം
എന്നും ഇരുട്ട് മാത്രമാവണമെന്നില്ല,
നേരം പുലരുകയും സൂര്യൻ സർവതേജസോടെ ഉദിക്കുകയും
കനിവാർന്ന പൂക്കൾ വിരിയുകയും വെളിച്ചം ഭൂമിയെ സ്വർഗമാക്കുകയും ചെയ്യും.
നമ്മൾ കൊറോണക്കെതിരെ പോരാടി വിജയിക്കുകയും അതേ
ആനന്ദം നിറഞ്ഞ പുലരിയെ തിരികെ എത്തിക്കുകയും പഴയ ലോകം പോലെ പുഞ്ചരിക്കുകയും ചെയ്യും.
നമുക്ക് ഒത്തു ചേരാം കൊറോണയെ തുരത്താം

പാലക്കാട് കുഴൽമന്ദം സ്വദേശി സ്‌നേഹയുടെ കവിത ഉദ്ധരിച്ചാണ് ധനമന്ത്രി ടി.എം തോമസ് ഐസക് ബജറ്റ് അവതരണം തുടങ്ങിയത്.  കുഴൽമന്ദം ജി.എച്ച്.എസ്.എസിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ് സ്‌നേഹ. ബജറ്റ് അവതരണത്തിൽ തന്റെ കവിത ഉൾപ്പെടുത്തിയതിൽ സന്തോഷം അറിയിച്ചുകൊണ്ട് സ്‌േനഹ യെപ്പോലുള്ളവർ മാധ്യമങ്ങളോട് പ്രതികരിക്കുകയാണ്. വിവിധ പ്രദേശങ്ങളിൽ  ഇതുണ്ടാക്കുന്ന  പ്രത്യേക തരം സജീവത ഐസക്കിന്റെ ലക്ഷ്യ പൂർത്തീകരണത്തിന്റെ ഉദാഹരണമായി തീരുന്നു. ധനകാര്യമന്ത്രിയുടെ സെക്രട്ടറിയാണ് കവിത ഉൾപ്പെടുത്തിയ കാര്യം വിളിച്ച് അറിയിച്ചതെന്ന് സ്‌നേഹ ആഹ്ലാദം കൊളളുന്നുണ്ട്.  മന്ത്രിയുടെ ഓഫീസിൽ നിന്ന് വിളിച്ച്  അഭിനന്ദനങ്ങൾ അറിയിക്കുകയും ഫോട്ടോ അയച്ചു നൽകാൻ ആവശ്യപ്പെടുകയും ചെയ്തുവെന്ന് സ്‌നേഹ പറയുന്നുണ്ട്. കൊറോണയുമായി ബന്ധപ്പെട്ടുള്ള അക്ഷരവർഷം പദ്ധതിക്കായാണ് കവിത എഴുതിയത്. ഏതെങ്കിലും മാഗസിനിൽ പ്രസിദ്ധീകരിക്കുമെന്നാണ് കരുതിയത്. ബജറ്റ് അവതരണത്തിനിടെ മന്ത്രി കവിത ചൊല്ലുമെന്ന് ഒരിക്കലും കരുതിയില്ലെന്നാണ് ആ കുട്ടി നിഷ്‌ക്കളങ്കമായി പറയുന്നത്.
കോവിഡിനു മുന്നിൽ പകച്ചു നിൽക്കാൻ നാം തയ്യാറല്ല. നമ്മുടെ കുട്ടികളടക്കം അതിജീവനത്തിന്റെ പുതുവഴികളെക്കുറിച്ചാണ് സ്വപ്‌നം കാണുന്നത്. തിരുവനന്തപുരം മടവൂർ എൻ.എസ്.എസ് എച്ച്എസ്എസിലെ ആർ.എസ്. കാർത്തികയുടെ പ്രത്യാശ നിറഞ്ഞ വരികളും മന്ത്രി ഇങ്ങനെ ഉദ്ധരിക്കുന്നു.
യുദ്ധം ജയിച്ചിടും
യുവസൂര്യനുദിച്ചിടും
മുന്നോട്ടു നടന്നിടും നാമിനിയും
വിജയഗാഥകൾ ചരിത്രമായി വാഴ്ത്തിടും...

പാടിപതിഞ്ഞ വലിയ കവികളുടെ ഉദ്ധരണിയായിരുന്നുവെങ്കിൽ ബജറ്റാകെ സാഹിത്യമയം എന്നൊരു വിശേഷണം കിട്ടിയാലായി. ഈ കുഞ്ഞു കവിതകൾ സൃഷ്ടിക്കുന്ന ഓളം അതിലുമെത്രയോ വലുതായിരിക്കുമെന്നാണ് മന്ത്രിയും സർക്കാരും വിശ്വസിക്കുന്നത്. ജനങ്ങളിലേക്കിറങ്ങാനുള്ള പുതു കവിത വഴി. കിറ്റ് മാത്രമല്ല കവിതയും ഹിറ്റ്.
മൂന്ന് മണിക്കൂറിലധികമാണ് മന്ത്രി സംസാരിച്ചത്- ബജറ്റ് പ്രസംഗ ദൈർഘ്യത്തിലെ ചരിത്രം.
ഉമ്മൻ ചാണ്ടി സർക്കാരിന്റെ അവസാനത്തേതും, കെ.എം മാണിയുടെ ജീവിതത്തിലെ തന്നെ അവസാനത്തേതുമായ ബജറ്റവതരണ സമയത്തെ രംഗങ്ങൾ ലോകത്തിന് മുന്നിലുണ്ട്. ഏറ്റവും ചുരുങ്ങിയ സമയം കൊണ്ട് ബജറ്റവതരിപ്പിച്ച് രക്ഷപ്പെട്ട നിർഭാഗ്യവാൻ അദ്ദേഹമായിരുന്നു. 
ഇടതു തുടർഭരണമുണ്ടാകുമെന്ന് ഡോ.തോമസ് ഐസക്ക് ഭരണ ബെഞ്ചിന്റെ ആവേശാരവത്തിനിടക്ക്  കട്ടായം പറഞ്ഞിട്ടുണ്ട്. നോക്കൂ, ഒരു പിള്ള മനസിനെക്കൊണ്ട് തന്നെ ഇപ്പറഞ്ഞ രാഷ്ട്രീയവും കവിതയിൽ ചൊല്ലിച്ചിട്ടുണ്ട്.
 'കൂടപ്പിറപ്പുകൾക്കു കരുത്തു നൽകാൻ
ഒപ്പമല്ല മുന്നിൽത്തന്നെയല്ലേ

നല്ല ലക്ഷ്യബോധമുള്ളൊരു
സർക്കാരുമുണ്ടുകൂടെ'
എന്നാണ് അയ്യൻ കോയിക്കൽ ഗവ. എച്ച്.എസ്.എസിലെ ഒമ്പതാംക്ലാസ് വിദ്യാർത്ഥിനി കനിഹയിലൂടെ മന്ത്രി പ്രതിപക്ഷത്തെ വെല്ലുവിളിച്ചത്. കേരളത്തിലെ  പ്രതിപക്ഷത്തിനിത് കിട്ടണം.
  

Latest News