Sorry, you need to enable JavaScript to visit this website.

കായിക മേളകൾക്ക് ഇനിയും അനുമതിയായില്ല 

കോഴിക്കോട്- കോവിഡിന്റെ നിയന്ത്രണങ്ങൾ ഏറെക്കുറെ നീങ്ങിയിട്ടും മേളകൾക്ക് അനുമതി ലഭിക്കാതെ കായിക രംഗം. സ്‌കൂൾ കായിക മേളകൾക്കാണ് അനുമതി ലഭിക്കാത്തത്. 
അതേ സമയം ജില്ലാ ദുരന്ത നിവാരണ സമിതികളുടെ അനുമതിയുടെ അടിസ്ഥാനത്തിൽ വിവിധ സ്‌പോർട്‌സ് അസോസിയേഷനുകൾ മത്സരങ്ങൾക്ക് ഒരുങ്ങുകയാണ്. അത്‌ലറ്റിക് അസോസിയേഷനാണ് സെലക്ഷന് തുടക്കം കുറിച്ചത്. ജനുവരി 25 മുതൽ 27 വരെ ഭോപാലിലും ഫെബ്രുവരി ആറു മുതൽ പത്തു വരെ ഗുവാഹതിയിലുമായി ദേശീയ ജൂനിയർ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പുകൾ നടക്കുകയാണ്. ഇതിന്റെ സെലക്ഷൻ ട്രയൽസാണ് ഇപ്പോൾ നടക്കുന്നത്. സംസ്ഥാന ട്രയൽസ് 17 ന് തേഞ്ഞിപ്പലം കാലിക്കറ്റ് സർവകലാശാല സ്റ്റേഡിയത്തിലാണ്. 
സ്‌പോർട്‌സ് കൗൺസിലിന്റെ കീഴിലെ സ്വിമ്മിംഗ് പൂളുകളും ജിമ്മുകളുമെല്ലാം തുറന്നു പ്രവർത്തിക്കുന്നുണ്ട്. സ്‌പോർട്‌സ് ഹോസ്റ്റലുകളും തുറക്കുകയാണ്. 


വിവിധ കോഴ്‌സുകളുടെ പ്രവേശനത്തിനും ജോലിക്കും സ്‌പോർട്‌സ് ക്വാട്ടകളുണ്ട്. ഇതിലേക്ക് യോഗ്യതാ സാക്ഷ്യപത്രം നൽകണമെങ്കിൽ മത്സരങ്ങൾ നടക്കേണ്ടതുണ്ട്. സ്‌കൂൾ, സർവകലാശാലാ ചാമ്പ്യൻഷിപ്പുകളേക്കാൾ വിലയുള്ളതാണ് അസോസിയേഷൻ ചാമ്പ്യൻഷിപ്പുകൾ. ഇതിൽ പ്രായത്തിന്റെ അടിസ്ഥാനത്തിലാണ് കായിക താരങ്ങളെ പങ്കെടുപ്പിക്കുന്നത്. 
സ്‌കൂൾ തലത്തിൽ വിദ്യാർഥികൾക്ക് ഗ്രേസ് മാർക്കും കായിക മത്സരങ്ങളുടെ ബലത്തിൽ ലഭിക്കുന്നുണ്ട്. കലോത്സവങ്ങൾ ഈ വർഷം നടക്കില്ല. കായിക മേളകൾ ഉപജില്ല, ജില്ലാ തലങ്ങളിൽ നടക്കേണ്ട സമയമാണിത്.

 

Latest News