Sorry, you need to enable JavaScript to visit this website.

വോട്ടിന് വേണ്ടി വർഗീയ വിദ്വേഷം വളർത്തുന്നവർ തീക്കൊള്ളികൊണ്ട് തലചൊറിയുന്നു- സഭാസമിതി

കൊച്ചി - വോട്ടിനു വേണ്ടി വർഗീയ വിദ്വേഷം വളർത്തി മതസൗഹാർദ്ദം തകർക്കരുതെന്ന് സഭാ സുതാര്യ സമിതി.അടുത്ത കാലത്തായി കേരളത്തിൽ ക്രിസ്ത്യൻ- മുസ്‌ലിം വിരോധം വളർത്തി ന്യൂനപക്ഷ വോട്ടുകൾ പിടിക്കാനുള്ള ശ്രമം നടത്തുന്ന രാഷ്ട്രീയ പാർട്ടികൾ തീക്കൊള്ളി കൊണ്ട് തലചൊറിയുകയാണ്. ഇന്റർ ചർച്ച് ലെയ്റ്റി കൗൺസിൽ, കാസാ, ക്രോസ് തുടങ്ങിയ പേരുകളിൽ തുടങ്ങിയിരിക്കുന്ന സംഘടനകൾ ചില പ്രത്യേക രാഷ്ട്രീയ അജണ്ടകൾ നിറവേറ്റാൻ രാഷ്ട്രീയ  പാർട്ടികൾ തന്നെ മുൻകൈ എടുത്തു രൂപം കൊടുത്തിരിക്കുന്നതായി സംശയിക്കണമെന്നും സഭാസുതാര്യ സമിതി പ്രസിഡന്റ് മാത്യു കരോണ്ടുകടവിൽ, ജനറൽ സെക്രട്ടറി റിജു കാഞ്ഞൂക്കാരൻ,വക്താവ് ഷൈജു ആന്റണി എന്നിവർ പറഞ്ഞു. ഇത്തരം സംഘടനകളെല്ലാം സംഘപരിവാര മുദ്രാവാക്യങ്ങളെ ഏറ്റെടുക്കുന്നതും ബിജെപി രാഷ്ട്രീയത്തോട് ആഭിമുഖ്യം പുലർത്തുന്നതും സംശയകരമാണ്. കഴിഞ്ഞ ദിവസം ബിജെപിയുടെ ഒരു പ്രമുഖ നേതാവായ നോബിൾമാത്യു കെസിബിസി യുടെ മുദ്ര പോലും ഉപയോഗിച്ച് വർഗ്ഗീയവിഷം പരത്താൻ ശ്രമിച്ചതിനെതിരെ കെസിബിസി രംഗത്തു വന്നിരുന്നു. കെസിബിസിയുടെ ഈ നടപടിയെ സഭാ സുതാര്യ സമിതി സ്വഗതം ചെയ്യുന്നതായും ഭാരവാഹികൾ പറഞ്ഞു.മുസ്ലിം സമുദായത്തിനെതിരെ ആരോപണങ്ങളുയർത്തുന്ന ഇന്റർ ചർച്ച് ലൈറ്റി കൗൺസിൽ, കാസ, ക്രോസ്സ് തുടങ്ങിയ കടലാസ് സംഘടനകൾ നീതിന്യായ വ്യവസ്ഥയെപ്പോലും സമീപിക്കാതെ സോഷ്യൽ മീഡിയയിലൂടെ വിദ്വേഷം പ്രചരിപ്പിക്കുന്നത് നിഗൂഢ ലക്ഷ്യങ്ങളോടെയാണെന്ന് സംശയിക്കുന്നതായും സഭാസുതാര്യസമിതി കുറ്റപ്പെടുത്തി. ഇത്തരം സംഘടനകൾ ഭാരതത്തിലെ മുഴുവൻ ക്രൈസ്തവരുടെയും നേതാക്കൾ ചമയുന്നത് അംഗീകരിക്കാനാവില്ല. അതിനാൽ ഇത്തരം സംഘടനകളെയും നിലപാടുകളെയും കെസിബിസി തള്ളിപ്പറയണമെന്നും സഭാസുതാര്യ സമിതി വ്യക്തമാക്കി.കേരളത്തിലെ മതനിരപേക്ഷ അന്തരീക്ഷത്തിൽ വിള്ളലുണ്ടാക്കുന്ന നടപടികളൊന്നും കത്തോലിക്ക സഭകളുടെ ഭാഗത്തുനിന്നുണ്ടാകരുതെന്നും സഭാസുതാര്യ സമിതി  കെസിബിസി യോട് അഭ്യർത്ഥിച്ചു.
 

Latest News