Sorry, you need to enable JavaScript to visit this website.

അൽ ഐനിൽ അതിശൈത്യം; പലയിടത്തും അന്തരീക്ഷോഷ്മാവ് മൈനസ് ഡിഗ്രിയിൽ

അൽഐൻ- യു.എ.ഇയുടെ വിവിധ പ്രദേശങ്ങളിൽ അതിശൈത്യം റിപ്പോർട്ട് ചെയ്തതോടെ ഇവിടങ്ങളിൽനിന്നുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിലും മറ്റും വ്യാപകമായിരിക്കുകയാണ്. അൽഐൻ രാക്‌ന പ്രദേശമാണ് രാജ്യത്തെ ഏറ്റവും തണുത്തുറഞ്ഞ പ്രദേശം. ഇവിടെ പലപ്പോഴും മൈനസ് ഡിഗ്രിയിലാണ് അന്തരീക്ഷോഷ്മാവ്. യു.എ.ഇ സ്റ്റോം സെന്റർ കോ ഫൗണ്ടർ ഫഹദ് മുഹമ്മദ് ഇൻസ്റ്റഗ്രാമിൽ പുറത്തുവിട്ട ഫോട്ടോകൾ അതിശൈത്യത്തിന്റെ യാഥാർത്ഥ്യം ബോധ്യപ്പെടുത്തുന്നതാണ്. കാറിനു മുകളിലും ചെടികളിലും പൂക്കളിലും ഐസ് കട്ടകൾ ഉറഞ്ഞുകൂടിയ ചിത്രങ്ങളാണ് അദ്ദേഹം പങ്കുവെച്ചത്. രാക്‌നയിലെ ചെടികളിൽ പൂക്കളെ പോലെ മഞ്ഞ് പൊതിഞ്ഞ ചിത്രങ്ങളാണ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. 

തണുപ്പ് മൈനസ് ഡിഗ്രിയിലേക്ക് കടന്നതോടെ വെള്ളം തണുത്തുറഞ്ഞ അവസ്ഥയിലാണ്. അൽ ഐനിലെ അൽജിയാ പ്രദേശത്ത് വെള്ളം ഐസായി മാറുന്ന ദൃശ്യം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. തണുപ്പിലൂടെയുള്ള യാത്ര മികച്ച അനുഭവമാണെന്നും അവിശ്വസനീയമായ ചിത്രങ്ങൾ കണ്ടെത്താനാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കന്തൂറയും രണ്ട് ടീഷർട്ടുമൊക്കെ ധരിച്ചിട്ടും തണുപ്പിനെ പിടിച്ചുനിർത്താനാകാതെ വിറയ്ക്കുന്ന സ്റ്റോം സെന്ററിലെ മറ്റൊരു അംഗം അൽഐനിലെ അലി അൽനെയാദിയും തന്റെ അനുഭവം പങ്കുവെച്ചു. അൽ ഐനിലെ കൊടുംതണുപ്പിന്റെ ചിത്രങ്ങൾ വ്യാപകമായി വന്നുകൊണ്ടിരിക്കുകയാണ്. തണുപ്പ് ആസ്വദിക്കാൻ പലരും ഇവിടേക്ക് വരുന്നുണ്ട്. വരുംദിവസങ്ങളിലും തണുപ്പ് തുടരുമെന്നാണ് കാലാവസ്ഥാ കേന്ദ്രങ്ങളുടെ വിലയിരുത്തൽ.  

Tags

Latest News