Sorry, you need to enable JavaScript to visit this website.

തമിഴ് യുവതി ബംഗ്ലദേശി യുവാവിനെ വിവാഹം ചെയ്ത സംഭവം; 'ലവ് ജിഹാദ്' അല്ലെന്ന് എന്‍ഐഎ

ചെന്നൈ- ലണ്ടനില്‍ ഒന്നിച്ചു പഠിക്കുന്നതിനിടെ പ്രണയത്തിലായ ചെന്നൈ സ്വദേശിനിയായ യുവതിയും ബംഗ്ലദേശി യുവാവും പിന്നീട് വിവാഹിതരായതിനു പിന്നില്‍ 'ലവ് ജിഹാദ്' അല്ലെന്ന് എന്‍.ഐ.എ. ചെന്നൈയിലെ ഒരു വ്യവസായിയുടെ മകളായ യുവതിയെ ഈയിടെ വാട്‌സാപ് വഴി എന്‍.ഐ.എ ചോദ്യം ചെയ്തിരുന്നു. ഇവര്‍ ഇസ്‌ലാം മതം സ്വീകരിച്ച ശേഷമാണ് ബംഗ്ലദേശി രാഷ്ട്രീയ നേതാവിന്റെ മകനായ കാമുകനെ വിവാഹം ചെയ്തത്. ഇസ്‌ലാം സ്വീകരിച്ചതും സ്വന്തം ഇഷ്ടപ്രകാരമാണെന്നും ഭര്‍ത്താവിനൊപ്പം സന്തോഷത്തോടെയാണ് കഴിയുന്നതെന്നും യുവതി അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. ബംഗ്ലദേശ് നാഷണല്‍ പാര്‍ട്ടി നേതാവും മുന്‍ പാര്‍ലമെന്റ് അംഗവുമാണ് യുവാവിന്റെ പിതാവ്.

യുവതിയുടെ അച്ഛന്റെ പരാതിയെ തുടര്‍ന്നാണ് അന്വേഷണം നടത്തിയത്. മകളെ നിര്‍ബന്ധിച്ച് മതംമാറ്റിയെന്നും ബംഗ്ലദേശിലേക്ക് തട്ടിക്കൊണ്ടു പോയെന്നും കാണിച്ച് 2020 മേയിലാണ് ചെന്നൈ പോലീസില്‍ പരാതി നല്‍കിയത്. രാജ്യാന്തര ബന്ധമുള്ള കേസ് ആയതിനാല്‍ തമിഴ്‌നാട് പോലീസ് അന്വേഷണം എന്‍.ഐ.എയ്ക്കു വിടുകയായിരുന്നു. മതാപിതാക്കളുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് എന്‍ഐഐ വാട്‌സാപ്പ് വഴി യുവതിയെ ചോദ്യം ചെയ്തത്. ലവ് ജിഹാദ് ആരോപണത്തിന് തെളിവുകളൊന്നും എന്‍ഐഎക്കു ലഭിച്ചില്ല. കേസ് വൈകാതെ അവസാനിപ്പിച്ചേക്കും.
 

Latest News