Sorry, you need to enable JavaScript to visit this website.

ബി.ജെ.പിയുടെ നയനിലപാടുകൾ കോൺഗ്രസ്  ഏറ്റുപാടുന്നു -ഇ.പി. ജയരാജൻ

കൽപറ്റയിൽ എൽ.ഡി.എഫ് തെരഞ്ഞെടുപ്പു പൊതുയോഗത്തിൽ മന്ത്രിയും സി.പി.എം കേന്ദ്രസമിതിയംഗവുമായ ഇ.പി. ജയരാജൻ പ്രസംഗിക്കുന്നു.

ബത്തേരി- ബി.ജെ.പിയുടെ നയങ്ങളും നിലപാടുകളും കോൺഗ്രസ് ഏറ്റുപാടുകയാണെന്ന് മന്ത്രിയും സി.പി.എം കേന്ദ്രസമിതിയംഗവുമായ ഇ.പി. ജയരാജൻ. ടൗണിൽ എൽ.ഡി.എഫ് തെരഞ്ഞെടുപ്പു പൊതുയോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 
കോൺഗ്രസിൽ പ്രതീക്ഷവെച്ചിട്ട് കാര്യമില്ല. കോൺഗ്രസ് ദേശീയ നേതൃത്വം ദുർബലമായി. നയപരമായ തീരുമാനങ്ങളെടുക്കാൻ പാർട്ടി നേതാക്കൾക്കു ത്രാണിയില്ല. സംസ്ഥാനത്തു കോൺഗ്രസിന്റെ തകർച്ച ഈ തെരഞ്ഞെടുപ്പോടെ പൂർണമാകും. കേരളം വളരുന്നത് യു.ഡി.എഫിന് സഹിക്കുന്നില്ല. അതിന്റെ അസഹിഷ്ണുതയാണ് പ്രകടിപ്പിക്കുന്നത്. ദുരിതകാലത്ത് ജനങ്ങളെ സഹായിക്കാൻ ജീവനക്കാരോട് സർക്കാർ ആവശ്യപ്പെട്ടപ്പോൾ അതിനെതിരെ കോടതിയിൽ പോയവരാണ് കോൺഗ്രസുകാർ. ഇവരുടെ ചെയ്തികളെല്ലാം വോട്ടർമാർ വിലയിരുത്തിയിട്ടുണ്ട്.
ദുർബലമായ കോൺഗ്രസും യു.ഡി.എഫും വർഗീയശക്തിയായ ജമാഅത്തെ ഇസ്ലാമിയിൽ അഭയം തേടിയിരിക്കുകയാണ്. ആർ.എസ്.എസിനെയും ജമാഅത്തെ ഇസ്ലാമിയെയും കോൺഗ്രസ് ഒരേപോലെ പുൽകുകയാണ്. ആർ.എസ്.എസിനെ പ്രോത്സാഹിപ്പിക്കുന്നതിനു ആവുന്നതെല്ലാം കോൺഗ്രസ് ചെയ്യുന്നുണ്ട്. 


എൽ.ജെ.ഡിയും കേരള കോൺഗ്രസ് എമ്മും വിട്ടതോടെ യു.ഡി.എഫ്  ദുർബലമായി. വെൽഫെയർ പാർട്ടിയുമായി ചേർന്ന് ഈ നഷ്ടം നികത്താനാകുമോയെന്നാണ് കോൺഗ്രസിന്റെ പരിശോധിക്കുന്നത്. ഇതിന് വലിയ വിലകൊടുക്കേണ്ടിവരും. 
തെരഞ്ഞെടുപ്പിൽ ഗാന്ധിയൻമാരും മതേതരവാദികളുമെല്ലാം ഇടതുപക്ഷത്തെ പിന്തുണയ്ക്കണം. ഇടതുമുന്നണിയെ ശക്തിപ്പെടുത്തിയേ ബി.ജെ.പിയെ പ്രതിരോധിക്കാനാകൂ. ബി.ജെ.പിയുടെ വർഗീയ അജൻഡകളും ശിഥലീകരണ പ്രക്രിയകളും എതിർക്കുന്നത് ഇടതുപക്ഷമാണ്. 


ബി.ജെ.പി അധികാരം ഉപയോഗിച്ച് ജനാധിപത്യം തകർക്കുകയാണ്. കേന്ദ്ര ഏജൻസികളെ ബി.ജെ.പി ഇതര സംസ്ഥാന സർക്കാരുകളെ തകർക്കാനും പ്രയോജനപ്പെടുത്തുകയാണ്. ദുരന്തകാലഘട്ടത്തിലുൾപ്പെടെ ബി.ജെ.പി സർക്കാർ സംസ്ഥാനത്തെ ദ്രോഹിച്ചു. കേരളത്തിന് അർഹതപ്പെട്ട ഭക്ഷ്യധാന്യങ്ങൾവരെ തടഞ്ഞു. 
സംസ്ഥാനത്ത് എൽ.ഡി.എഫ് ഭരണത്തിന്റെ നേട്ടം അനുഭവിക്കാത്ത ഒരു കുടുംബവുമില്ല. ക്ഷേമത്തിന്റെയും വികസനത്തിന്റെയും നാടായി കേരളത്തെ സർക്കാർ മാറ്റി. യു.ഡി.എഫ് കണ്ണുണ്ടെങ്കിൽ ഈ മുന്നേറ്റങ്ങൾ കാണണം. അല്ലെങ്കിൽ ജീവിതം മുഴുവൻ അന്ധരായി കഴിയേണ്ടിവരും. നിപ്പാ, ഓഖി, പ്രളയം, കോവിഡ് കാല ഇടപെടലുകൾ ലോകം കണ്ടതാണ്. കർഷക സമരത്തിൽ കേന്ദ്രസർക്കാർ വിറങ്ങലിക്കുകയാണ്. കൃഷിക്കാർ ഇളകി വരികയാണെന്നും ജയരാജൻ പറഞ്ഞു.
 

Latest News