Sorry, you need to enable JavaScript to visit this website.

മുഖ്യമന്ത്രിയുടെ മുഖം കണ്ടാൽ ജനങ്ങൾ വോട്ട് ചെയ്യില്ലെന്ന് ഇടതുപക്ഷത്തിന് ഭയം -ചെന്നിത്തല

തിരുവനന്തപുരം- മുഖ്യമന്ത്രി പിണറായി വിജയന്റെ മുഖം കണ്ടാൽ ജനങ്ങൾ വോട്ട് ചെയ്യില്ലെന്ന ഭയന്നാണ് തദ്ദേശ തെരഞ്ഞെടുപ്പ് രംഗത്ത് നിന്ന് പിണറായി വിജയനെ മാറ്റി നിർത്തിയിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. 
യു.ഡി.എഫ് സംഘടിപ്പിച്ച ഇലക്ഷൻ വെർച്വൽ റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയെ മുന്നിൽ നിർത്തി വോട്ടു ചോദിക്കാൻ കഴിയാത്ത അവസ്ഥയിലാണ് ഇടതുമുന്നണിയെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിയും സർക്കാരും അത്രത്തോളം ജനവിരുദ്ധമായെന്ന് സി.പി.എമ്മും ഇടതു മുന്നണിയും തിരിച്ചറിഞ്ഞിരിക്കുകയാണ്. സ്വർണക്കടത്തും അഴിമതിയും തട്ടിപ്പും മാത്രമാണ് ഈ സർക്കാരിന്റെ മുഖമുദ്ര. 
മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ കള്ളക്കടത്തുകാരുടെയും തട്ടിപ്പുകാരുടെയും താവളമായി. ഈ സർക്കാർ എന്നാണ് പോകുന്നത് എന്നറിയാൻ കേരളത്തിലെ ജനത കലണ്ടർ നോക്കിയിരിക്കുകയാണ്. സി.പി.എമ്മിലെ ഒരു ഉന്നതൻ കൂടി സ്വർണക്കടത്തു കേസിൽ പെടാൻ പോവുകയാണ്. ഏതാനും ദിവസങ്ങൾക്കുള്ളിൽ സ്വപ്‌ന സുരേഷുമായി അടുത്ത ബന്ധമുള്ള ആ നേതാവിന്റെ പേരും പുറത്തുവരും.
ലക്ഷക്കണക്കിന് ചെറുപ്പക്കാർ ജോലിയില്ലാതെ കഷ്ടപ്പെടുമ്പോൾ, പി.എസ്.സി റാങ്ക് ലിസ്റ്റുകളിൽനിന്ന് ആരെയും നിയമിക്കാതെ അവയുടെ കാലാവധി അവസാനിക്കുമ്പോൾ, പത്താം ക്ലാസ് പാസാകാത്ത സ്വപ്‌ന സുരേഷിനെ പോലുള്ളവർക്ക് മൂന്നു ലക്ഷം രൂപ ശമ്പളത്തിൽ മുഖ്യമന്ത്രിയുടെ വകുപ്പിൽ ജോലി നൽകുകയാണ്. ഈ സർക്കാരിന് കീഴിൽ മൂന്നു ലക്ഷത്തിലധികം ആളുകളാണ് പിൻവാതിലിലൂടെ നിയമനം നേടിയത്. ഇത് എൽ.ഡി.എഫ് സർക്കാരിന്റെ ഏറ്റവും വലിയ കൊള്ളകളിൽ ഒന്നാണ്. 
റാങ്ക് ലിസ്റ്റിലുള്ള പാവപ്പെട്ട ചെറുപ്പക്കാർക്ക് ജോലി കിട്ടാതിരിക്കുമ്പോഴാണ് പാർട്ടിക്കാർക്കും, നേതാക്കളുടെ മക്കൾക്കും ബന്ധുക്കൾക്കും ജോലി കൊടുത്തത്. വികസനത്തിന്റെ പേരിൽ അഴിമതിയാണ് ഇവിടെയുണ്ടായത്. കിഫ്ബി, ട്രാൻസ്ഗ്രിഡ്, ലൈഫ് മിഷൻ, കെ-റെയിൽ, കെ ഫോൺ, കൊച്ചി ക്യാൻസർ സെന്റർ നിർമാണം തുടങ്ങി എണ്ണിയാലൊടുങ്ങാത്ത കൊള്ളയും അഴിമതിയുമാണ് ഇവിടെ നടന്നത്. ഭക്ഷണ കിറ്റ് കൊടുക്കുന്ന സഞ്ചിയിൽ പോലും കമ്മിഷൻ വാങ്ങിയവരാണ് നാട് ഭരിക്കുന്നത്. ഇതിനൊക്കെ എതിരെയുള്ള ജനകീയ മുന്നേറ്റമാണ് ഇപ്പോൾ കേരളത്തിൽ നടക്കുന്നത്. ജനങ്ങളെ വെല്ലുവിളിക്കുന്ന ഈ ഗവൺമെന്റിനെ തൂത്തെറിയണമെന്ന വികാരമാണ് കേരളത്തിൽ അലയടിക്കുന്നതെന്നും തദ്ദേശ തെരഞ്ഞെടുപ്പിൽ അത് പ്രതിഫലിക്കുമെന്നും ചെന്നിത്തല പറഞ്ഞു.    
കഴിഞ്ഞ യു.ഡി.എഫ് ഗവൺമെന്റ് തുടക്കം കറിച്ച ചില പദ്ധതികൾ ഉദ്ഘാടനം ചെയ്തതല്ലാതെ പുതുതായി ഒരു വികസനവും കൊണ്ടു വരാൻ കഴിയാത്ത ഗവൺമെന്റാണ് ഇടതുമുന്നണിയുടേതെന്ന് മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു.
കണ്ണൂർ വിമാനത്താവളവും വിഴിഞ്ഞം പദ്ധതിയും കൊച്ചി മെട്രോയും ഇതിന് ഉദാഹരണമാണ്. യു.ഡി.എഫ് കാലത്ത് കണ്ണൂർ വിമാനത്താവളത്തിൽ ആദ്യ വിമാനമിറങ്ങിയപ്പോൾ സമരം ചെയ്ത ആളാണ് ഇപ്പോഴത്തെ മന്ത്രി ഇ.പി. ജയരാജൻ. റൺവേയ്ക്ക് നീളം പോരെന്നതാണ് സമര കാരണമായി പറഞ്ഞത്. എന്നാൽ കഴിഞ്ഞ നാലര വർഷം കൊണ്ട് റൺവേയുടെ നീളം ഒരു മീറ്ററെങ്കിലും കൂട്ടാൻ ഇവർക്ക് കഴിഞ്ഞിട്ടില്ല. അഴിമതിക്കും അക്രമത്തിനും കൊലപാതക രാഷ്ട്രീയത്തിനും എതിരെയാണ് ഇത്തവണ ജനങ്ങൾ വോട്ടു ചെയ്യുകയെന്ന് ഉമ്മൻചാണ്ടി പറഞ്ഞു.          
ഇടതുന്നണിയുടെ വൻപദ്ധതികളല്ലാം വൻ അഴിമതികളാണ് കൊണ്ടു വന്നതെന്ന് വെർച്വൽ റാലിയിൽ പങ്കെടുത്ത മുസ്‌ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി എം.പി ആരോപിച്ചു. നിരവധി അഴിമതിക്കഥകളാണ് ഓരോ ദിവസവും പുറത്ത് വരുന്നത്. അന്വേഷിച്ച് തള്ളിക്കളഞ്ഞ പഴയ കേസുകളെല്ലാം, കുത്തിപ്പൊക്കിക്കൊണ്ടു വരുന്നതു പോലെയല്ല, ഈ ഗവൺമെന്റിനെതിരെ വരുന്ന കേസുകൾ. 
ഇവയൊക്കെ ആരും കത്തിപ്പൊക്കിയതും അല്ല, വളരെ സ്വാഭാവികമായി വരുന്നതാണ്. വികസനത്തിന്റെ നാളുകൾ വരാനിരിക്കുന്നതേയുള്ളൂവെന്നും അതിന്റെ തുടക്കം എന്ന നിലയിൽ മാറ്റം പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. യു.ഡി.എഫ് അധികാരത്തിൽ വന്നാൽ തദ്ദേശ സ്ഥാപനങ്ങൾക്ക് നഷ്ടമായ അധികാരം തിരികെ നൽകുമെന്ന് വെർച്വൽ റാലിയിൽ അധ്യക്ഷത വഹിച്ച യു.ഡി.എഫ് കൺവീനർ എം.എം. ഹസ്സൻ പറഞ്ഞു. എൽ.ഡി.എഫ് വർഗീയ ധ്രുവീകരണത്തിന് ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. അഴിമതിക്കെതിരായ വോട്ടാണ് ഇത്തവണത്തേതെന്ന് ഹസ്സൻ പറഞ്ഞു. യു.ഡി.എഫ് ഘടക കക്ഷി നേതാക്കളായ മോൻസ് ജോസഫ്, എൻ.കെ. പ്രേമചന്ദ്രൻ, അനൂപ് ജേക്കബ്, സി.പി. ജോൺ, ജി. ദേവരാജൻ, ജോൺ ജോൺ തുടങ്ങിയവരും വെർച്വൽ റാലിയിൽ സംസാരിച്ചു. 

Latest News