Sorry, you need to enable JavaScript to visit this website.

മലപ്പുറത്തു 1,023 പേർക്ക് കോവിഡ് മുക്തി

  • രോഗബാധിതരായത് 920 പേർ

മലപ്പുറം- ജില്ലയിൽ 1,023 പേർ കോവിഡ് രോഗ വിമുക്തരായതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ. സക്കീന അറിയിച്ചു. ഇതോടെ ജില്ലയിൽ കോവിഡ് മുക്തരായവരുടെ എണ്ണം 68,496 ആയി. അതേസമയം മൂന്നു ആരോഗ്യ പ്രവർത്തകരുൾപ്പെടെ 920 പേർക്കാണ് ജില്ലയിൽ ഇന്നലെ കോവിഡ് 19 സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരിൽ 880 പേർക്കു നേരത്തെ രോഗം സ്ഥിരീകരിച്ചവരുമായുള്ള സമ്പർക്കത്തിലൂടെയാണ് വൈറസ്ബാധ. 31 പേർക്ക് ഉറവിടമറിയാതെയും രോഗം ബാധിച്ചു. രോഗബാധിതരിൽ നാല് പേർ വിദേശത്തു നിന്നെത്തിയവരും മറ്റു രണ്ടു പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയവരുമാണ്. 87,633 പേരാണ് ജില്ലയിൽ ഇപ്പോൾ നിരീക്ഷണത്തിൽ കഴിയുന്നത്. 7,578 പേർ വിവിധ ചികിത്സാ കേന്ദ്രങ്ങളിലും നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളിൽ 557 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിൽ 327 പേരും 277 പേർ കോവിഡ് സെക്കന്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്. മറ്റുള്ളവർ വീടുകളിലും കോവിഡ് കെയർ സെന്ററുകളിലുമായി നിരീക്ഷണത്തിൽ കഴിയുകയാണ്. ജില്ലയിൽ ഇതുവരെ 369 പേരാണ് കോവിഡ് ബാധിതരായി മരിച്ചത്. 
തദ്ദേശ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടു വീടുകളിലുൾപ്പെടെ സന്ദർശനം നടത്തുമ്പോൾ രാഷ്ട്രീയ കക്ഷികളുൾപ്പെടെയുള്ളവർ കോവിഡ് ജാഗ്രതാ നിർദേശങ്ങൾ പാലിക്കണമെന്നു ഡി.എം.ഒ പറഞ്ഞു. വീടുകളിൽ നിന്നു പുറത്തിറങ്ങുന്നവരും സാമൂഹ്യ ഇടപെടലുകൾ നടത്തുന്നവരും ആരോഗ്യ ജാഗ്രതാ നിർദേശങ്ങൾ പാലിക്കുകയും മുൻകരുതലുകൾ സ്വീകരിക്കുകയും വേണം. ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാൽ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കൺട്രോൾ സെൽ, ആരോഗ്യ പ്രവർത്തകർ എന്നിവരുമായി ഫോണിൽ ബന്ധപ്പെടണമെന്നും ഒരു കാരണവശാലും നേരിട്ട് ആശുപത്രികളിൽ പോകരുതെന്നും ജില്ലാ മെഡിക്കൽ ഓഫീസർ പറഞ്ഞു. ജില്ലാതല കൺട്രോൾ സെല്ലിൽ വിളിച്ചു ലഭിക്കുന്ന നിർദേശങ്ങൾ പൂർണമായും പാലിക്കണം. 


 

Latest News