Sorry, you need to enable JavaScript to visit this website.

തുറന്ന ജീപ്പിൽ സുരേഷ്‌ഗോപിയും 27 സ്ഥാനാർഥികളും

തൃശൂർ- ചുവന്ന ബീക്കൺ ഘടിപ്പിച്ച് സൈറൺ മുഴക്കിയെത്തുന്ന പോലീസ് ജീപ്പിലല്ല, തുറന്ന ജീപ്പിലാണ് സൂപ്പർ താരം സുരേഷ്‌ഗോപി തൃശൂരിലെ റോഡ് ഷോയിൽ പങ്കെടുത്ത്. ഇന്നലെ വൈകീട്ട് മൂന്നരയ്ക്കാണ് റോഡ് ഷോയുടെ ആദ്യ ഘട്ടം തുടങ്ങിയത്. തൃശൂരിലെ 27 എൻ.ഡി.എ സ്ഥാനാർഥികൾ ഇന്നലത്തെ റോഡ് ഷോയിൽ സുരേഷ്‌ഗോപി എം.പിക്കൊപ്പം തുറന്ന ജീപ്പിൽ വിവിധ കേന്ദ്രങ്ങളിൽ പങ്കെടുത്തു. ചേറ്റുപുഴയിൽ നിന്നാണ് റോഡ് ഷോ ആരംഭിച്ചത്. ആ മേഖലയിലെ നാലു സ്ഥാനാർഥികൾ തുടക്കത്തിൽ സുരേഷ് ഗോപിക്കൊപ്പം ജീപ്പിൽ കയറി. യാത്ര ഒളരിയിലെത്തിയപ്പോൾ ആ സ്ഥാനാർഥികൾ ഇറങ്ങി പകരം അയ്യന്തോൾ മേഖലയിലെ സ്ഥാനാർഥികൾ കയറി. തുടർന്ന് ശങ്കരംകുളങ്ങര, പാട്ടുരായ്ക്കൽ, പെരിങ്ങാവ്, രാമവർമപുരം, പള്ളിമൂലം, കുറ്റുമുക്ക്, ചെമ്പുക്കാവ്, പെൻഷൻമൂല, നെല്ലങ്കര, കിഴക്കുംപാട്ടുകര വഴി കിഴക്കേകോട്ടയിൽ സമാപിച്ചു.രണ്ടര മണിക്കൂർ ദൈർഘ്യമാണ് ഇന്നലത്തെ റോഡ് ഷോയ്ക്കുണ്ടായിരുന്നത്. ഇന്ന് അവശേഷിക്കുന്ന 27 ഡിവിഷനുകളിലെ സ്ഥാനാർഥികളെ പങ്കെടുപ്പിച്ചുകൊണ്ട് റോഡ് ഷോയുടെ രണ്ടാം ഘട്ടം നടക്കും. ഇടതുപക്ഷത്തും വലതു പക്ഷത്തുമുള്ളത് സ്ഥാനാർഥികളല്ല ജനങ്ങളുടെ ശത്രുക്കളാണെന്നും അവരെ നിഗ്രഹിക്കാൻ ദൈവം നിയോഗിച്ച പോരാളികളാണ് എൻഡിഎ സ്ഥാനാർഥികളെന്നും സുരേഷ്‌ഗോപി എം.പി പറഞ്ഞു. തൃശൂർ ജില്ലയിലെ ചേലക്കര പാഞ്ഞാളിൽ തെരഞ്ഞെടുപ്പ് യോഗത്തിൽ സംസാരിക്കുകയായിരുന്നു സുരേഷ്‌ഗോപി. അഴിമതി നടത്തി കേരള ജനതയുടെ അന്തസിനെ ചോദ്യം ചെയ്ത ഭരണപക്ഷവും അതിനെ നിലയ്ക്കു നിർത്താൻ നട്ടെല്ലില്ലാതെ പോയ പ്രതിപക്ഷവുമാണ് ഇവിടെയുള്ളത്. ഇവിടെ ബി.ജെ.പിയല്ല ജനങ്ങളാണ് അവരെ പ്രതിപക്ഷമായി കാണേണ്ടത്. ഉത്തരവാദിത്തങ്ങളിൽ നിന്ന് പിന്നോട്ടു പോയ അവരെ ജനങ്ങൾ ശത്രുക്കളായി കാണുന്നുണ്ടെങ്കിൽ അവരെ നിഗ്രഹിക്കേണ്ടത് അനിവാര്യതയാണെന്നും സുരേഷ്‌ഗോപി പറഞ്ഞു.
 

Latest News