Sorry, you need to enable JavaScript to visit this website.

വെൽഫെയർ പാർട്ടി ഇടതു മുന്നണിക്ക് കിട്ടാത്ത മുന്തിരിയെന്ന് ഉമ്മൻചാണ്ടി 

കണ്ണൂർ- കിട്ടാത്ത മുന്തിരി പുളിക്കുന്നത് കൊണ്ടാണ് വെൽഫെയർ പാർട്ടിയെ ചേർത്ത് യു.ഡി.എഫിനെതിരെ ഇടതു മുന്നണി ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. കണ്ണൂർ പ്രസ്‌ക്ലബ് സംഘടിപ്പിച്ച തദ്ദേശപ്പോര്-2020 പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടി  ഇടതു മുന്നണിക്കൊപ്പമായിരുന്നു. ഇത്തവണ ആ സഖ്യമില്ല. കിട്ടാത്ത മുന്തിരി പുളിക്കും എന്നതിനാൽ യു.ഡി.എഫിനെതിരെ ഇടതു മുന്നണി ഇല്ലാത്ത ആരോപണങ്ങൾ ഉന്നയിക്കുകയാണ്. അതേസമയം  ആന്തൂരിൽ പലയിടങ്ങളിലും സ്ഥാനാർത്ഥികളെ നിർത്താൻ വിട്ടു പോയതല്ലെന്നും ഇത്രയെങ്കിലും ആന്തൂരിൽ പ്രവർത്തിക്കാൻ കഴിഞ്ഞതിന് യു.ഡി.എഫ് പ്രവർത്തകരെ അഭിനന്ദിക്കണം. കെ.പി.സി.സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രനും  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമാണ് പാർട്ടിയുടെ മുഖം -ഉമ്മൻ ചാണ്ടി പറഞ്ഞു.
അക്രമം കൊണ്ട് ശാശ്വതമായ ഒരു നേട്ടമുണ്ടാക്കാൻ സാധിക്കില്ല. കേന്ദ്ര സംസ്ഥാന സർക്കാറിനോടുള്ള ജനങ്ങളുടെ നിരാശയും ആശങ്കയും തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും -അദ്ദേഹം പറഞ്ഞു.
രാജീവ് ഗാന്ധി ബയോടെക്‌നോളജി പാർക്കിന് ബിജെപി നേതാവിന്റെ പേര് കൊടുക്കുന്നതിനോട് വിയോജിപ്പുണ്ട്. ആ സ്ഥാപനവുമായി ബന്ധമില്ലാത്ത ഒരാളുടെ പേരാണ് ഇപ്പോൾ കൊടുക്കാൻ പോകുന്നത്. 
അധികാരം ഉണ്ടെങ്കിൽ എന്തും ആവാം എന്നതാണ് ഇതിന് പിന്നിലുള്ളത്. കേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള ജനങ്ങളുടെ വിയോജിപ്പാണ് ഈ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുക. ജനങ്ങൾക്ക് സമാധാന അന്തരീക്ഷം ഉറപ്പുവരുത്തുന്നതിന്  സംസ്ഥാന സർക്കാരിന് സാധിച്ചില്ല. കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെ റൺവേയുടെ വികസനം യാഥാർഥ്യമാക്കുമെന്ന് ഭരണത്തിലേറുന്ന സമയത്ത് ഇടതു മുന്നണി പറഞ്ഞിരുന്നെങ്കിലും അഞ്ചു വർഷമായിട്ടും ഒരു മീറ്റർ പോലും നീളം കൂട്ടാൻ ഇവർക്കു സാധിച്ചിട്ടില്ലെന്നും ഉമ്മൻചാണ്ടി പറഞ്ഞു.
 

Latest News