Sorry, you need to enable JavaScript to visit this website.

നിയമം ഇന്ത്യ ദുരുപയോഗം  ചെയ്‌തോ? വിവാദം കൊഴുക്കുന്നു

കാന്‍ബറ - ഓസ്‌ട്രേലിയക്കെതിരായ ആദ്യ ട്വന്റി20 യില്‍ രവീന്ദ്ര ജദേജക്കു പകരം യുസവേന്ദ്ര ചഹലിനെ ഇറക്കിയ വിവാദം കെട്ടടങ്ങുന്നില്ല. ജദേജയുടെ ബാറ്റിംഗില്‍ മികച്ച സ്‌കോറിലെത്തിയ ഇന്ത്യ ചഹലിന്റെ ബൗളിംഗിലാണ് വിജയം പിടിച്ചത്. ജദേജ പന്ത് തലക്കു പന്ത് കൊണ്ട ശേഷവും ബാറ്റിംഗ് തുടര്‍ന്നിരുന്നു. ഇന്നിംഗ്‌സിന്റെ ഇടവേളയിലാണ് പകരക്കാരനെ വേണമെന്ന് ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് ആവശ്യപ്പെട്ടത്. 
ജദേജക്ക് തലകറക്കമുണ്ടെന്ന ഇന്ത്യന്‍ ടീം മാനേജ്‌മെന്റിന്റെ വാദം അംഗീകരിക്കുകയേ മാച്ച് റഫറി ഡേവിഡ് ബൂണിന് വഴിയുള്ളൂ. എന്നാല്‍ നിയമം ഇന്ത്യ ദുരുപയോഗം ചെയ്തുവോയെന്ന സംശയമാണ് ഉയര്‍ന്നത്.
ഒരു കളിക്കാരന്റെ തലയില്‍ പന്ത് കൊണ്ടാല്‍ ടീം ഡോക്ടര്‍ ഉടനെ ഗ്രൗണ്ടിലെത്തി പരിശോധിക്കണമെന്നാണ് ചട്ടമെന്ന് കമന്റേറ്റര്‍ സഞ്ജയ് മഞ്ച്‌രേക്കര്‍ ചൂണ്ടിക്കാട്ടി. ഇത് പാലിക്കപ്പെട്ടില്ലെന്നു മാത്രമല്ല, അല്‍പസമയം പോലും വൈകാതെ കളി പുനരാരംഭിച്ചു. അവശേഷിച്ച നാലു പന്തിനിടെ ജദേജ രണ്ട് ബൗണ്ടറിയുള്‍പ്പെടെ ഒമ്പത് റണ്‍സടിച്ചു. മത്സരത്തില്‍ പേശിവേദനയുമാണ് ജദേജ കളിച്ചത്. പേശിവേദനയുമായി ജദേജക്ക് ബൗളിംഗും ഫീല്‍ഡിംഗും പ്രയാസകരമാവുമായിരുന്നു. 
ഗ്രൗണ്ടില്‍ വൈദ്യപരിശോധന പോലും വേണ്ടിവന്നിട്ടില്ലാത്ത സംഭവത്തിലാണ് ജദേജക്ക് പകരക്കാരനെ അനുവദിച്ചതെന്നും കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂട്ട് നിയമത്തില്‍ പഴുതുകളടക്കണമെന്നും മുന്‍ ഓസ്‌ട്രേലിയന്‍ സ്പിന്നര്‍ ടോം മൂഡി ആവശ്യപ്പെട്ടു. ദുരുപയോഗം തടയാന്‍ നിയമത്തിലെ പഴുതുകളടക്കണമെന്ന് മഞ്ച്‌രേക്കറും നിര്‍ദേശിച്ചു. 

Latest News