Sorry, you need to enable JavaScript to visit this website.

പാക്കിസ്ഥാനില്‍ നെഗറ്റിവ്, ന്യൂസിലാന്റില്‍ പോസിറ്റിവ്

വെല്ലിംഗ്ടണ്‍ - ന്യൂസിലാന്റ് പര്യടനത്തിനെത്തിയ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമില്‍ കോവിഡ് പടര്‍ന്നത് ദുരൂഹത പരത്തി. അമ്പത്തിനാലംഗ സംഘമാണ് പാക്കിസ്ഥാനില്‍ നിന്ന് വന്നത്. പുറപ്പെടുന്നതിന് മുമ്പ് നടത്തിയ പരിശോധനയില്‍ അമ്പത്തിനാലു പേരും നെഗറ്റിവായിരുന്നു. കോവിഡിന് സമാനമായ ലക്ഷണമുള്ളതിനാല്‍ ഫഖര്‍ സമാനെ ഒഴിവാക്കി. എന്നാല്‍ ന്യൂസിലാന്റിലെത്തിയ ഉടനെ നടത്തിയ പരിശോധനയില്‍ ആറു പേര്‍ക്കും പിന്നീട് നാലു പേര്‍ക്കും കോവിഡ് കണ്ടെത്തി. 
മതിയായ സുരക്ഷാ മുന്‍കരുതല്‍ ഇല്ലാതെയാണ് ടീം ന്യൂസിലാന്റിലേക്ക് പുറപ്പെട്ടതെന്നാണ് സൂചന. നവംബര്‍ 20 ന് ഉച്ചക്കു ശേഷമാണ് ഫഖര്‍ ഉള്‍പ്പെടെ 35 കളിക്കാരും 20 കോച്ചിംഗ് സ്റ്റാഫും ലാഹോറിലെ ഹോട്ടലില്‍ സംഗമിച്ചത്. അടുത്ത ദിവസം കോവിഡ് പരിശോധന നടത്തി. എല്ലാം നെഗറ്റിവായിരുന്നു. ടീം ദുബായ്, ക്വാലാലംപൂര്‍ വഴി ഓക്‌ലന്റിലെത്തി. അവിടെ നിന്ന് ചാര്‍ട്ടേഡ് വിമാനത്തില്‍ ക്രൈസ്റ്റ്ചര്‍ച്ചിലെത്തിയാണ് 14 ദിവസത്തെ ക്വാരന്റൈന്‍ തുടങ്ങിയത്.
എല്ലാ കളിക്കാരും പാക്കിസ്ഥാനിലെ ആഭ്യന്തര ടൂര്‍ണമെന്റില് പങ്കെടുത്ത ശേഷമാണ് യാത്ര തിരിച്ചത്. ഈ മത്സരങ്ങള്‍ക്കിടയില്‍ പലതവണ ജൈവകവചം തകര്‍ന്നിരുന്നു. ഏതാനും കളിക്കാരെ പി.സി.ബി ശാസിച്ചു. ഇടങ്കൈയന്‍ സ്പിന്നര്‍ റാസ ഹസനെ പുറത്താക്കി. ക്യാപ്റ്റന്‍ സര്‍ഫറാസ് അഹ്മദ് ഉള്‍പ്പെടെ ഒമ്പത് സിന്ധ് കളിക്കാര്‍ക്ക് കോവിഡിന് സമാനമായ ലക്ഷണങ്ങളുണ്ടായിരുന്നു. അവരൊക്കെ ടീമിനൊപ്പം തുടര്‍ന്നു. ദിവസങ്ങള്‍ക്കു ശേഷം നടത്തിയ പരിശോധനയില്‍ വിക്കറ്റകീപ്പര്‍ ബാറ്റ്‌സ്മാന്‍ ബിസ്മില്ലാ ഖാന് കോവിഡ് കണ്ടെത്തി. പകരം ഉള്‍പെടുത്തിയ അദ്‌നാന്‍ അക്മലിനും കോവിഡ് കാരണം പിന്മാറേണ്ടി വന്നു. ശ്രീലങ്കന്‍ പ്രീമിയര്‍ ലീഗിനെത്തിയ പാക്കിസ്ഥാന്‍ താരം സുഹൈല്‍ തന്‍വീറിനും കോവിഡ് കാരണം പിന്മാറേണ്ടി വന്നിരുന്നു. ബിഗ് ബാഷ് ലീഗിനായി ഓസ്‌ട്രേലിയയിലെത്തിയ ദില്‍ബാര്‍ ഹുസൈനും പോസിറ്റിവാണ്. ദില്‍ബാറും പാക്കിസ്ഥാനില്‍ നിന്ന് തിരിക്കും മുമ്പ് നടത്തിയ പരിശോധനയില്‍ നെഗറ്റിവായിരുന്നു. 

Latest News