Sorry, you need to enable JavaScript to visit this website.

വേതന സുരക്ഷാ പദ്ധതി: അവസാന ഘട്ടം പ്രാബല്യത്തിൽ

റിയാദ് - നിർബന്ധിത വേതന സുരക്ഷാ പദ്ധതിയുടെ അവസാന ഘട്ടമായ പതിനേഴാം ഘട്ടം ഇന്നലെ മുതൽ നിലവിൽ വന്നു. ഇതോടെ സൗദിയിൽ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന മുഴുവൻ പേരും വേതന സുരക്ഷാ പദ്ധതി പരിധിയിൽ വന്നു. ഒന്നു മുതൽ നാലു വരെ ജീവനക്കാരുള്ള തീരെ ചെറിയ സ്ഥാപനങ്ങളാണ് അവസാന ഘട്ടത്തിൽ വേതന സുരക്ഷാ പദ്ധതി പരിധിയിൽ വന്നത്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഈ ഗണത്തിൽ പെട്ട മൂന്നേമുക്കാൽ ലക്ഷത്തോളം സ്ഥാപനങ്ങൾ രാജ്യത്തുണ്ട്. 
മാസത്തിൽ ഒന്നിലധികം തവണ വേതനം വിതരണം ചെയ്യൽ, കൃത്യ സമയത്ത് വേതനം വിതരണം ചെയ്യാതിരിക്കൽ, ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസിൽ (ഗോസി) രജിസ്റ്റർ ചെയ്ത അടിസ്ഥാന വേതനത്തിന്റെ 50 ശതമാനത്തിൽ കൂടുതൽ പിടിക്കൽ, അടിസ്ഥാന വേതനത്തിന്റെ 20 ശതമാനവും അതിലധികവും വർധിപ്പിക്കൽ, ഗോസിയിൽ രജിസ്റ്റർ ചെയ്ത വേതനവും അടിസ്ഥാന വേതനവും സമമല്ലാതിരിക്കൽ എന്നിവയെല്ലാം വേതന സുരക്ഷാ പദ്ധതി പ്രകാരം നിയമ ലംഘനങ്ങളാണ്.  
വേതന സുരക്ഷാ പദ്ധതി പതിനാറാം ഘട്ടം ഓഗസ്റ്റ് ഒന്നു മുതൽ നിലവിൽ വന്നിരുന്നു. അഞ്ചു മുതൽ പത്തു വരെ ജീവനക്കാരുള്ള സ്ഥാപനങ്ങളാണ് പതിനാറാം ഘട്ടത്തിൽ പദ്ധതി പരിധിയിൽ വന്നത്. മുഴുവൻ സ്ഥാപനങ്ങളും വേതന സുരക്ഷാ പദ്ധതി പാലിക്കണമെന്നും നിയമ ലംഘനങ്ങൾക്കുള്ള ശിക്ഷാ നടപടികൾ ഒഴിവാക്കുന്നതിന് ജീവനക്കാരുടെ വേതനം വിതരണം ചെയ്തത് വ്യക്തമാക്കുന്ന ഫയൽ ഓരോ മാസവും സമർപ്പിക്കണമെന്നും മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം ആവശ്യപ്പെട്ടു. സ്വകാര്യ മേഖലയിൽ അനുയോജ്യവും സുരക്ഷിതവുമായ തൊഴിൽ സാഹചര്യം ലഭ്യമാക്കാനും സുതാര്യതാ നിലവാരം ഉയർത്താനും തൊഴിൽ കരാറിൽ ഉൾപ്പെട്ട എല്ലാ കക്ഷികളുടെയും അവകാശങ്ങൾ സംരക്ഷിക്കാനുമാണ് വേതന സുരക്ഷാ പദ്ധതിയിലൂടെ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം ലക്ഷ്യമിടുന്നത്. 
തൊഴിൽ കരാർ പ്രകാരമുള്ള വേതനം തൊഴിലാളികൾക്ക് കൃത്യസമയത്ത് വിതരണം ചെയ്യുന്നത് ഉറപ്പു വരുത്താനും വേതനം ലഭിക്കാത്തതുമായി ബന്ധപ്പെട്ട് സ്ഥാപനങ്ങളും തൊഴിലാളികളും തമ്മിൽ ഉടലെടുക്കുന്ന തർക്കങ്ങൾ കുറക്കാനും സ്വകാര്യ മേഖലയിൽ വ്യത്യസ്ത തൊഴിൽ മേഖലകളിലെ വേതന നിലവാരം കൃത്യമായി മനസ്സിലാക്കാനും മറ്റും വേതന സുരക്ഷാ പദ്ധതി മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തെ സഹായിക്കുന്നു. തൊഴിലാളികൾക്ക് യഥാസമയം വേതനം വിതരണം ചെയ്യാത്ത സ്ഥാപനങ്ങൾക്ക് തൊഴിലാളികളിൽ ഒരാൾക്ക് മൂവായിരം റിയാൽ വീതം പിഴ ചുമത്താൻ തൊഴിൽ നിയമം അനുശാസിക്കുന്നു. വേതനം ലഭിക്കാത്ത തൊഴിലാളികളുടെ എണ്ണത്തിനനുസരിച്ച് സ്ഥാപനങ്ങൾക്ക് ഇരട്ടി തുക പിഴ ചുമത്തും. തൊഴിലാളികൾക്ക് വേതനം വിതരണം ചെയ്തത് വ്യക്തമാക്കുന്ന വിവരങ്ങൾ വേതന സുരക്ഷാ പദ്ധതി സംവിധാനത്തിൽ ഓൺലൈൻ ആയി പ്രതിമാസം സമർപ്പിക്കാത്ത സ്ഥാപനങ്ങൾക്ക് പതിനായിരം റിയാൽ പിഴ ചുമത്തും. 
വേതനം വിതരണം ചെയ്തത് വ്യക്തമാക്കുന്ന വിവരങ്ങൾ വേതന സുരക്ഷാ പദ്ധതി സംവിധാനത്തിൽ സമർപ്പിക്കാൻ രണ്ടു മാസം വൈകിക്കുന്ന സ്ഥാപനങ്ങൾക്ക് പുതിയ വർക്ക് പെർമിറ്റും വർക്ക് പെർമിറ്റ് പുതുക്കലും ഒഴികെയുള്ള സേവനങ്ങൾ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം നിർത്തിവെക്കും. വിവരങ്ങൾ സമർപ്പിക്കാൻ മൂന്നു മാസം കാലതാമസമുണ്ടാക്കുന്ന സ്ഥാപനങ്ങൾക്ക് പുതിയ വർക്ക് പെർമിറ്റും വർക്ക് പെർമിറ്റ് പുതുക്കലും അടക്കം മന്ത്രാലയത്തിൽ നിന്നുള്ള മുഴുവൻ സേവനങ്ങളും നിഷേധിക്കും. കൂടാതെ തൊഴിലുടമകളുടെ അനുമതി കൂടാതെ തന്നെ മറ്റു സ്ഥാപനങ്ങളിലേക്ക് സ്‌പോൺസർഷിപ്പ് മാറ്റാൻ ഈ സ്ഥാപനങ്ങളിലെ തൊഴിലാളികളെ അനുവദിക്കുകയും ചെയ്യും. 
ജീവനക്കാരുടെ എണ്ണത്തിനനുസരിച്ച് സ്വകാര്യ മേഖലാ സ്ഥാപനങ്ങളെ തരംതിരിച്ച് വൻകിട കമ്പനികൾക്കാണ് വേതന സുരക്ഷാ പദ്ധതി ആദ്യം ബാധകമാക്കിയത്. മൂവായിരവും അതിൽ കൂടുതലും ജീവനക്കാരുള്ള കമ്പനികളാണ് ആദ്യ ഘട്ടത്തിൽ പദ്ധതി പരിധിയിൽ വന്നത്. 2013 സെപ്റ്റംബർ ഒന്നു മുതലാണ് ഈ കമ്പനികൾക്ക് വേതന സുരക്ഷാ പദ്ധതി നിർബന്ധമാക്കിയത്. ഏഴു വർഷത്തിനിടെ പതിനേഴു ഘട്ടങ്ങളായി രാജ്യത്തെ മുഴുവൻ സ്വകാര്യ സ്ഥാപനങ്ങൾക്കും വേതന സുരക്ഷാ പദ്ധതി നിർബന്ധമാക്കി.
 

Tags

Latest News