Sorry, you need to enable JavaScript to visit this website.

മിനായിൽ മൃതദേഹം പെട്ടിയിലാക്കി ഉപേക്ഷിച്ച നിലയിൽ

മക്ക - മിനായിൽ വിദേശ യുവതിയുടെ മൃതദേഹം പെട്ടിയിലാക്കി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. സൗദി പൗരനാണ് മൃതദേഹം കണ്ടെത്തി സുരക്ഷാ വകുപ്പുകളെ അറിയിച്ചത്. മിനായിലൂടെ നടന്നുപോകുന്നതിനിടെ വലിയ പെട്ടി ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ സൗദി പൗരൻ സംശയം തോന്നി പെട്ടി തുറന്നുനോക്കിയപ്പോഴാണ് അകത്ത് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ഫോറൻസിക് ഡോക്ടറും സുരക്ഷാ വകുപ്പുകളും മറ്റു ബന്ധപ്പെട്ട വകുപ്പുകളും സ്ഥലത്തെത്തി പരിശോധനകൾ നടത്തി. സംഭവത്തിൽ അസീസിയ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് വിശദമായ അന്വേഷണം ആരംഭിച്ചു. 
28 മുതൽ 30 വരെ വയസ് പ്രായം കണക്കാക്കുന്ന ഇന്തോനേഷ്യക്കാരിയുടെതാണ് മൃതദേഹമെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. 150 സെന്റീമീറ്റർ നീളവും 80 സെന്റീമീറ്റർ വീതിയുമുള്ള പെട്ടിയിലാണ് മൃതദേഹം സൂക്ഷിച്ചിരുന്നത്. അൽശറായിഅ് ദിശയിൽ മിനായിലെ കിംഗ് ഫൈസൽ റോഡിനു സമീപമാണ് പെട്ടി ഉപേക്ഷിച്ച നിലയിൽ സൗദി പൗരൻ കണ്ടെത്തിയത്. മൃതദേഹത്തിൽ മർദനമേറ്റതിന്റെയോ പരിക്കേറ്റതിന്റെയോ പാടുകൾ കണ്ടെത്തിയിട്ടില്ലെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. 

Tags

Latest News