Sorry, you need to enable JavaScript to visit this website.

അംബര ചുംബിയായ കെട്ടിട സമുച്ചയം തരിപ്പണമാക്കാന്‍ പത്ത് സെക്കന്‍ഡ്; അബുദാബി റെക്കോര്‍ഡിട്ടു-video

അബുദാബിയിലെ മിനാ പ്ലാസ കെട്ടിട സമുച്ചയം സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ച് തകര്‍ക്കുന്നു.

അബുദാബി - അംബര ചുംബിയായ കെട്ടിട സമുച്ചയം സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ച് പത്തു സെക്കന്റിനകം തരിപ്പണമാക്കി അബുദാബി ലോക റെക്കോര്‍ഡ് സ്ഥാപിച്ചു. അബുദാബിയിലെ പ്രധാന അടയാളങ്ങളില്‍ ഒന്നായിരുന്നു മിനാ പ്ലാസ ഇതോടെ ഗതകാല ചരിത്രത്തിന്റെ ഭാഗമായി. 165 മീറ്റര്‍ വരെ ഉയരമുള്ള നാലു കെട്ടിടങ്ങള്‍ അടങ്ങിയ സമുച്ചയം അബുദാബിയിലെ മിനാ സായിദ് ഏരിയയിലാണ് തലയുയര്‍ത്തി നിന്നിരുന്നത്.
ഇന്നു രാവിലെയാണ് പത്തു സെക്കന്റിനകം കെട്ടിട സമുച്ചയം വിജകരമായി തകര്‍ത്തത്. നാലു ടവറുകളിലും കൂടി ആകെ 144 നിലകളാണുണ്ടായിരുന്നത്. സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ച് പൊളിക്കുന്ന ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമാണിത്. ഇക്കാര്യത്തിലുള്ള ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് കെട്ടിടം പൊളിക്കല്‍ ചുമതല വഹിച്ച മുദുന്‍ പ്രോപ്പര്‍ട്ടീസ് സ്വന്തമാക്കി.


ആറായിരം കിലോ സ്‌ഫോടക വസ്തുക്കളാണ് കെട്ടിട സമുച്ചയം പൊളിക്കാന്‍ ഉപയോഗിച്ചത്. പത്തു സെക്കന്റ് നിലനിന്ന നിയന്ത്രിത സ്‌ഫോടനം ഒരു പ്രധാന വിനോദ സഞ്ചാര കേന്ദ്രമായി മാറുന്ന, മൂന്നു ദശലക്ഷം ചതുരശ്രമീറ്റര്‍ തുറമുഖ ഏരിയയുടെ പുനര്‍വികസനത്തിന് വഴിയൊരുക്കും. അബുദാബിയിലെ മിനാ സായിദ് പ്രദേശത്തെ വികസന പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി, മുദുന്‍ പ്രോപ്പര്‍ട്ടീസ് 10 സെക്കന്റിനുള്ളില്‍ മിനാ പ്ലാസ ടവറുകള്‍ വിജയകരമായി പൊളിച്ചു. പൊളിക്കല്‍ പ്രക്രിയയുടെ പ്രത്യാഘാതങ്ങള്‍ ലഘൂകരിക്കാനും തത്ഫലമായുണ്ടാകുന്ന പൊടിമേഘങ്ങള്‍ നിയന്ത്രിക്കനും കര്‍ശന സുരക്ഷാ നടപടികള്‍ സ്വീകരിച്ചതായി അബുദാബി മീഡിയ ഓഫീസും അബുദാബി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് മുനിസിപ്പാലിറ്റീസ് ആന്റ് ട്രാന്‍സ്‌പോര്‍ട്ടും പ്രസ്താവനയില്‍ പറഞ്ഞു.
തുറമുഖ പ്രദേശത്തെ കടകളും മാര്‍ക്കറ്റുകളും വ്യാഴാഴ്ച വൈകുന്നേരം താല്‍ക്കാലികമായി അടച്ചിരുന്നു. പൊളിക്കല്‍ പ്രക്രിയക്കു ശേഷം പ്രദേശത്ത് വിശദമായ പരിശോധനകള്‍ നടത്തിവരുന്നന്നതായി മുദുന്‍ സി.ഇ.ഒ ബില്‍ ഒറിഗന്‍ പറഞ്ഞു. എല്ലാ സ്‌ഫോടക വസ്തുക്കളും പൊട്ടിത്തെറിച്ചിട്ടുണ്ടെന്നും ആസൂത്രണം ചെയ്ത സ്ഥലത്തു തന്നെ കെട്ടിടങ്ങള്‍ തകര്‍ന്നുവീണിട്ടുണ്ടെന്നും പദ്ധതി അതിര്‍ത്തിക്കു പുറത്ത് അവശിഷ്ടങ്ങള്‍ ഇല്ലെന്നും പരിശോധനകളിലൂടെ ഉറപ്പുവരുത്തുന്നതായി ബില്‍ ഒറിഗന്‍ പറഞ്ഞു.
പ്ലാസ്റ്റിക് സ്‌ഫോടക വസ്തുക്കളും ഡിറ്റണേറ്റര്‍ ചരടും ഉപയോഗിച്ചാണ് കെട്ടിടം പൊളിച്ചത്. പ്രത്യേകം പ്രത്യേകം പ്രോഗ്രാം ചെയ്ത 18,000 ഡിറ്റണേറ്ററുകള്‍ ഉപയോഗിച്ചാണ് സ്‌ഫോടനം നടത്തിയത്. തീര്‍ത്തും സുരക്ഷിതമായതിനാലാണ് പ്ലാസ്റ്റിക് സ്‌ഫോടക വസ്തുക്കള്‍ തെരഞ്ഞെടുത്തത്. മാത്രമല്ല, പ്രത്യേക വൈദ്യുതി സിഗ്നലുകളിലൂടെ മാത്രമേ അവ പൊട്ടിത്തെറിക്കുകയുള്ളൂ. ഈ സ്‌ഫോടക വസ്തുക്കള്‍ യു.എ.ഇയില്‍ എത്തിയപ്പോള്‍ മുതല്‍ സിവില്‍ ഡിഫന്‍സിന്റെയും പോലീസിന്റെയും കസ്റ്റഡിയിലായിരുന്നു - ബില്‍ ഒറിഗന്‍ പറഞ്ഞു. ഏറ്റവും ഉയര്‍ന്ന അന്താരാഷ്ട്ര സുരക്ഷാ നടപടിക്രമങ്ങള്‍ പാലിക്കുന്ന പ്രമുഖ പൊളിക്കല്‍ കമ്പനിയുമായി സഹകരിച്ചാണ് കെട്ടിട സമുച്ചയം പൊളിച്ചതെന്ന് മുദുന്‍ പറഞ്ഞു.


 

 

Latest News