Sorry, you need to enable JavaScript to visit this website.

അതും ലെവന്‍ കൊണ്ടുപോവുമോ?

പാരിസ് - പോയ സീസണിലെ മികച്ച ഫുട്‌ബോളര്‍ക്കുള്ള ഫിഫയുടെ ദ ബെസ്റ്റ് ബഹുമതിയും ബയേണ്‍ മ്യൂണിക് സ്‌ട്രൈക്കര്‍ റോബര്‍ട് ലെവന്‍ഡോവ്‌സ്‌കിക്ക് ലഭിക്കാന്‍ സാധ്യത. യൂറോപ്യന്‍ പ്ലയര്‍ ഓഫ് ദ ഇയര്‍ ബഹുമതി ലഭിച്ചത് ലെവന്‍ഡോവ്‌സ്‌കിക്കാണ്. ക്രിസ്റ്റിയാനൊ റൊണാള്‍ഡൊ, ലിയണല്‍ മെസ്സി, നെയ്മാര്‍, കീലിയന്‍ എംബാപ്പെ എന്നിവരുള്‍പ്പെടെ 10 പേരെയാണ് ദ ബെസ്റ്റ് ബഹുമതിക്ക് ഫിഫ നാമനിര്‍ദേശം ചെയ്തിരിക്കുന്നത്. 
കഴിഞ്ഞ സീസണില്‍ ചാമ്പ്യന്‍സ് ലീഗ് നേടിയ ബയേണ്‍ ടീമിലെ രണ്ടു പേര്‍ പട്ടികയിലുണ്ട്. പോളണ്ടുകാരനായ ലെവന്‍ഡോവ്‌സ്‌കിക്കു പുറമെ സ്പാനിഷ് മിഡ്ഫീല്‍ഡര്‍ തിയാഗൊ അല്‍കന്ററ. അല്‍കന്ററ ഈ സീസണിന് മുന്നോടിയായി ലിവര്‍പൂളിലേക്ക് കൂടുമാറിയിരുന്നു. ലിവര്‍പൂളില്‍ നിന്ന് അല്‍കന്ററക്കു പുറമെ സാദിയൊ മാനെ, മുഹമ്മദ് സലാഹ്, വിര്‍ജില്‍ വാന്‍ഡെക് എന്നിവരും പരിഗണിക്കപ്പെട്ടു. മാഞ്ചസ്റ്റര്‍ സിറ്റിയുടെ കെവിന്‍ ഡിബ്രൂയ്‌നെ, റയല്‍ മഡ്രീഡിന്റെ സെര്‍ജിയൊ റാമോസ് എന്നിവരും പട്ടികയിലുണ്ട്. 
മികച്ച കോച്ചിനായി പരിഗണിക്കപ്പെടുന്നവരില്‍ അര്‍ജന്റീനക്കാരന്‍ മാഴ്‌സെലൊ ബിയല്‍സയുണ്ട്. ലീഡ്‌സിന് ഇംഗ്ലിഷ് പ്രീമിയര്‍ ലീഗിലേക്ക് സ്ഥാനക്കയറ്റം നേടിക്കൊടുത്തതാണ് ബിയല്‍സയുടെ നേട്ടം. ഹാന്‍സ് ഡയറ്റര്‍ ഫഌക്ക് (ബയേണ്‍), യൂര്‍ഗന്‍ ക്ലോപ് (ലിവര്‍പൂള്‍), യൂലന്‍ ലോപറ്റേഗി (സെവിയ), സിനദിന്‍ സിദാന്‍ (റയല്‍ മഡ്രീഡ്) എന്നിവരാണ് നാമനിര്‍ദേശം ചെയ്യപ്പെട്ട മറ്റു കോച്ചുമാര്‍. 
അലിസണ്‍ (ലിവര്‍പൂള്‍), മാന്വേല്‍ നോയര്‍ (ബയേണ്‍), മാര്‍ക്ക് ആന്ദ്രെ ടെര്‍സ്‌റ്റേഗന്‍ (ബാഴ്‌സലോണ), യാന്‍ ഒബ്‌ലാക് (അത്‌ലറ്റിക്കൊ മഡ്രീഡ്), കയ്‌ലോര്‍ നവാസ് (പി.എസ്.ജി), തിബൊ കോര്‍ടവ (റയല്‍ മഡ്രീഡ്) എന്നിവരാണ് മികച്ച ഗോളിമാര്‍ക്കുള്ള പട്ടികയില്‍. 
ഇതില്‍ നിന്ന് മൂന്നു പേര്‍ വീതമുള്ള ചുരുക്കപ്പട്ടിക ഡിസംബര്‍ 11 ന് പ്രഖ്യാപിക്കും. ഡിസംബര്‍ 17 നാണ് വിജയികളെ തെരഞ്ഞെടുക്കുക.


 

Latest News