Sorry, you need to enable JavaScript to visit this website.

ഓസ്‌ട്രേലിയന്‍ ഓപണ്‍ നീട്ടും 

മെല്‍ബണ്‍ - അടുത്ത വര്‍ഷത്തെ ആദ്യത്തെ ഗ്രാന്റ്സ്ലാം ടെന്നിസ് ടൂര്‍ണമെന്റായ ഓസ്‌ട്രേലിയന്‍ ഓപണ്‍ ഒന്നോ രണ്ടോ ആഴ്ച നീട്ടുമെന്ന് വിക്ടോറിയ സ്‌റ്റെയ്റ്റിലെ സ്‌പോര്‍ട്‌സ് മന്ത്രി മാര്‍ടിന്‍ പകൂല. ജനുവരി 18 നാണ് ടൂര്‍ണമെന്റ് തുടങ്ങേണ്ടിയിരുന്നത്. ടൂര്‍ണമെന്റ് എപ്പോള്‍, എങ്ങനെ നടത്തണമെന്നതിനെച്ചൊല്ലി സ്‌റ്റെയ്റ്റ് അധികൃതരും ടെന്നിസ് അധികൃതരും തമ്മില്‍ മാസങ്ങളായി ചര്‍ച്ച തുടരുകയായിരുന്നു. 
പലതരം സാധ്യതകളാണ് ചര്‍ച്ച ചെയ്തതെന്നും ഏതാണ് അന്തിമമായി നടപ്പാക്കുകയെന്ന് തീരുമാനിച്ചിട്ടില്ലെന്നും പകൂല പറഞ്ഞു. ഫ്രഞ്ച് ഓപണ്‍ മാസങ്ങളോളം നീട്ടിയിരുന്നു, വിംബിള്‍ഡണ്‍ പൂര്‍ണമായും ഉപേക്ഷിച്ചു. ചര്‍ച്ചകള്‍ സങ്കീര്‍ണമാണെന്നും ചെറിയ നീട്ടലില്‍ ഒതുങ്ങുമെന്നാണ് കരുതുന്നതെന്നും അവര്‍ വിശദീകരിച്ചു. 
സാധാരണ ജനുവരിയിലെ അവസാന രണ്ടാഴ്ചയാണ് ഓസ്‌ട്രേലിയന്‍ ഓപണ്‍ നടത്താറ്. ഓസ്‌ട്രേലിയയില്‍ സ്‌കൂള്‍ വേനലവധിയാണ് ഈ കാലത്ത്. ഇത്തവണ കോവിഡ് ഏറ്റവും പ്രശ്‌നം സൃഷ്ടിച്ച സ്റ്റെയ്റ്റാണ് വിക്ടോറി. മെല്‍ബണ്‍ മാസങ്ങളോളം ലോക്ഡൗണിലായിരുന്നു. ഇപ്പോള്‍ സ്ഥിതി ശുഭകരമാണ്. അവസാന കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തത് ഒക്ടോബര്‍ 28 നാണ്. 14 ദിവസ ക്വാരന്റൈനില്‍ കളിക്കാര്‍ക്ക് ഇളവ് നല്‍കുമോയെന്ന കാര്യത്തില്‍ പകൂല നിലപാട് വ്യക്തമാക്കിയില്ല. പൊതുജനാരോഗ്യ വകുപ്പാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്ന് അവര്‍ പറഞ്ഞു. യു.എസ് ഓപണിനിടെ പതിനായിരത്തോളം കൊറോണ പരിശോധന നടത്തിയിരുന്നു.

Latest News