Sorry, you need to enable JavaScript to visit this website.

അപകടകരമായ രാസപദാർഥങ്ങൾ തുറമുഖങ്ങളിൽ സൂക്ഷിക്കുന്നതിന് വിലക്ക്

റിയാദ് - അപകടകരമായ രാസപദാർഥങ്ങൾ എയർപോർട്ടുകളും തുറമുഖങ്ങളും കരാതിർത്തി പോസ്റ്റുകളും അടക്കമുള്ള അതിർത്തി പോസ്റ്റുകളിലും ജനവാസ കേന്ദ്രങ്ങളിലും സൂക്ഷിക്കുന്നത് കർശനമായി ഒഴിവാക്കണമെന്ന് സൗദി പോർട്‌സ് അതോറിറ്റിക്ക് ഉന്നതാധികൃതർ നിർദേശം നൽകി. രാസപദാർഥങ്ങളും സ്‌ഫോടക വസ്തുക്കളും സൂക്ഷിക്കുന്നതിന് ലൈസൻസുള്ള ഗോഡൗണുകളിൽ അനുവദനീയമായ പരിധിയിൽ കൂടുതൽ ഇത്തരം വസ്തുക്കൾ സൂക്ഷിക്കുന്നില്ല എന്ന് ഉറപ്പു വരുത്തണമെന്നും നിർദേശമുണ്ട്. വ്യവസായ ആവശ്യങ്ങൾക്കുള്ള, അപകടകരമായ രാസപദാർഥങ്ങളുമായി ബന്ധപ്പെട്ട നിയമം പരിഷ്‌കരിക്കാൻ നീക്കമുള്ളതായി വ്യവസായ സുരക്ഷാ അതോറിറ്റിയിൽ സെൻട്രൽ സെക്യൂരിറ്റി ലൈസൻസ് വിഭാഗം സൂപ്പർവൈസർ ക്യാപ്റ്റൻ അബ്ദുൽ അസീസ് അൽഅംരി വെളിപ്പെടുത്തി. ആഭ്യന്തര, വാണിജ്യ, ഊർജ മന്ത്രാലയങ്ങൾ അടക്കമുള്ള ബന്ധപ്പെട്ട വകുപ്പുകളുടെ പങ്കാളിത്തത്തോടെയാണ് നിയമത്തിൽ ഭേദഗതി വരുത്തുന്നത്. രാസപദാർഥങ്ങളുടെ ഇറക്കുമതി ക്രമീകരിക്കുന്ന പുതിയ നിയമം നിർമിക്കാനാണ് നീക്കം. പുതിയ നിയമം വൈകാതെ നടപ്പാക്കുമെന്ന് പറഞ്ഞ ക്യാപ്റ്റൻ അബ്ദുൽ അസീസ് അൽഅംരി, എന്നു മുതലാണ് നടപ്പാക്കുകയെന്ന് കൃത്യമായി വെളിപ്പെടുത്തിയില്ല. 
മുഴുവൻ രാസപദാർഥങ്ങൾക്കും ഇറക്കുമതി, ക്ലിയറൻസ് അനുമതികൾ നൽകുന്ന ഇ-പോർട്ടൽ വ്യവസായ സുരക്ഷാ അതോറിറ്റി വൈകാതെ ആരംഭിക്കും. പോർട്ടൽ രൂപകൽപന അന്തിമ ഘട്ടത്തിലെത്തിയിട്ടുണ്ട്. രാസപദാർഥങ്ങളുടെ ഇറക്കുമതിയും ക്ലിയറൻസുമായും ബന്ധപ്പെട്ട മുഴുവൻ സർക്കാർ വകുപ്പുകളെയും ഇ-പോർട്ടൽ പരസ്പരം ബന്ധിപ്പിക്കും. ക്ലിയറൻസ് അനുമതികൾ വേഗത്തിലാക്കാനാണ് അതോറിറ്റി ശ്രമിക്കുന്നത്. രേഖകളെല്ലാം പൂർത്തിയാണെങ്കിൽ നിലവിൽ ക്ലിയറൻസ് അനുമതികൾക്ക് 72 മണിക്കൂർ എടുക്കുന്നുണ്ട്. ഇത് 24 മണിക്കൂറായി കുറക്കാനാണ് ശ്രമം. 
രാസപദാർഥങ്ങളുടെ ഇറക്കുമതിക്കാർ ഗോഡൗണുകൾ ഏർപ്പെടുത്താത്തത് സുരക്ഷാ പ്രശ്‌നങ്ങളുണ്ടാക്കും. കൂടാതെ ഇത് നിയമ ലംഘനവുമാണ്. 
രാസപദാർഥങ്ങളുടെ ഇറക്കുമതി ക്രമീകരിക്കുന്ന നിയമാവലി ഇറക്കുമതിക്കാർ നന്നായി മനസ്സിലാക്കണം. ചില ഇറക്കുമതിക്കാർ കുറവുള്ള രേഖകൾ ശരിയാക്കാൻ മാസങ്ങളെടുക്കുന്നുണ്ട്. 
രാസപദാർഥങ്ങളുടെ ഇറക്കുമതി, ക്ലിയറൻസ് അനുമതികളുടെ കാലാവധി 12 മാസമാണ്. ചില സാഹചര്യങ്ങളിൽ കാലാവധി 24 മാസം വരെയായി ദീർഘിപ്പിക്കാൻ സാധിക്കുമെന്നും ക്യാപ്റ്റൻ അൽഅംരി പറഞ്ഞു.
 

Tags

Latest News