Sorry, you need to enable JavaScript to visit this website.

സ്വർണം കടത്താൻ ശ്രമം; രണ്ട് പേർ റിയാദ് വിമാനത്താവളത്തിൽ പിടിയിൽ

റിയാദ് എയർപോർട്ടിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ യാത്രക്കാരിൽ ഒരാളുടെ കാലുകളിൽ കെട്ടിവെച്ച നിലയിൽ കണ്ടെത്തിയ സ്വർണ ശേഖരം 

റിയാദ് - കിംഗ് ഖാലിദ് അന്താരാഷ്ട്ര എയർപോർട്ട് വഴി സ്വർണം കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി. യെമനികളായ രണ്ടു യാത്രക്കാർ ചേർന്ന് 4.6 കിലോ സ്വർണാഭരണങ്ങളാണ് കടത്താൻ ശ്രമിച്ചത്. ഇരുവരുടെയും വസ്ത്രങ്ങൾക്കു താഴെ കാലുകളിൽ കെട്ടിവെച്ച നിലയിലാണ് ആഭരണ ശേഖരം കണ്ടെത്തിയത്. ദേശീയ സുരക്ഷാ ഏജൻസിയുമായി സഹകരിച്ചാണ് സ്വർണക്കടത്ത് ശ്രമങ്ങൾ റിയാദ് എയർപോർട്ട് കസ്റ്റംസ് പരാജയപ്പെടുത്തിയത്. 
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് സ്വർണക്കടത്ത് പിടികൂടുന്നത്. എയർപോർട്ടിലെത്തിയ രണ്ടു യാത്രക്കാരുടെയും ബാഗുകൾ കസ്റ്റംസ് വിശദമായി പരിശോധിച്ചു. ഇതിനു ശേഷം പ്രത്യേക മുറിയിൽ നടത്തിയ ദേഹപരിശോധനയിലാണ് ആഭരണ ശേഖരങ്ങൾ കണ്ടെത്തിയത്. ആഭരണങ്ങൾ കടത്താൻ ശ്രമിച്ച യാത്രക്കാരെ കസ്റ്റംസ് ഉദ്യോഗസ്ഥർ പരിശോധിക്കുന്നതിന്റെയും സ്വർണ ശേഖരം കണ്ടെത്തുന്നതിന്റെയും ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ സൗദി കസ്റ്റംസ് പുറത്തുവിട്ടു.  സൗദി അറേബ്യയിൽ നിന്ന് പുറത്തു പോകുന്നവരും വിദേശങ്ങൡ നിന്ന് രാജ്യത്തേക്ക് വരുന്നവരും പണവും സ്വർണവും ട്രാവലേഴ്‌സ് ചെക്കുകളും ഉൾപ്പെടെ 60,000 റിയാലിൽ കൂടുതലുള്ള തുകയെ കുറിച്ച് പ്രത്യേക ഫോറത്തിലൂടെ കസ്റ്റംസിനു മുന്നിൽ മുൻകൂട്ടി വെളിപ്പെടുത്തണമെന്ന് പണം വെളുപ്പിക്കൽ വിരുദ്ധ നിയമം അനുശാസിക്കുന്നുണ്ട്.
 

Tags

Latest News