Sorry, you need to enable JavaScript to visit this website.

തൃശൂർ കോർപറേഷൻ പുല്ലഴി ഡിവിഷൻ സ്ഥാനാർഥി എം.കെ. മുകുന്ദൻ നിര്യാതനായി 

തെരഞ്ഞെടുപ്പ് മാറ്റി
തൃശൂർ- തൃശൂർ കോർപറേഷൻ പുല്ലഴി ഡിവിഷനിലെ ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാർഥി ചേറ്റുപുഴ മരവട്ടിക്കൽ വീട്ടിൽ അഡ്വ. എം.കെ. മുകുന്ദൻ (53) അന്തരിച്ചു. തൃശൂർ കോർപറേഷൻ മുൻ പ്രതിപക്ഷ നേതാവും യൂത്ത് കോൺഗ്രസ് മുൻ തൃശൂർ ജില്ലാ പ്രസിഡന്റുമായിരുന്ന മുകുന്ദൻ കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ആഴ്ചകളായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രി എട്ടുമണിയോടെയായിരുന്നു അന്ത്യം.മൃതദേഹം ഇന്നു രാവിലെ ഏഴിന് ചേറ്റുപുഴയിലെ വസതിയിൽ കൊണ്ടുവരും. സംസ്‌കാരം ഉച്ചയ്ക്ക് പന്ത്രണ്ടിന് പാറമേക്കാവ് ശാന്തിഘട്ടിൽ.സ്ഥാനാർഥിയുടെ മരണത്തെ തുടർന്ന് പുല്ലഴി ഡിവിഷനിലെ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു.
ഇടതു സ്വതന്ത്ര സ്ഥാനാർഥിയായി നാമനിർദേശപത്രിക സമർപ്പിച്ചിരുന്നുവെങ്കിലും പ്രചാരണത്തിന് ഇറങ്ങാനായിരുന്നില്ല. എട്ടു ദിവസം മുൻപാണ് മുകുന്ദനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നാമനിർദ്ദേശപത്രിക ഒപ്പിട്ടു കൊടുത്തത് ആശുപത്രിയിൽ വെച്ചായിരുന്നു. ഇന്നലെ രാത്രിയോടെ നില വഷളാവുകയും മരണം സംഭവിക്കുകയുമായിരുന്നു. ഭാര്യ: സുനിത (മെഡിക്കൽ റപ്രസന്ററ്റീവ്)
മക്കൾ: സഞ്ജയ് കൃഷ്ണ (എം.ബി.എ വിദ്യാർഥി), ആദിത്യ കൃഷ്ണ (പ്ലസ് ടു വിദ്യാർഥി വിവേകോദയം ബോയ്‌സ് സ്‌കൂൾ)നിലവിലെ കോർപറേഷൻ ഭരണസമിതിയുടെ അവസാനകാലത്ത് കോൺഗ്രസിലെ തർക്കത്തെ തുടർന്ന് പാർട്ടിയിൽ നിന്ന് രാജിവെക്കുകയും സി.പി.എമ്മിനൊപ്പം സഹകരിക്കുകയുമായിരുന്നു. എസ്.എഫ്.ഐ നേതാവായിരുന്ന കൊച്ചനിയൻ കൊലക്കേസിൽ രണ്ടാംപ്രതിയായിരുന്നു മുകുന്ദൻ. കേസിൽ മുകുന്ദനെ കുറ്റവിമുക്തനാക്കിയിരുന്നുവെങ്കിലും പാർട്ടിയിലെടുക്കുന്നതിൽ ഇടതുപക്ഷത്തെ ഒരു വിഭാഗം കടുത്ത എതിർപ്പുയർത്തിയിരുന്നു. 
കോൺഗ്രസിൽനിന്ന് രാജിവെച്ച് സി.പി.എമ്മിനൊപ്പം സഹകരിക്കാനുള്ള മുകുന്ദന്റെ തീരുമാനത്തെ കോൺഗ്രസും വിമർശിച്ചിരുന്നു. കോൺഗ്രസ് വിട്ടുവന്ന മുകുന്ദനെ പാർട്ടി സ്വതന്ത്രനാക്കി നിർത്തി മത്സരിപ്പിക്കുന്നതിനിടെയാണ് വേർപാട്. 
വിദ്യാർഥി രാഷ്ട്രീയത്തിലൂടെ കടന്നുവന്ന് കെ.എസ്.യുവിലും യൂത്ത് കോൺഗ്രസിലുമെല്ലാം പ്രവർത്തിച്ച മുകുന്ദൻ പ്രാഥമിക വിദ്യാഭ്യാസം ചേറ്റുപുഴയിലെ സ്‌കൂളിലായിരുന്നു. പ്രി ഡിഗ്രിയും ഡിഗ്രിയും പൂർത്തിയാക്കിയത് എൽത്തുരുത്ത് സെന്റ് അലോഷ്യസ് കോളേജിലാണ്.2000 മുതൽ 2020 വരെ തുടർച്ചയായി തൃശൂർ കോർപറേഷൻ കൗൺസിലറായിട്ടുണ്ട്. ചേറ്റുപുഴ, ഒളരി ഡിവിഷനുകളിൽ നിന്നാണ് മുകുന്ദൻ കൗൺസിലിൽ എത്തിയത്.  ഇപ്പോൾ അവസാനിച്ച കൗൺസിലിന്റെ കാലഘട്ടത്തിൽ രാജിവെച്ച് കോൺഗ്രസ് വിടും വരെ കോർപറേഷൻ പ്രതിപക്ഷ നേതാവായിരുന്നു. മുകുന്ദന്റെ മരണവാർത്തയറിഞ്ഞ് രാഷ്ട്രീയ സാമൂഹ്യ മേഖലകളിലെ പ്രമുഖർ ആശുപത്രിയിലെത്തി.

Latest News