Sorry, you need to enable JavaScript to visit this website.

ചായേം കുടിച്ച്, ചായക്കപ്പും തിന്ന്.....

തൃശൂർ- നഗരത്തിൽ നടുവിലാൽ ജംഗ്ഷനു സമീപം എ.ആർ.മേനോൻ റോഡിലുള്ള രാധാകൃഷ്ണ ബേക്കറിയിൽ നിന്ന് ചായ കുടിച്ചു കഴിഞ്ഞാൽ ചായക്കപ്പ് വലിച്ചെറിയേണ്ട. ചായ കുടിച്ച ശേഷം ധൈര്യമായി ചായക്കപ്പ് കടിച്ചു തിന്നാം...
ചായക്കപ്പ് തിന്നുകയോ എന്ന് സംശയിച്ച് തല പുകയ്‌ക്കേണ്ട. തിന്നാൻ പറ്റുന്ന ചായക്കപ്പിൽ ഇവിടെ ചായ കിട്ടും. ബിസ്‌കറ്റ് ചായ എന്നറിയപ്പെടുന്ന ഈ ചായ കൊടുക്കുന്നത് ബിസ്‌കറ്റുകൊണ്ടുള്ള കപ്പിലാണ്. ചായ കുടിച്ച ശേഷം ബിസ്‌കറ്റ് കപ്പ് കടിച്ചു തിന്നാം. ഹൈദരാബാദിൽ നിന്നാണ് ബിസ്‌കറ്റ് കപ്പ് കൊണ്ടുവന്നതെന്ന് രാധാകൃഷ്ണ സ്വീറ്റ്‌സ് ആൻഡ് കറി പോയൻറ് ഉടമ പ്രശാന്ത് മേനോൻ പറഞ്ഞു.ഇന്ത്യയിലെ പല പ്രധാന നഗരങ്ങളിലും ഇത്തരത്തിലുള്ള ബിസ്‌കറ്റ് ചായ വിപണിയിലുണ്ട്.
ഇരുപത് രൂപയാണ് ചായക്ക് ഈടാക്കുന്നത്. ഇപ്പോൾ സാധാരണ രുചിയിലുള്ള ബിസ്‌കറ്റ് കപ്പുകളാണ് എത്തിയിട്ടുള്ളത്. വരും ദിവസങ്ങളിൽ ഇവിടെ വാനില, ചോക്ലേറ്റ് ഫ്‌ളേവറുകളിലുള്ള കപ്പുകൾ എത്തും. ഇരുപതു മിനുറ്റു വരെ കപ്പിൽ ചായ ചോർന്നുപോകാതെ ഇരിക്കും.
പരിസ്ഥിതിക്ക് ദോഷം വരുത്തുന്ന പ്ലാസ്റ്റിക്കടലാസ് കപ്പുകൾക്ക് പകരം തികച്ചും പരിസ്ഥിതി സൗഹൃദമായ ഇത്തരം ബിസ്‌കറ്റ് കപ്പുകൾ വ്യാപകമായി ഉപയോഗിക്കുകയെന്ന സന്ദേശവും ഇവർ നൽകുന്നു. ഈ കപ്പുകൾ മണ്ണിൽ വലിച്ചെറിഞ്ഞാൽ പോലും അവ പെട്ടന്ന് നശിച്ചുപോകുമെന്നതിനാൽ പ്രകൃതിക്ക് യാതൊരു ദോഷവും ഉണ്ടാക്കുന്നില്ല. ചായ കുടിച്ച് ചായക്കപ്പ് തിന്നുന്നതിന്റെ വീഡിയോകൾ വൈറലായതോടെ നിരവധി പേർ ബിസ്‌കറ്റ് ചായ തേടി ഇവിടെയെത്തുന്നുണ്ട്. ഒരു പുതുമയെന്ന നിലയ്ക്കാണ് കഴിഞ്ഞ ദിവസം ബിസ്‌കറ്റ് ചായ വിൽപന തുടങ്ങിയതെന്നും ആദ്യ ദിവസം തന്നെ നല്ല കച്ചവടമാണെന്നും ഉടമ പറഞ്ഞു.
 

Latest News