Sorry, you need to enable JavaScript to visit this website.

ജിദ്ദയിലും മക്കയിലും തായിഫിലും ശക്തമായ മഴ-video

ജിദ്ദ - കാലാവസ്ഥാ നിരീക്ഷണ, പരിസ്ഥിതി സംരക്ഷണ വകുപ്പ് പ്രവചിച്ചതു പോലെ ജിദ്ദയിലും മക്കയിലും കനത്ത മഴ പെയ്തു. തായിഫിലും പരിസര പ്രദേശങ്ങളിലും മഴയുണ്ടായി. ശക്തമായ കാറ്റു മൂലം ജിദ്ദ തുറമുഖത്ത്  രാവിലെ കപ്പല്‍ ഗതാഗതം മണിക്കൂറുകളോളം നിര്‍ത്തിവെച്ചു. കാറ്റിന്റെ ശക്തി കുറഞ്ഞതിനെ തുടര്‍ന്നാണ്  കപ്പല്‍ ഗതാഗതം പുനരാരംഭിച്ചത്. എന്നാല്‍ കനത്ത മഴയും കാറ്റും ജിദ്ദ എയര്‍പോര്‍ട്ടില്‍ വിമാന സര്‍വീസുകളെ ബാധിച്ചില്ല.
ശക്തമായ കാറ്റിന്റെയും ഇടിമിന്നലിന്റെയും അകമ്പടിയോടെയാണ് ജിദ്ദയില്‍ മഴ പെയ്തത്. ജിദ്ദയില്‍ വെള്ളം കയറിയ റോഡുകളില്‍ നിരവധി വാഹനങ്ങള്‍ കുടുങ്ങി. ചില കാറുകള്‍ വെള്ളത്തില്‍ മൂടി. ഇതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമ ഉപയോക്താക്കള്‍ പങ്കുവെച്ചു.

വെള്ളം കയറിയതിനാല്‍ ജിദ്ദയിലെ അടിപ്പാതകളൊന്നും അടച്ചിടേണ്ടിവന്നിട്ടില്ലെന്ന് ജിദ്ദ നഗരസഭ വക്താവ് മുഹമ്മദ് അല്‍ബഖമി പറഞ്ഞു. ഉത്തര ജിദ്ദയിലും ദക്ഷിണ ജിദ്ദയിലും വെള്ളം കെട്ടിക്കിടന്ന പ്രദേശങ്ങളില്‍ നിന്ന് ജിദ്ദ നഗരസഭ ടാങ്കറുകളും മോട്ടോറുകളും ഉപയോഗിച്ച് അടിച്ചൊഴിവാക്കുന്നതിന് ശ്രമങ്ങള്‍ തുടരുകയാണ്.

വിശുദ്ധ ഹറമില്‍ കോരിച്ചൊരിഞ്ഞ മഴ വകവെക്കാതെ തീര്‍ഥാടകര്‍ ഉംറ കര്‍മം നിര്‍വഹിച്ചു. ഇതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ  സാമൂഹികമാധ്യമങ്ങളില്‍ വൈറലായി. മക്കയില്‍ കനത്ത മഴയില്‍ ചില റോഡുകളില്‍ വെള്ളം കയറിനെ തുടര്‍ന്ന് ട്രാഫിക് പോലീസ് ഗതാഗതം തിരിച്ചുവിട്ടു.  
ഞായറാഴ്ച വരെ സൗദിയിലെ വിവിധ പ്രവിശ്യകളില്‍ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ, പരിസ്ഥിതി സംരക്ഷണ വകുപ്പ് അറിയിച്ചിട്ടുണ്ട്. മക്ക പ്രവിശ്യക്കു പുറമെ, മദീന, അല്‍ബാഹ, അസീര്‍, ജിസാന്‍, റിയാദ്, കിഴക്കന്‍ പ്രവിശ്യ, ഹായില്‍, അല്‍ഖസീം, ഉത്തര അതിര്‍ത്തി പ്രവിശ്യ എന്നിവിടങ്ങളിലും മഴക്കു സാധ്യതയുണ്ട്.

Tags

Latest News