Sorry, you need to enable JavaScript to visit this website.

സൗദിയിലെ പള്ളികളില്‍ ഗ്ലാസ് പാര്‍ട്ടീഷനുകള്‍ വ്യാപിപ്പിക്കുന്നു

റിയാദ്- സൗദിയിലെ മസ്ജിദുളില്‍ ഗ്ലാസ് പാര്‍ട്ടീഷനുകള്‍ സ്ഥാപിക്കുന്ന പദ്ധതി വ്യാപിപ്പിക്കുന്നു. വൈദ്യുതി ഉപയോഗം കുറക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇസ്‌ലാമികകാര്യ മന്ത്രാലയത്തിന്റെ പദ്ധതി. ഇതിനകം നിരവധി പള്ളികളില്‍ പദ്ധതി നടപ്പാക്കിയിട്ടുണ്ട്. മക്ക, കിഴക്കന്‍ പ്രവിശ്യ, അല്‍ജൗഫ് പ്രവിശ്യകളിലെ മസ്ജിദുകളില്‍ പുതുതായി ഗ്ലാസ് പാര്‍ട്ടീഷനുകള്‍ സ്ഥാപിക്കുന്നതിന് കരാറുകള്‍ നല്‍കാന്‍ മന്ത്രാലയം ആലോചിക്കുന്നു. മക്ക പ്രവിശ്യയില്‍ പെട്ട ജിദ്ദയിലും തായിഫിലും മോയയിലും 38 ജുമാമസ്ജിദുകളിലും അല്‍ജൗഫ് പ്രവിശ്യയില്‍ 20 മസ്ജിദുകളിലും കിഴക്കന്‍ പ്രവിശ്യയിലെ നിരവധി പള്ളികളിലും ഗ്ലാസ് പാര്‍ട്ടീഷനുകള്‍ സ്ഥാപിക്കാനാണ് പദ്ധതി.

https://www.malayalamnewsdaily.com/sites/default/files/2020/11/26/p2masjid.jpg
മസ്ജിദുകളില്‍ എയര്‍ കണ്ടീഷനറുകളും ലൈറ്റുകളും പ്രവര്‍ത്തിപ്പിക്കുന്നതിന് ആവശ്യമായ വൈദ്യുതിയുടെ 70 ശതമാനം ലാഭിക്കാന്‍ പാര്‍ട്ടീഷനുകള്‍ സഹായിക്കും. ഏറെ വിശാലമായ മസ്ജിദുകളില്‍ വെള്ളിയാഴ്ച ജുമുഅ ഒഴികെയുള്ള നിര്‍ബന്ധ നമസ്‌കാരങ്ങളില്‍ താരതമ്യേനെ വളരെ കുറഞ്ഞ പങ്കാളിത്തമാണുണ്ടാകുന്നത്. ഇക്കാര്യം കണക്കിലെടുത്താണ് പരിമിതമായ ആളുകള്‍ മാത്രം പങ്കെടുക്കുന്ന നമസ്‌കാരങ്ങള്‍ക്കു വേണ്ടി വിശാലമായ മസ്ജിദുകള്‍ മുഴുവനായും ഉപയോഗപ്പെടുത്തുന്ന സാഹചര്യം ഒഴിവാക്കി  പള്ളികള്‍ പാര്‍ട്ടീഷന്‍ ചെയ്യുന്നത്.
പാര്‍ട്ടീഷന്‍ ചെയ്യുന്ന ഭാഗം ആവശ്യമെങ്കില്‍ വിശുദ്ധ റമദാനില്‍ സ്ത്രീകള്‍ക്കു വേണ്ടി ഉപയോഗിക്കാനും സാധിക്കും. മസ്ജിദുകളിലെ എയര്‍ കണ്ടീഷനറുകളുടെ ആയുസ് ദീര്‍ഘിപ്പിക്കാനും കാര്‍പെറ്റുകളും മറ്റും കേടാകാതെ നോക്കാനും പാര്‍ട്ടീഷന്‍ സഹായിക്കും. ഏറെ വിശാലമായ മസ്ജിദുകളില്‍ ഗ്ലാസ് പാര്‍ട്ടീഷനുകള്‍ സ്ഥാപിക്കുന്ന പദ്ധതി ഒമ്പതു വര്‍ഷം മുമ്പാണ് ഇസ്‌ലാമികകാര്യ മന്ത്രാലയം നടപ്പാക്കി തുടങ്ങിയത്.

 

Tags

Latest News