Sorry, you need to enable JavaScript to visit this website.

മറഡോണ: പിശാചോ മാലാഖയോ?

ഒരേസമയം പിശാചും മാലാഖയുമായിരുന്നു ഡിയേഗൊ മറഡോണ. ആ അതുല്യ വ്യക്തിത്വത്തിന്റെ രത്‌നച്ചുരുക്കമായിരുന്നു 1986 ജൂണ്‍ 22 ന് മെക്‌സിക്കൊ സിറ്റിയിലെ അസ്റ്റെക്ക സ്റ്റേഡിയം കണ്ടത്. ഇംഗ്ലണ്ടിനെതിരായ ക്വാര്‍ട്ടറില്‍ അഞ്ചു മിനിറ്റിനിടെ അര്‍ജന്റീനാ നായകന്‍ രണ്ടു ഗോളടിച്ചു. ഒന്ന് റഫറിയെ പൂര്‍ണമായും പറ്റിച്ച് കൈ കൊണ്ടായിരുന്നു, രണ്ടാമത്തേത് ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ചതും. 
തുനീഷ്യക്കാരന്‍ റഫറി അലി ബിന്‍ നാസറിനു പിന്നാലെയോടി ഇംഗ്ലണ്ട് ഡിഫന്റര്‍ ടെറി ഫെന്‍വിക് വാദിച്ചിട്ടും ആദ്യത്തെ ഗോള്‍ നിലനിന്നു. കാരണം ഒരു സംശയവും ജനിപ്പിക്കാതെയാണ് മറഡോണ കൈയുയര്‍ത്തി മധ്യവര വരെ ഓടിയത്. വെറും 166 സെ.മീ ഉയരമുള്ള മറഡോണ 185 സെ.മീ ഉയരമുള്ള ഇംഗ്ലണ്ട് ഗോളി പീറ്റര്‍ ഷില്‍ട്ടനുമേലെ ചാടി ഇടങ്കൈ കൊണ്ട് പന്ത് തട്ടുമെന്ന് അധികമാര്‍ക്കും വിശ്വസിക്കാനും കഴിഞ്ഞിരുന്നില്ല. 
ആ ഗോളിനോളം പ്രസിദ്ധമാണ് അതിന് മറഡോണ നല്‍കിയ പേര്, ദൈവത്തിന്റെ കൈ. അര്‍ജന്റീനയെ ഒന്നാന്തരമായി ഇംഗ്ലണ്ട് പ്രതിരോധിച്ചു കൊണ്ടിരിക്കുമ്പോഴാണ് അപ്രതീക്ഷിതമായി ഗോള്‍ പിറന്നത്. രണ്ടാം പകുതിയുടെ ആറാം മിനിറ്റില്‍ മറഡോണ പ്രതിരോധം കടന്ന് പന്ത് ജോര്‍ജെ വാല്‍ദാനോക്ക് മറിച്ചു, ക്രോസിനായി നേരെ പെനാല്‍ട്ടി ബോക്‌സിലേക്ക് ഓടി. പക്ഷെ പന്ത് ഇംഗ്ലണ്ട് ലെഫ്റ്റ് ബാക്ക് സ്റ്റീവ് ഹോഡ്ജിനാണ് കിട്ടിയത്. ഹോഡ്ജിന്റെ ക്ലിയറന്‍സ് പക്ഷെ ലക്ഷ്യം പിഴച്ചു. അത് ഓടിവന്ന മറഡോണയുടെ നേരെയാണ് ഉയര്‍ന്നത്. അതികായനായ ഇംഗ്ലണ്ട് ഗോളി പീറ്റര്‍ ഷില്‍ട്ടനും പന്ത് പിടിക്കാനായി മുന്നോട്ടാഞ്ഞു. ഷില്‍ട്ടനെക്കാള്‍ 20 സെ.മീറ്ററോളം ഉയരം കുറവായിട്ടും ഗോളിയെക്കാള്‍ ഉയരത്തില്‍ ചാടി ഹെഡ് ചെയ്യുകയാണെന്ന ഭാവേന മറഡോണ പന്ത് വലയിലേക്ക് തട്ടി. റഫറിയെ കബളിപ്പിക്കാനായി കൂട്ടുകാരെയും വിളിച്ച് ആഘോഷമാരംഭിക്കുകയും ചെയ്തു. നിമിഷാര്‍ധത്തില്‍ നടന്ന നാടകമൊന്നുമറിയാതെ റഫറി ഗോളിന് വിസിലൂതി. 
'കൂട്ടുകാരുടെ ആഘോഷത്തിനായി ഞാന്‍ അക്ഷമ കൊണ്ടു, വേഗം വന്ന് കെട്ടിപ്പിടിക്കൂ അല്ലെങ്കില്‍ റഫറി സംശയിക്കുമെന്ന് അവരോട് പറഞ്ഞു' -മറഡോണ പിന്നീട് വെളിപ്പെടുത്തി. മത്സര ശേഷം വിവാദ ഗോളിനെക്കുറിച്ച്  മറഡോണ നടത്തിയ ന്യായീകരണമാണ് അതിന് ഐതിഹാസികതയുടെ കൈയൊപ്പ് ചാര്‍ത്തിയത്. 'കുറച്ച് മറഡോണയുടെ തല കൊണ്ടും കുറച്ച് ദൈവത്തിന്റെ കൈ കൊണ്ടും' നേടിയ ഗോള്‍ എന്നാണ് മറഡോണ പറഞ്ഞത്. തെമ്മാടിയുടെ കൈ എന്ന് ഇംഗ്ലണ്ട് കോച്ച് ബോബി റോബ്‌സന്‍ തിരുത്തി. 
റഫറിയെ കബളിപ്പിക്കാന്‍ മറഡോണക്ക് ന്യായമുണ്ടായിരുന്നു: 'ഒരു കള്ളനെ പോക്കറ്റടിച്ചാല്‍ ശിക്ഷയുണ്ടാവില്ല. ഞാന്‍ ഇംഗ്ലണ്ടിനെ പോക്കറ്റടിക്കുകയായിരുന്നു. ഇത് ചതിയല്ല, കഴിവാണ്'.
ഫാക്‌ലന്റ് ദ്വീപിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് ഇംഗ്ലണ്ടും അര്‍ജന്റീനയും തമ്മിലുള്ള തര്‍ക്കത്തെക്കുറിച്ചാണ് മറഡോണ പരാമര്‍ശിച്ചത്. 1966 ലെ ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ അര്‍ജന്റീനയുടെ റാറ്റിന്‍ പുറത്താക്കപ്പെട്ടതു മുതല്‍ ഇരു ടീമുകളും തമ്മിലുള്ള പോരാട്ടത്തിന് എരിവേറെയായിരുന്നു. 2006 ലെ ലോകകപ്പില്‍ അര്‍ജന്റീനയുടെ ലിയണല്‍ മെസ്സി കൊണ്ടുവന്ന ബൂട്ടിലെല്ലാം 'മെക്‌സിക്കൊ 86, ദൈവത്തിന്റെ കൈ' എന്നു രേഖപ്പെടുത്തിയിരുന്നു. സ്‌കോട്‌ലന്റിലെ ഒരു ബാറിനു മുതല്‍ അമേരിക്കയിലെ ഒരു കാര്‍ട്ടൂണ്‍ പരമ്പരക്കു വരെ പിന്നീട് 'ദൈവത്തിന്റെ കൈ' എന്ന പേരു വന്നു. 
അതേ മത്സരത്തിലെ രണ്ടാമത്തെ ഗോള്‍ മറഡോണയുടെ പാപക്കറ മുഴുവന്‍ തീര്‍ക്കുന്നതായിരുന്നു. 
രണ്ടാം പകുതിയില്‍ ഇംഗ്ലണ്ട് തിരിച്ചുവന്നു. 81 ാം മിനിറ്റില്‍ പകരക്കാരന്‍ ജോണ്‍ ബാണ്‍സിന്റെ ക്രോസില്‍ ലിനേക്കര്‍ ഒരു ഗോള്‍ തിരിച്ചടിച്ചു. ബാണ്‍സ് വീണ്ടും ക്രോസ് ചെയ്തപ്പോള്‍ ലിനേക്കര്‍ക്ക് തെല്ലിട പിഴച്ചു. അര്‍ജന്റീന സെമിയിലേക്കു മുന്നേറി. സെമിയില്‍ ബെല്‍ജിയത്തിനെതിരെ അമ്പരപ്പിക്കുന്ന രണ്ടു ഗോള്‍ കൂടി മറഡോണ നേടി. ഫൈനലില്‍ താരതമ്യേന നിശ്ശബ്ദമായിരുന്നുവെങ്കിലും നിര്‍ണായകമായ മൂന്നാം ഗോളിന് അവസരമൊരുക്കി. 

 

Latest News