Sorry, you need to enable JavaScript to visit this website.

ഓസ്‌ട്രേലിയന്‍ ഫുട്‌ബോളര്‍മാര്‍ ഇന്ത്യയിലേക്ക് ഒഴുകുന്നതെന്തിന്?

ന്യൂദല്‍ഹി - ഇന്ത്യന്‍ സൂപ്പര്‍ ലീഗിലേക്ക് കളിക്കാര്‍ ഒഴുകുന്നത് ഓസ്‌ട്രേലിയന്‍് ഫുട്‌ബോളില്‍ ആശങ്ക സൃഷ്ടിക്കുന്നു. കൊറോണ വൈറസ് ലോക്ഡൗണിനു ശേഷം ഓസ്‌ട്രേലിയന്‍ ഫുട്‌ബോല്‍ മൃതപ്രായമായി കിടക്കുകയാണ്. കഴിഞ്ഞ വര്‍ഷം രണ്ട് ഓസ്‌ട്രേലിയന്‍് കളിക്കാരാണ് ഐ.എസ്.എല്ലിലുണ്ടായിരുന്നത്. ഇത്തവണ അത് പത്തായി ഉയര്‍ന്നു. ഓസ്‌ട്രേലിയന്‍ ലീഗില്‍ കളിച്ചിരുന്ന ഓസ്‌ട്രേലിയക്കാരല്ലാത്തവരും ഐ.എസ്.എല്ലിലേക്ക് ചേക്കേറിയിട്ടുണ്ട്. കഴിഞ്ഞ സീസണിലെ രണ്ടാമത്തെ ടോപ്‌സ്‌കോററായിരുന്ന ഇംഗ്ലണ്ടുകാരനായ സ്‌ട്രൈക്കര്‍ ആഡം ലെ ഫോണ്‍ഡ്രെ സിഡ്‌നി എഫ്.സി വിട്ട് ഐ.എസ്.എല്ലില്‍ ചേര്‍ന്നു. ജര്‍മന്‍കാരനായ ഡിഫന്റര്‍ മാറ്റി സ്റ്റെയ്ന്‍മാന്‍, വെയ്ല്‍സ് താരം ആരണ്‍ ഹോളോവേ എന്നിവരും ലെ ഫോണ്‍ഡ്രെയുടെ വഴി പിന്തുടര്‍ന്നു. 
ഓസ്‌ട്രേലിയന്‍ ലീഗ് വന്‍ പ്രതിസന്ധി നേരിടുകയാണ്. സംപ്രേഷണാവകാശത്തില്‍ നിന്ന് ലഭിക്കുന്ന തുക കോവിഡിനെത്തുടര്‍ന്ന് 30 ശതമാനം കുറയും. ഈ സാഹചര്യത്തിലാണ് കളിക്കാര്‍ ഐ.എസ്.എല്ലില്‍ പുതിയ പച്ചപ്പ് കണ്ടെത്തുന്നത്. സാധാരണ വിരമിക്കാനാവുമ്പോഴാണ് കളിക്കാര്‍ ഐ.എസ്.എല്ലിലേക്ക് വരുന്നത്. എന്നാല്‍ സെന്‍ട്രല്‍ കോസ്റ്റ് മറൈനേഴ്‌സില്‍ നിന്ന് നോര്‍ത്ഈസ്റ്റ് യുനൈറ്റഡിലെത്തിയ ഡിഫന്റര്‍ ഡൈലാന്‍ ഫോക്‌സിന് ഇരുപത്താറ് വയസ്സേയുള്ളൂ. 
ഐ.എസ്.എല്‍ ഇന്ത്യയുടെ ഒന്നാം ഡിവിഷന്‍ ലീഗായി ഈയിടെ ഉയര്‍ന്നു. എഫ്.സി ഗോവ ഏഷ്യന്‍ ചാമ്പ്യന്‍സ് ലീഗില്‍ കളിക്കുന്ന പ്രഥമ ഇന്ത്യന്‍ ക്ലബ്ബാവും. അതേസമയം 2005 ല്‍ തുടങ്ങിയ എ-ലീഗിന് നിറം മങ്ങുകയാണ്. ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബെയ്ന്‍ റോറില്‍ നിന്നാണ് ലിവര്‍പൂള്‍ രോമാഞ്ചമായ മുന്‍ ഇംഗ്ലണ്ട് സ്‌ട്രൈക്കര്‍ റോബി ഫൗളര്‍ ഈസ്റ്റ് ബംഗാളിന്റെ കോച്ചായി സ്ഥാനമേറ്റെടുത്തത്. ഓസ്‌ട്രേലിയന്‍ ലീഗിലെ മൂന്ന് കളിക്കാരെ ഫൗളര്‍ ഈസ്റ്റ് ബംഗാളിലേക്ക് കൊണ്ടുവന്നു. 
ഡിഫന്റര്‍ എറിക് പാര്‍താലുവാണ് ഐ.എസ്.എല്ലിലെ ഏറ്റവും പരിചയസമ്പന്നനായ ഓസ്‌ട്രേലിയക്കാരന്‍. ബംഗളൂരു എഫ്.സിയില്‍ പാര്‍താലുവിന് ഇത് നാലാം സീസണാണ്. ഐ.എസ്.എല്ലിലെ സാധ്യതകള്‍ തേടി പാര്‍താലുവിന് നിരവധി ഫോണ്‍ കോളുകളാണ് ലഭിക്കുന്നത്. ഇന്ത്യന്‍ ക്ലബ്ബുകള്‍ വിദേശ കളിക്കാരെ ആദരവോടെയാണ് പരിഗണിക്കുന്നതെന്ന് പാര്‍താലു പറയുന്നു. 

Latest News