Sorry, you need to enable JavaScript to visit this website.

സൗദി പൗരന്റെ കാരുണ്യത്തിൽ മലയാളിക്ക് ജയിൽ മോചനം

സോഷ്യൽ ഫോറം ഇടപെടൽ സഹായകമായി

വാദി ദവാസിർ- വാഹനാപകടക്കേസിൽ ഒന്നരവർഷമായി വാദിദവാസിറിൽ ജയിൽവാസം അനുഭവിക്കുകയായിരുന്ന മലയാളി യുവാവ് ഇന്ത്യൻ സോഷ്യൽ ഫോറത്തിന്റെ ഇടപെടലും സൗദി പൗരന്റെ കാരുണ്യഹസ്തവും വഴി മോചിതനായി. മലപ്പുറം തിരുന്നാവായ ഇടക്കുളം സ്വദേശി ചെറുപറമ്പിൽ നൗഫൽ ആണ് സ്വദേശി പൗരന്റെ സുമനസ്സാൽ ജയിൽ മോചിതനായത്.
2019 ഓഗസ്റ്റിലാണ് നൗഫലിന്റെ ജയിൽ വാസത്തിനാസ്പദമായ വാഹനാപകടമുണ്ടായത്. ഏഴു സ്വദേശി വനിതകളെയും കൊണ്ട് പോയ വാഹനം നിയന്ത്രണം വിട്ടു മറിഞ്ഞുണ്ടായ അപകടത്തിൽ ഒരു സ്ത്രീ മരിക്കുകയും മറ്റുള്ളവർക്ക് സാരമായ പരിക്കേൽക്കുകയും ചെയ്തിരുന്നു. വാഹനം ഓടിച്ചിരുന്ന നൗഫൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടെങ്കിലും സൗദി ട്രാഫിക് നിയമപ്രകാരം അദ്ദേഹത്തെ അറസ്റ്റ് ചെയ്തു ജലയിലിലടക്കുകയുമായിരുന്നു. അപകടത്തിൽപ്പെട്ട വാഹനത്തിനു ഇൻഷുറൻസ് ഇല്ലാതിരുന്നതും കേസിനെ പ്രതികൂലമായി ബാധിച്ചു.
കോവിഡിന്റെ പശ്ചാത്തലത്തിൽ കോടതി നടപടികൾ മന്ദഗതിയിലായതും മറ്റും വിചാരണ വേഗത്തിലാക്കുന്നതിന് തടസ്സമായി. തുടർന്ന് ഇന്ത്യൻ സോഷ്യൽ ഫോറം വെൽഫെയർ ഇൻ ചാർജ് അബ്ദുൽ ലത്തീഫ് മാനന്തേരിയുടെ നേതൃത്വത്തിൽ വിഷയത്തിൽ  ഇടപെടുകയും നടപടികൾ വേഗത്തിലാക്കാൻ അപേക്ഷ നൽകുകയും ചെയ്തു. പിന്നീട് കേസ് നടപടികളിൽ അമീറിന്റെ കാര്യാലയം ഇടപെട്ടു ത്വരിതഗതിയിലാക്കുകയും ചെയ്തു.
മനഃപൂർവം അശ്രദ്ധമായി വാഹനമോടിച്ച് അപകടം വരുത്തിയെന്ന് പബ്ലിക് പ്രോസിക്യൂട്ടർ കോടതിയിൽ വാദിച്ചെങ്കിലും ഇക്കാര്യം തള്ളുകയും നൗഫലിനെ കുറ്റവിമുക്തനാക്കുകയും ചെയ്തു. എന്നാൽ അപകടത്തിൽ മരണപ്പെട്ട സ്വദേശി വനിതയുടെ കുടുംബത്തിനും പരിക്കേറ്റ മറ്റു വനിതകൾക്കുമുള്ള ബ്ലഡ് മണി സംബന്ധമായ കേസ് നിലനിൽക്കുകയും നൗഫലിന്റെ സ്‌പോൺസർ കേസുമായി സഹകരിക്കാതിരിക്കുകയും ചെയ്തതിനാൽ ജാമ്യം ലഭിക്കാതെയുമായി.
നൗഫലിന്റെയും കുടുംബത്തിന്റെയും പരാധീനതകൾ പരിക്കേറ്റവരുടെ ബന്ധുക്കളെ ബോധ്യപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിൽ അവരുടെ കുടുംബങ്ങൾ നഷ്ടപരിഹാരം വേണ്ടെന്നു ബോധിപ്പിച്ചു. എന്നാൽ മരണപ്പെട്ട വനിതയുടെ ബന്ധുക്കൾ നഷ്ടപരിഹാരത്തുകയായി ഒന്നരലക്ഷം റിയാൽ വേണമെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയും ചെയ്തു. തുടർന്ന് നഷ്ടപരിഹാരത്തുക നൽകി കേസ് ഒത്തുതീർപ്പാക്കാൻ സോഷ്യൽ ഫോറം നീക്കം നടത്തുകയായിരുന്നു. 
സാമ്പത്തികമായി വളരെ താഴ്ന്ന നിലയിലുള്ള നൗഫലിന് ചിന്തിക്കാൻ പോലും കഴിയുന്നതായിരുന്നില്ല ഇത്രയും വലിയ തുക സ്വരൂപിക്കൽ. നിലവിലെ സാഹചര്യത്തിൽ സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന  ഇന്ത്യൻ സമൂഹത്തിനും ഭാരമായിരുന്നു വലിയൊരു തുക സമാഹരിക്കൽ. സോഷ്യൽ ഫോറം വെൽഫെയർ വിഭാഗം സ്വദേശി പൗരന്മാരെ കാര്യങ്ങൾ ബോധിപ്പിക്കുകയും പ്രദേശത്തെ പൗരപ്രമുഖരെ ബന്ധപ്പെട്ടു മരണപ്പെട്ട സ്ത്രീയുടെ ബന്ധുക്കളെ കണ്ടു നഷ്ടപരിഹാരത്തുക കുറക്കാൻ ശ്രമങ്ങൾ നടത്തുകയും ചെയ്തു.
അവസാനം 80,000 റിയാൽ നഷ്ടപരിഹാരം നൽകണം എന്ന ആവശ്യത്തിന് രണ്ടാഴ്ചത്തെ സമയം ചോദിക്കുകയും ചർച്ചകൾ തുടരുകയും ചെയ്തു. പിന്നീട് വീണ്ടും സ്വദേശി പ്രമുഖരുടെ ഇടപെടലുകൾമൂലം 60,000 റിയാൽ നഷ്ടപരിഹാരം നൽകി കേസ് ഒത്തുതീർക്കുകയായിരുന്നു.
പ്രദേശത്ത് ജീവകാരുണ്യ പ്രവർത്തനത്തിന് എന്നും മാതൃകയായിട്ടുള്ള  സൗദി കുടുംബം 45,000 റിയാൽ നൽകി സഹായിച്ചു. നൗഫലിന്റെ സഹോദരി ഭർത്താവും സോഷ്യൽ ഫോറം വെൽഫെയർ വിഭാഗവും ബാക്കി തുക കണ്ടെത്തുകയും നടപടികൾ വേഗത്തിലാക്കുകയും ചെയ്തു. കേസിന്റെ ഒത്തുതീർപ്പ് നടപടികൾക്ക് ഷെയ്ഖ് മുബാറക് ഇബ്രാഹിം ദോസരി സന്നിഹിതനായിരുന്നു.
സോഷ്യൽ ഫോറം വാദിദവാസിർ ബ്ലോക്ക് പ്രസിഡന്റ് അബ്ദുൽ ഗഫൂർ തിരുനാവായ, സെക്രട്ടറി സൈഫുദ്ദീൻ ആലുവ, താജുദ്ദീൻ അഞ്ചൽ, സൈഫുദ്ദീൻ കണ്ണൂർ എന്നിവർ നിയമ സഹായത്തിനും മറ്റു നടപടികൾക്കുമായി രംഗത്തുണ്ടായിരുന്നു.
 

Tags

Latest News