ദുബായ് - സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ ഇന്നിംഗ്സ് ഓപണ്‍ ചെയ്യാന്‍ അവസരം കിട്ടിയത് വൃദ്ധിമാന്‍ സാഹ പൂര്‍ണമായും മുതലാക്കി. ക്യാപ്റ്റന്‍ ഡേവിഡ് വാണറുമൊത്ത് പവര്‍പ്ലേയില്‍ സ്കോര്‍ ചെയ്ത റണ്‍സിന്റെ റെക്കോര്‍ഡ് സൃഷ്ടിച്ചു. ദല്‍ഹി കാപിറ്റല്‍സിന്റെ മികച്ച ബൗളിംഗ് നിരക്കെതിരെ ആദ്യ ആറോവറില്‍ ഇരുവരും അടിച്ചെടുത്തത് 77 റണ്‍സാണ്. ഈ സീസണില്‍ പവര്‍പ്ലേ ഓവറുകള്‍ക്കിടയില്‍ അര്‍ധ സെഞ്ചുറി തികക്കുന്ന ആദ്യ കളിക്കാരനായി ഡേവിഡ് വാണര്‍ (34 പന്തില്‍ 66). രണ്ട് സിക്സറും ആറ് ബൗണ്ടറിയുമായി 25 പന്തില്‍ വാണര്‍ അര്‍ധ ശതകം പിന്നിട്ടു. 27 പന്തിലായിരുന്നു സാഹയുടെ അര്‍ധ ശതകം. 8.4 ഓവറില്‍ ഹൈദരാബാദ് 100 റണ്‍സ് പിന്നിട്ടു. 12.5 ഓവറില്‍ 150 കടന്നു.
വാണര്‍ പുറത്തായ ശേഷവും സാഹ (45 പന്തില്‍ 87) അടി തുടര്‍ന്നു. മനീഷ് പാണ്ഡെയുമൊത്ത് 21 പന്തില്‍ അര്‍ധ സെഞ്ചുറി കൂട്ടുകെട്ടുണ്ടാക്കി. സിക്സറിനുള്ള ശ്രമത്തിലാണ് സാഹ പുറത്തായത്. ഈ സീസണില്‍ സാഹയുടെ രണ്ടാമത്തെ മാത്രം മത്സരമാണ് ഇത്.
ആദ്യ രണ്ടോവറില്‍ കഗീസൊ റബാദ 37 റണ്‍സ് വഴങ്ങി. ഒരു വിക്കറ്റും നേടാതെയാണ് റബാദ ബൗളിംഗ് അവസാനിപ്പിച്ചത്. അമ്പതിലേറെ റണ്‍സ് വഴങ്ങി (4-0-54-0). ഐ.പി.എല്ലില്‍ അവസാനമായി റബാദക്ക് വിക്കറ്റ് ലഭിക്കാതിരുന്നത് 25 മത്സരം മുമ്പാണ്, 2017 ല്‍.