Sorry, you need to enable JavaScript to visit this website.

പിര്‍ലൊ-കൂമന്‍ സൂപ്പര്‍  അങ്കത്തിനായി യൂറോപ്പ്

മിലാന്‍ - യുവന്റസും ബാഴ്‌സലോണയും തമ്മിലുള്ള ചാമ്പ്യന്‍സ് ലീഗ് പോരാട്ടം കോച്ചുമാരുടെ അങ്കം കൂടിയാവും. തന്റെ കോച്ചിംഗ് കരിയറിലെ ആദ്യത്തെ പ്രധാന പരീക്ഷക്ക് തയാറെടുക്കുകയാണ് യുവന്റസിന്റെ ആന്ദ്രെ പിര്‍ലൊ. മറുവശത്ത് പരിചയസമ്പന്നനായ റോണള്‍ഡ് കൂമന്‍. യുവന്റസും ബാഴ്‌സലോണയും ബുധനാഴ്ചയാണ് യൂറോപ്യന്‍ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളിന്റെ ഗ്രൂപ്പ് ഘട്ടത്തില്‍ ഏറ്റുമുട്ടുന്നത്. ടീമിലെ ഏറ്റവും പ്രമുഖ താരം ക്രിസ്റ്റ്യാനൊ റൊണാള്‍ഡൊ ഇല്ലാതെയാണ് പിര്‍ലൊ ഏറ്റവും പ്രധാനപ്പെട്ട മത്സരത്തിന് ടീമിനെ ഒരുക്കുന്നത്. റൊണാള്‍ഡൊ കോവിഡ് പോസിറ്റാവായി വിട്ടുനില്‍ക്കുകയാണ്. ലിയണല്‍ മെസ്സി-റൊണാള്‍ഡൊ പോരാട്ടത്തിനായി കാത്തിരുന്ന ആരാധകരും നിരാശരാണ്.
കഴിഞ്ഞ സീസണിലെ ചാമ്പ്യന്‍സ് ലീഗിന്റെ പ്രി ക്വാര്‍ട്ടറില്‍ യുവന്റസ് പുറത്തായതിന് തൊട്ടുപിന്നാലെ മൗറിസിയൊ സാരിയെ പുറത്താക്കിയാണ് പിര്‍ലോയെ നിയമിച്ചത്. പിര്‍ലോക്ക് ഒരു കോച്ചിംഗ് പരിചയവും ഇല്ല. യുവന്റസ് രണ്ടു തവണ യൂറോപ്യന്‍ ചാമ്പ്യന്മാരായിട്ടുണ്ട്. രണ്ടും 1996 ന് മുമ്പ്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ രണ്ടു തവണയുള്‍പ്പെടെ ഏഴു പ്രാവശ്യം റണ്ണര്‍അപ്പായിട്ടുണ്ട്. 
നാല്‍പത്തൊന്നുകാരനായ പിര്‍ലൊ അവസാനം യുവന്റസ് കുപ്പായമിട്ടത് 2015 ലെ ചാമ്പ്യന്‍സ് ലീഗ് ഫൈനലിലാണ്. യുവന്റസ് അന്ന് തോറ്റത് ബാഴ്‌സലോണയോടായിരുന്നു, 3-1 ന്. പിര്‍ലോക്ക് കീഴില്‍ ഈ സീസണില്‍ യുവന്റസ് ഒരു മത്സരവും തോറ്റിട്ടില്ല. എങ്കിലും ഇറ്റാലിയന്‍ ലീഗില്‍ യുവന്റസ് അഞ്ചാം സ്ഥാനത്താണ്. അഞ്ചു കളികളില്‍ മൂന്നും സമനിലയായി. 
സ്പാനിഷ് ലീഗില്‍ റയല്‍ മഡ്രീഡിനോട് ഹോം മത്സരം തോറ്റ ക്ഷീണത്തിലാണ് ബാഴ്‌സലോണ ഇറ്റലിയിലേക്ക് വരുന്നത്. മധ്യനിരയില്‍ തന്ത്രങ്ങളില്ലാതെ തപ്പിത്തടയുകയായിരുന്നു ബാഴ്‌സ. രണ്ടാം പകുതിയില്‍ ലീഡ് വഴങ്ങിയിട്ടും ബാഴ്‌സലോണക്ക് ഉണരാന്‍ സാധിച്ചില്ല. കോച്ച് റോണള്‍ഡ് കൂമന്‍ ഇറക്കിയ പകരക്കാര്‍ ഫലപ്രദമായില്ലെന്നു മാത്രമല്ല തിരിച്ചടിയാവുകയും ചെയ്തു. കൂമന്റെ കീഴില്‍ ആറു കളികളില്‍ മൂന്നെണ്ണം മാത്രമാണ് ബാഴ്‌സലോണക്ക് ജയിക്കാനായത്. ലീഗില്‍ ടീം ഒന്നാം സ്ഥാനത്തുള്ളപ്പോഴാണ് കോച്ച് ഏണസ്‌റ്റൊ വാല്‍വെര്‍ദെയെ ബാഴ്‌സലോണ പുറത്താക്കിയത്. കൂമന്റെ കീഴില്‍ അവര്‍ പന്ത്രണ്ടാം സ്ഥാനത്താണ്.

Latest News