Sorry, you need to enable JavaScript to visit this website.

പകര്‍ച്ചപ്പനി: വാക്‌സിന്‍  സൗജന്യമാക്കി അബുദാബി

അബുദാബി- പകര്‍ച്ചപ്പനിക്കെതിരായ പ്രതിരോധ മരുന്നുകള്‍ തങ്ങളുടെ എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും സൗജന്യമായി വിതരണം ചെയ്യുമെന്ന് അബുദാബി ഹെല്‍ത്ത് സര്‍വീസ് കമ്പനി (സിഹാ) അറിയിച്ചു. കോവിഡ് പശ്ചാത്തലത്തില്‍ ഈ വര്‍ഷം അബുദാബിയിലും അല്‍ഐനിലും എല്ലാ വീടുകളിലും വാക്‌സിന്‍ എത്തിക്കാനും പദ്ധതിയുണ്ട്. സ്വയം സംരക്ഷിക്കൂ, നിങ്ങളുടെ സമൂഹത്തെയും എന്ന ശീര്‍ഷകത്തില്‍ യു.എ.ഇ ആരോഗ്യ-രോഗപ്രതിരോധ മന്ത്രാലയം പ്രഖ്യാപിച്ച കാമ്പയിന്റെ ഭാഗമായാണ് സൗജന്യ വാക്‌സിന്‍ വിതരണം ചെയ്യുന്നത്. അബുദാബി പബ്ലിക്ക് ഹെല്‍ത്ത് സെന്ററുമായി സഹകരിച്ചാണ് കാമ്പയിന്‍ നടത്തുക. 
വാക്‌സിന്‍ ലഭ്യമാകുന്നതിനായി 80050 എന്ന ടോള്‍ ഫ്രീ നമ്പറില്‍ ബന്ധപ്പെടണമെന്നും സിഹാ അഭ്യര്‍ഥിച്ചു. സിഹാ കേന്ദ്രങ്ങളില്‍ കോവിഡ് 19 പരിശോധനക്കെത്തുന്നവര്‍ക്കും ആവശ്യമെങ്കില്‍ സൗജന്യ വാക്‌സിന്‍ ലഭിക്കും. എന്നാല്‍ വീടുകളിലേക്ക് വാക്‌സിന്‍ എത്തിക്കുന്നതിന് ഒരു വീടിന് 500 ദിര്‍ഹം നല്‍കേണ്ടിവരും. വീട്ടില്‍ എത്ര അംഗങ്ങള്‍ വാക്‌സിന്‍ എടുത്തുവെന്നത് പ്രശ്‌നമില്ല. ഇതിനായി 02 7117117 എന്ന നമ്പറില്‍ വിളിച്ചു ബുക്ക് ചെയ്യണമെന്നും സിഹാ അധികൃതര്‍ അറിയിച്ചു. 
അബുദാബി, അല്‍ഐന്‍ എന്നിവിടങ്ങളിലെ കമ്പനി ജീവനക്കാര്‍ക്ക് വാക്‌സിന്‍ എടുക്കാന്‍ യഥാക്രമം  056 4103180, 056 2187886 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണമെന്നും സിഹാ ആവശ്യപ്പെട്ടു.
 

Latest News