Sorry, you need to enable JavaScript to visit this website.

അടിച്ചുതകര്‍ത്ത് നരേന്‍, എറിഞ്ഞുവീഴ്ത്തി വരുണ്‍

അബുദാബി - ദല്‍ഹി കാപിറ്റല്‍സിനെതിരെ അഞ്ചു വിക്കറ്റ് വിജയത്തോടെ മണ്ണിലിറക്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഐ.പി.എല്ലില്‍ പ്ലേഓഫ് പ്രതീക്ഷ നിലനിര്‍ത്തി. നിതിഷ് റാണയുടെയും (53 പന്തില്‍ 81) സുനില്‍ നരേന്റെയും (32 പന്തില്‍ 64) കിടിലന്‍ അര്‍ധ ശതകങ്ങളില്‍ ആറിന് 194 ലെത്തിയ കൊല്‍ക്കത്ത ലെഗ്‌സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയുടെ അഞ്ച് വിക്കറ്റ് പ്രകടനത്തോടെ ദല്‍ഹിയെ ഒതുക്കി. ഒമ്പതിന് 135 റണ്‍സെടുക്കാനേ ദല്‍ഹിക്കു സാധിച്ചുള്ളൂ. കൊല്‍ക്കത്ത 59 റണ്‍സിന് ജയിച്ചു. 
ഫോമില്ലാത്ത പൃഥ്വി ഷാക്കു പകരം ഓപണറുടെ വേഷമിട്ട അജിന്‍ക്യ രഹാനെ (0) ആദ്യ പന്തില്‍ എല്‍.ബിയായി. ശിഖര്‍ ധവാനെയും (6) കമിന്‍സ് ബൗള്‍ഡാക്കി. ശ്രേയസ് അയ്യരും (38 പന്തില്‍ 47) റിഷഭ് പന്തും (33 പന്തില്‍ 27) തിരിച്ചടിക്കാന്‍ ശ്രമിച്ചു. പന്ത് ഏറ്റവും വേഗത്തില്‍ ഐ.പി.എല്ലില്‍ 100 സിക്‌സര്‍ തികക്കുന്ന കളിക്കാരനായി. യൂസുഫ് പഠാന്റെ റെക്കോര്‍ഡാണ് മറികടന്നത്. പന്ത്രണ്ടാം ഓവറില്‍ പന്തിനെ പുറത്താക്കി വരുണ്‍ കൊല്‍ക്കത്തയെ മത്സരത്തിലേക്ക് കൊണ്ടുവന്നു. തുടര്‍ച്ചയായ പന്തുകളില്‍ ശ്രേയസിനെയും ഷിംറോന്‍ ഹെത്മയറെയും (5 പന്തില്‍ 10) പുറത്താക്കി. അപകടകാരികളായ മാര്‍ക്കസ് സ്റ്റോയ്‌നിസിനെയും (6) അക്‌സര്‍ പട്ടേലിനെയും (6) എളുപ്പം തിരിച്ചയക്കുകയും ചെയ്തു. 
നേരത്തെ കൊല്‍ക്കത്ത എട്ടോവറില്‍ മൂന്നിന് 42 ല്‍ തകരുമ്പോഴാണ് റാണയും നരേനും കൈകോര്‍ത്തത്. ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗന് മുന്നെയാണ് നരേന്‍ ബാറ്റിംഗിന് വന്നത്. ആര്‍. അശ്വിനെ തെരഞ്ഞുപിടിച്ച് നരേന്‍ ആക്രമിച്ചു. ഈ സീസണില്‍ ആദ്യമായാണ് ഇരുപതിനു മുകളില്‍ നരേന്‍ സ്‌കോര്‍ ചെയ്യുന്നത്. അവസാനത്തേതിന് മുന്നിലെ പന്തിലാണ് നരേന്‍ പുറത്തായത്. അടുത്ത പന്തില്‍ മോര്‍ഗനും (9 പന്തില്‍ 17) പുറത്തായി. ഐന്റീഷ് നോര്‍ട്യെ (2-27) ആയിരുന്നു ദല്‍ഹി ബൗളിംഗില്‍ മികച്ചു നിന്നത്. 

Latest News