Sorry, you need to enable JavaScript to visit this website.

അനിശ്ചിതത്വത്തില്‍ ഐ.എസ്.എല്‍

 

പാനാജി - നവംബര്‍ 20 ന്  ഐ.എസ്.എല്ലിന്റെ പുതിയ സീസണ്‍ ആരംഭിക്കാനിരിക്കെ അനിശ്ചിതത്വത്തില്‍ ടീമുകള്‍. മിക്ക ടീമുകള്‍ക്കും ശരിയായ രീതിയില്‍ പരിശീലനം ആരംഭിക്കാന്‍ സാധിച്ചിട്ടില്ല. 
കഴിഞ്ഞ ദിവസം മാത്രമാണ് ലീഗിലെ പുതിയ ടീമായ ഈസ്റ്റ് ബംഗാള്‍ ടീമിനെ പ്രഖ്യാപിച്ചത്. അവസാന നിമിഷം ഐ.എസ്.എല്ലില്‍ സ്ഥാനം നേടുകയും സ്‌പോണ്‍സര്‍ഷിപ് സംബന്ധിച്ച അനിശ്ചിതത്വം തുടരുകയും ചെയ്ത ഈസ്റ്റ് ബംഗാളിന് ടീമിനെ പ്രഖ്യാപിക്കാന്‍ കഴിഞ്ഞതു തന്നെ ഭാഗ്യമാണ്. അവരുടെ വിദേശ കളിക്കാരൊക്കെ ഗോവയിലെത്തിയിട്ടുണ്ട്. കോച്ച് റോബി ഫൗളറും ഗോവയിലുണ്ട്. അടുത്തയാഴ്ച അവര്‍ പരിശീലനം തുടങ്ങും. 
്എന്നാല്‍ ചെന്നൈയന്‍ എഫ്.സിയുടെ ഏഴ് വിദേശ കളിക്കാരില്‍ അഞ്ചു  പേരും എത്തിയിട്ടില്ല. കോച്ച് സാബ ലാസ്‌ലോയുടെ വിസ ചൊവ്വാഴ്ചയാണ് സ്റ്റാമ്പ് ചെയ്തത്. മറ്റു വിദേശ കളിക്കാര്‍ക്കൊപ്പം അടുത്ത ദിവസം അദ്ദേഹം ഇന്ത്യയിലെത്തുമെന്നാണ് കരുതുന്നത്. 
ഒഡിഷ എഫ്.സിയുടെ കോച്ച് സ്റ്റുവാര്‍ട് ബക്‌സ്റ്ററും ഇതുവരെ ടീമിനൊപ്പം ചേര്‍ന്നിട്ടില്ല. 14 ദിവസം അവര്‍ ക്വാരന്റൈനില്‍ കഴിയണം. പിന്നീട് രണ്ടാഴ്ച പോലും അവര്‍ക്ക് ഒരുമിച്ച് പരിശീലനം നടത്താന്‍ അവസരം കിട്ടില്ല. ബക്സ്റ്റര്‍ ആദ്യമായാണ് ഇന്ത്യയിലേക്ക് വരുന്നത്. 
എ.ടി.കെ മോഹന്‍ ബഗാന്‍, എഫ്.സി ഗോവ, ഹൈദരാബാദ് എഫ്.സി, ഈസ്റ്റ് ബംഗാള്‍ എന്നീ ടീമുകളുടെ കളിക്കാര്‍ മാത്രമാണ് പൂര്‍ണമായി ഗോവയിലെത്തിയിരിക്കുന്നത്. ആതിഥേയ സംസ്ഥാനത്തു നിന്നുള്ള എഫ്.സി ഗോവ മറ്റു ടീമുകള്‍ക്കെല്ലാം മുമ്പെ ഇന്ത്യന്‍ കളിക്കാരെ ഗോവയിലെത്തിച്ചിരുന്നു. എന്നാല്‍ അവര്‍ക്കു പോലും കാര്യമായ പരിശീലനം നടത്താന്‍ സാധിച്ചിട്ടില്ല. ആദ്യം താമസിച്ച ഹോട്ടല്‍ ചില കാരണങ്ങളാല്‍ മാറേണ്ടി വന്നു. പുതിയ ഹോട്ടലില്‍ എത്തിയതോടെ ഏഴു ദിവസത്തെ ക്വാരന്റൈന്‍ കാരണം പരിശീലനം ആരംഭിച്ചില്ല. ഹൈദരാബാദ് എഫ്.സി കളിക്കാര്‍ താമസിക്കുന്ന ഹോട്ടലില്‍ കോവിഡ് കേസുകളുണ്ടായി. നഗോയയിലെ ട്രയ്‌നിംഗ് ഗ്രൗണ്ട് ചെളിക്കുളമായതിനാല്‍ മുംബൈ സിറ്റിക്ക് രണ്ടു ദിവസം പരിശീലനം നിര്‍ത്തി വെക്കേണ്ടി വന്നു. 
പൂര്‍ണമായ പരിശീലന സെഷന്‍ ആദ്യം സംഘടിപ്പിച്ചത് എ.ടി.കെ ബഗാനാണ്. പരിശീലനത്തിന്റെ ചുമതലയേറ്റെടുത്ത ഈ സീസണിലെ ഏക കോച്ചും ആന്റോണിയൊ ഹബാസാണ്. എ.ടി.കെയുള്‍പ്പെടെ മൂന്ന് ടീമുകള്‍ക്ക് ഫഌഡൈലൈറ്റില്‍ പരിശീലനം നടത്താനുള്ള സൗകര്യമുണ്ട്. പക്ഷെ ടീം പരിശീലനത്തിന് ശ്രമിച്ചപ്പോള്‍ വിളക്കുകള്‍ തെളിഞ്ഞില്ല. 

Latest News