Sorry, you need to enable JavaScript to visit this website.

അഞ്ഞൂറില്‍ ഹാട്രിക്, ഇരുനൂറില്‍ ആദ്യം

ദുബായ് - ഐ.പി.എല്ലില്‍ പഞ്ചാബ് കിംഗ്‌സ് ഇലവന്‍ നായകന്‍ കെ.എല്‍. രാഹുലിന് അപൂര്‍വ ഹാട്രിക്. തുടര്‍ച്ചയായ മൂന്നു സീസണുകളില്‍ 500 റണ്‍സ് കടക്കുന്ന ആദ്യ കളിക്കാരനായി ഓപണര്‍. ഈ സീസണില്‍ വെറും ഒമ്പത് കളികളില്‍ 525 റണ്‍സാണ് സ്‌കോര്‍ ചെയ്തത്. മൂന്നു പ്രകടനവും പഞ്ചാബിന് വേണ്ടി തന്നെ. 2018 ല്‍ 659 റണ്‍സും 2019 സീസണില്‍ 593 റണ്‍സും സ്വന്തമാക്കി. ഈ സീസണില്‍ ആയിരം കടക്കാന്‍ അവസരമുണ്ട്. 
ഈ സീസണില്‍ അഞ്ച് അര്‍ധ ശതകങ്ങളും ഒരു സെഞ്ചുറിയുമായി ഉജ്വല മുന്നേറ്റമാണ് നടത്തുന്നത്. ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെതിരെ പുറത്താവാതെ 132 റണ്‍സ് അടിച്ചു. ഐ.പി.എല്ലില്‍ ഇന്ത്യക്കാരന്റെ ഉയര്‍ന്ന സ്‌കോറാണ് ഇത്. ലീഗ് ഘട്ടത്തില്‍ തന്നെ പഞ്ചാബിന് അഞ്ച് കളി ബാക്കിയുണ്ട്. 
ഐ.പി.എല്ലില്‍ 200 മത്സരം കളിക്കാരനെന്ന പദവി എം.എസ് ധോണി സ്വന്തമാക്കി. രാജസ്ഥാന്‍ റോയല്‍സിനെതിരെ തിങ്കളാഴ്ച നടന്ന മത്സരത്തിലാണ് ധോണി നാഴികക്കല്ല് പിന്നിട്ടത്. തുടക്കം മുതല്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ നായകനായ ധോണി ടീമിന് വിലക്കേര്‍പ്പെടുത്തിയ രണ്ടു സീസണില്‍ റെയ്‌സിംഗ് പൂനെ സൂപ്പര്‍ജയന്റ്‌സിന് കളിച്ചു. 
മുംബൈ ഇന്ത്യന്‍സിന്റെ രോഹിത് ശര്‍മയാണ് രണ്ടാം സ്ഥാനത്ത് -197 മത്സരങ്ങള്‍. 192 മത്സരം കളിച്ച സുരേഷ് റയ്‌ന ഈ സീസണില്‍ വിട്ടുനില്‍ക്കുകയാണ്. 

Latest News