Sorry, you need to enable JavaScript to visit this website.

ദുബായ് വിമാനത്താവളം അറുപതിന്റെ നിറവിൽ 

ദുബായ്- ദുബായ് അന്താരാഷ്ട്ര വിമാനത്താവളം യാഥാർഥ്യമായിട്ട് 60 വർഷം പിന്നിട്ടു. 1930 സെപ്റ്റംബർ 30 നാണ് ദുബായ് വിമാനത്താവളം പ്രവർത്തനം ആരംഭിച്ചത്. ലോകത്തിലെ ഏറ്റവും മികച്ച വിമാനത്താവളങ്ങളിൽ ഒന്നായി പരിഗണിക്കുന്ന ഈ വിമാനത്താവളം വഴി 111.5 കോടി യാത്രികർ സഞ്ചരിച്ചുവെന്നാണ് ഔദ്യോഗിക കണക്ക്. 95 രാഷ്ട്രങ്ങളിലെ 240 വിമാനത്താവളങ്ങളിലേക്ക് 74,70,000 വിമാന സർവീസുകളിലാണ് ഇത്രയും പേർ സഞ്ചരിച്ചത്. 
‘തുടക്കം മുതൽ ദുബായ് എയർപോർട്ട് അനുദിനം പുരോഗതിയിലേക്ക് കുതിക്കുകയായിരുന്നു. രാഷ്ട്രശിൽപി ശൈഖ് റാഷിദ് ബിൻ സഈദ് അൽമക്തൂമിന്റെ ദീർഘവീക്ഷണത്തിൽനിന്നാണ് വിമാനത്താവളം രൂപീകൃതമാകുന്നത്. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽമക്തൂം ഈ വികസനോന്മുഖമായ ആശയം പിന്തുടരുകയും ദുബായ് നഗരിയെ ആഗോള വ്യോമയാനത്തിന്റെ ഉത്തുംഗതയിലേക്ക് നയിക്കുകയും ചെയ്തു'- ദുബായ് എയർപോർട്ട്‌സ് ചെയർമാൻ ശൈഖ് അഹ്മദ് ബിൻ സഈദ് അൽമക്തൂം വിശദീകരിച്ചു. അറുപതാണ്ട് പിന്നിട്ട മിഡിൽ ഈസ്റ്റിലെ പ്രഥമ വിമാനത്താവളത്തിന് ഒട്ടേറെ സവിശേഷതകളുണ്ട്. 2000ൽ ശൈഖ് റാഷിദ് ടെർമിനൽ തുറന്നപ്പോൾ മേഖലയിലെ ഏറ്റവും ബൃഹത്തായ എയർ ട്രാഫിക് കൺട്രോൾ (എ.ടി.സി) ഉള്ള വിമാനത്താവളമായി ഇത് മാറി. 2002ൽ ആദ്യമായി ഇ-ഗേറ്റ്‌സ് ആരംഭിച്ചതും ദുബായ് എയർപോർട്ടിലാണ്. 2008ൽ ലോകത്തിലെ ഏറ്റവും വലിയ ടെർമിനലും ഇവിടെ തുറന്നു. 2014ൽ ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായി തെരഞ്ഞെടുത്തതും ദുബായ് എയർപോർട്ടിനെയാണ്. 2018ൽ ഒരു ബില്യൺ യാത്രികർക്ക് സേവനം ചെയ്തുവെന്ന അപൂർവ നേട്ടവും ഈ വിമാനത്താവളം സ്വന്തമാക്കി.
ഭരണകർത്താക്കളുടെ തന്ത്രപ്രധാന നയങ്ങളുമായി ഏകോപിച്ച് നേട്ടങ്ങളിൽ ആലസ്യം പൂണ്ടിരിക്കാതെ, അടുത്ത 50 വർഷത്തേക്ക് ആവശ്യമായ വികസന തന്ത്രങ്ങൾക്ക് ദുബായ് വിമാനത്താവള അധികൃതർ രൂപം നൽകിയിട്ടുണ്ട്. ‘പുതിയ പുതിയ വെല്ലുവിളികളും അവസരങ്ങളും സൃഷ്ടിച്ചാണ് ഓരോ വർഷവും കടന്നുവരുന്നത്'- ദുബായ് എയർപോർട്ട് സി.ഇ.ഒ പോൾ ഗ്രിഫിത്ത്‌സ പറയുന്നു. ‘പ്രതിസന്ധികൾക്കിടെയാണ് ഇന്ന് ഞങ്ങൾ ജോലി ചെയ്യുന്നത്. എങ്കിലും ഇതിനെയെല്ലാം തരണം ചെയ്യാനാവുമെന്നാണ് പ്രതീക്ഷ. കോവിഡ് വ്യാപനത്തിന് മുമ്പ് സർവീസ് നടത്തിയിരുന്ന 70 ശതമാനം രാജ്യങ്ങളിലെ 51 ശതമാനം സ്ഥലങ്ങളിലേക്കും ഇന്ന് ദുബായിൽനിന്ന് വിമാനങ്ങൾ പറന്നുയരുന്നുണ്ട്'-അദ്ദേഹം പറഞ്ഞു. യാത്രക്കാരുടെ സുരക്ഷക്കാണ് തങ്ങൾ മുന്തിയ പരിഗണന നൽകുന്നതെന്നും എയർപോർട്ട് മേധാവി കൂട്ടിച്ചേർത്തു.
 

Tags

Latest News