Sorry, you need to enable JavaScript to visit this website.

ശൈഖ് സ്വബാഹിന്റെ നിര്യാണം: സൗദിസംഘം അനുശോചനം അറിയിച്ചു 

മുൻ കുവൈത്ത് അമീർ ശൈഖ് സ്വബാഹിന്റെ നിര്യാണത്തിൽ സൽമാൻ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെയും അനുശോചനം രാജാവിന്റെ ഉപദേഷ്ടാവും മന്ത്രിസഭാ അംഗവുമായ ഡോ. മൻസൂർ ബിൻ മിത്അബ് രാജകുമാരൻ കുവൈത്ത് അമീർ ശൈഖ് നവാഫിനെ സന്ദർശിച്ച് അറിയിക്കുന്നു.

റിയാദ്- മുൻ കുവൈത്ത് അമീർ ശൈഖ് സ്വബാഹ് അൽഅഹ്മദ് അൽജാബിർ അൽസ്വബാഹിന്റെ നിര്യാണത്തിൽ തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെയും അനുശോചനങ്ങൾ രാജാവിന്റെ ഉപദേഷ്ടാവും മന്ത്രിസഭാ അംഗവുമായ ഡോ. മൻസൂർ ബിൻ മിത്അബ് രാജകുമാരൻ കുവൈത്ത് അമീർ ശൈഖ് നവാഫ് അൽഅഹ്മദ് അൽസ്വബാഹിനെ സന്ദർശിച്ച് അറിയിച്ചു. 


ഊർജ മന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ രാജകുമാരനും സഹമന്ത്രിയും മന്ത്രിസഭാ അംഗവുമായ തുർക്കി ബിൻ മുഹമ്മദ് ബിൻ ഫഹദ് രാജകുമാരനും കിഴക്കൻ പ്രവിശ്യ ഡെപ്യൂട്ടി ഗവർണർ അഹ്മദ് ബിൻ ഫഹദ് ബിൻ സൽമാൻ രാജകുമാരനും കുവൈത്തിലെ സൗദി അംബാസഡർ സുൽത്താൻ ബിൻ സഅദ് ബിൻ ഖാലിദ് രാജകുമാരനും ഡോ. മൻസൂർ ബിൻ മിത്അബ് രാജകുമാരനെ അനുഗമിച്ചു. കുവൈത്ത് അമീരി എയർപോർട്ടിൽ കുവൈത്ത് അമീറിനെ സന്ദർശിച്ചാണ് സൗദി സംഘം രാജാവിന്റെയും കിരീടാവകാശിയുടെയും അനുശോചനങ്ങൾ അറിയിച്ചത്. കുവൈത്ത് സ്പീക്കർ മർസൂഖ് അൽഗാനിം അടക്കമുള്ള നേതാക്കളും ചടങ്ങിൽ സംബന്ധിച്ചു.


ബഹ്‌റൈൻ കിരീടാവകാശി സൽമാൻ ബിൻ ഹമദ് അൽഖലീഫ രാജകുമാരൻ, ഒമാൻ സുൽത്താൻ ഹൈഥം ബിൻ താരിഖ്, ജോർദാൻ ഭരണാധികാരി അബ്ദുല്ല രണ്ടാമൻ രാജാവ്, ഇറാഖ് പ്രസിഡന്റ് ബർഹം സ്വാലിഹ്, ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽഫത്താഹ് അൽസീസി, ഖത്തർ അമീറിന്റെ ഡെപ്യൂട്ടി ശൈഖ് അബ്ദുല്ല ബിൻ ഹമദ് അൽഥാനി തുടങ്ങിയ ലോകനേതാക്കളും ഇന്നലെ കുവൈത്തിലെത്തി അമീർ നവാഫിനെ സന്ദർശിച്ച് ശൈഖ് സ്വബാഹിന്റെ നിര്യാണത്തിൽ അനുശോചനം അറിയിച്ചു. 


 

Tags

Latest News