Sorry, you need to enable JavaScript to visit this website.

വിദേശ നിക്ഷേപങ്ങളിൽ പത്തു ശതമാനത്തോളം വളർച്ച

റിയാദ് - ഒരു വർഷത്തിനിടെ സൗദിയിൽ വിദേശ നിക്ഷേപങ്ങളിൽ 9.9 ശതമാനം വളർച്ച രേഖപ്പെടുത്തിയതായി കണക്ക്. ഈ വർഷം രണ്ടാം പാദത്തിൽ വിദേശ നിക്ഷേപങ്ങൾ 1.885 ട്രില്യൺ റിയാലായി (502.7 ബില്യൺ ഡോളർ) ഉയർന്നു. 2019 രണ്ടാം പാദത്തിൽ ഇത് 1.715 ട്രില്യൺ റിയാൽ (457.3 ബില്യൺ ഡോളർ) ആയിരുന്നു. ഒരു വർഷത്തിനിടെ വിദേശ നിക്ഷേപങ്ങളിൽ 170.1 ബില്യൺ റിയാലിന്റെ വളർച്ചയാണുണ്ടായത്. കൊറോണ വ്യാപനത്തിനിടെയും സൗദിയിൽ വിദേശ നിക്ഷേപങ്ങൾ വർധിച്ചത് സൗദി സമ്പദ്‌വ്യവസ്ഥയിൽ വിദേശ നിക്ഷേപകർക്കുള്ള വലിയ വിശ്വാസമാണ് പ്രതിഫലിപ്പിക്കുന്നത്. 


ഈ വർഷം ആദ്യ പാദത്തെ അപേക്ഷിച്ച് രണ്ടാം പാദത്തിൽ വിദേശ നിക്ഷേപങ്ങൾ 5.1 ശതമാനം തോതിൽ വർധിച്ചു. ഒന്നാം പാദത്തിൽ വിദേശ നിക്ഷേപങ്ങൾ 1.794 ട്രില്യൺ റിയാൽ (478.5 ബില്യൺ ഡോളർ) ആയിരുന്നു. കൊറോണ വ്യാപനത്തിന്റെ മൂർധന്യാവസ്ഥയിലും സൗദിയിൽ മൂന്നു മാസത്തിനിടെ വിദേശ നിക്ഷേപങ്ങളിൽ 90.6 ബില്യൺ റിയാലിന്റെ വളർച്ച രേഖപ്പെടുത്തി. 
നേരിട്ടുള്ള വിദേശ നിക്ഷേപം, പോർട്ട്‌ഫോളിയോ നിക്ഷേപം, മറ്റു നിക്ഷേപങ്ങൾ എന്നിങ്ങനെ മൂന്നിനം വിദേശ നിക്ഷേപങ്ങളാണുള്ളത്. സൗദിയിലെ ആകെ വിദേശ നിക്ഷേപങ്ങളിൽ 47.5 ശതമാനം നേരിട്ടുള്ള വിദേശ നിക്ഷേപങ്ങളാണ്. 30.8 ശതമാനം പോർട്ട്‌ഫോളിയോ നിക്ഷേപങ്ങളും 21.7 ശതമാനം മറ്റു നിക്ഷേപങ്ങളുമാണ്. 


ഒരു വർഷത്തിനിടെ നേരിട്ടുള്ള വിദേശ നിക്ഷേപങ്ങൾ രണ്ടു ശതമാനം തോതിൽ വർധിച്ചു. രണ്ടാം പാദത്തിലെ കണക്കുകൾ പ്രകാരം നേരിട്ടുള്ള വിദേശ നിക്ഷേപങ്ങൾ 896 ബില്യൺ റിയാലാണ്. 2019 രണ്ടാം പാദത്തിൽ ഇത് 878.2 ബില്യൺ റിയാലായിരുന്നു. ഒരു വർഷത്തിനിടെ നേരിട്ടുള്ള വിദേശ നിക്ഷേപങ്ങളിൽ 17.8 ബില്യൺ റിയാലിന്റെ വളർച്ചയാണുണ്ടായത്. 
പോർട്ട്‌ഫോളിയോ നിക്ഷേപങ്ങളിൽ ഓഹരി ഉടമസ്ഥാവകാശവും ബോണ്ടുകളിലെ നിക്ഷേപങ്ങളും ഉൾപ്പെടുന്നു. ഓഹരികളിൽ 198.1 ബില്യൺ റിയാലും ബോണ്ടുകളിൽ 382.4 ബില്യൺ റിയാലും വിദേശികൾ നിക്ഷേപിച്ചിട്ടുണ്ട്. വായ്പകൾ, ഡെപ്പോസിറ്റുകൾ, കറൻസികൾ എന്നിവ ഉൾപ്പെടുന്ന മറ്റു നിക്ഷേപ വിഭാഗത്തിലെ വിദേശ നിക്ഷേപങ്ങൾ 8.5 ശതമാനം തോതിൽ വർധിച്ചിട്ടുണ്ട്. ഈ വിഭാഗത്തിലെ വിദേശ നിക്ഷേപങ്ങളിൽ 32.1 ബില്യൺ റിയാലിന്റെ വളർച്ചയുണ്ടായി. മറ്റു വിഭാഗങ്ങളിലെ വിദേശ നിക്ഷേപങ്ങൾ 376.3 ബില്യൺ റിയാലിൽ നിന്ന് 408.4 ബില്യൺ റിയാലായി വർധിച്ചു. 


കഴിഞ്ഞ കൊല്ലം സൗദിയിൽ വിദേശ നിക്ഷേപങ്ങളിൽ 19.5 ശതമാനം വളർച്ച രേഖപ്പെടുത്തിയിരുന്നു. ലഭ്യമായ കണക്കുകൾ പ്രകാരം വിദേശ നിക്ഷേപങ്ങളിൽ രാജ്യത്ത് രേഖപ്പെടുത്തുന്ന ചരിത്രത്തിലെ ഏറ്റവും ഉയർന്ന വളർച്ചാ നിരക്കാണിത്. കഴിഞ്ഞ വർഷം വിദേശ നിക്ഷേപങ്ങളിൽ 296.7 ബില്യൺ റിയാലിന്റെ വർധനയാണുണ്ടായത്. കഴിഞ്ഞ വർഷാവസാനത്തോടെ സൗദിയിലെ വിദേശ നിക്ഷേപങ്ങൾ 1.82 ട്രില്യൺ റിയാലായി ഉയർന്നു. 2018 ൽ ഇത് 1.523 ട്രില്യൺ റിയാലായിരുന്നു. 2014 ൽ 4.9 ശതമാനവും 2015 ൽ 9.9 ശതമാനവും 2016 ൽ 12.1 ശതമാനവും 2017 ൽ ആറു ശതമാനവും 2018 ൽ 11.9 ശതമാനവും തോതിൽ സൗദിയിൽ വിദേശ നിക്ഷേപങ്ങളിൽ വളർച്ച രേഖപ്പെടുത്തിയിരുന്നു. 

 

Tags

Latest News