Sorry, you need to enable JavaScript to visit this website.

കോവിഡ് നിയന്ത്രണ നിർദേശങ്ങൾ പാലിച്ചാൽ സൗദി  പ്രവേശനം സാധ്യം; മലയാളി യുവാവ് ജിദ്ദയിലെത്തി

ജിദ്ദ- കോവിഡ് നിയന്ത്രണ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണെങ്കിൽ ഇന്ത്യയിൽനിന്നുള്ളവർക്കും സൗദി അറേബ്യയിൽ പ്രവേശനം സാധ്യമാണെന്ന് മലയാളി യുവാവിന്റെ സൗദിയിലെ പ്രവേശനത്തോടെ വ്യക്തമായി. ഇന്ത്യ അടക്കം മൂന്നു രാജ്യങ്ങളിൽ നിന്നുള്ളവർക്ക് സൗദിയിൽ വിലക്ക് ഏർപ്പെടുത്തിയതായി വാർത്തയുണ്ടായിരുന്നു. ഈ രാജ്യങ്ങളിലെ കോവിഡ് വ്യാപന തോത് കണക്കിലെടുത്തായിരുന്നു ഇത്. എന്നാൽ ഈ രാജ്യങ്ങളിൽനിന്നുള്ളവർ 14 ദിവസത്തിൽ കൂടുതൽ കോവിഡ് നിയന്ത്രിതമായുള്ള രാജ്യങ്ങളിൽ തങ്ങിയശേഷമാണ് വരുന്നതെങ്കിൽ രാജ്യത്ത് പ്രവേശിക്കുന്നതിന് തടസമില്ലെന്നും ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷന്റേതായി പുറത്തിറങ്ങിയ പത്രക്കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. 
ജിദ്ദ കെ.എം.സി.സി നേതാവ് വി.പി മുസ്തഫയുടെ സഹോദരൻ തിരൂരങ്ങാടി ചെറുമുക്ക് സ്വദേശി വി.പി അബൂബക്കറിന്റെ മകൻ ആസിഫ് അലിയാണ് കഴിഞ്ഞ ദിവസം സൗദിയിലെത്തിയത്. ദുബായ് വഴി ഫ്‌ളൈ ദുബായിലായിരുന്നു ആസിഫിന്റെ ജിദ്ദയിലേക്കുള്ള യാത്ര. ഖമീസ്മുഷൈത്തിൽ ഒരു കടയിലെ ജിവനക്കാരനായ ആസിഫ് കഴിഞ്ഞ ഡിസംബറിലാണ് ആറു മാസത്തെ റീ എൻട്രിയിൽ നാട്ടിലേക്കു പോയത്. കോവിഡ് നിയന്ത്രണത്തെ തുടർന്ന് അന്താരാഷ്ട്ര സർവീസുകൾ നിർത്തിവെച്ചതോടെ ആസിഫിന്റെ സൗദിയിലേക്കുള്ള മടക്കം തടസപ്പെടുകയായിരുന്നു. ഇതിനിടെ റീ എൻട്രി കാലാവധി കഴിഞ്ഞുവെങ്കിലും സൗദി ജവാസാത്ത് മൂന്നു മാസത്തേക്ക് സൗജന്യമായി റീഎൻട്രി നീട്ടി നൽകിയത് ആസിഫിന് ആശ്വാസമായി. അതുപ്രകാരം ഒക്ടോബറിലാണ് ആസിഫിന്റെ റീ എൻട്രി കാലാവധി അവസാനിക്കുന്നത്. അതിനിടെ സൗദി അതിർത്തികൾ തുറക്കുകയും രാജ്യാന്തര യാത്രക്കാർക്ക് നിയന്ത്രണങ്ങളോടെ പ്രവേശനം അനുവദിക്കുകയും ചെയ്തതോടെ ആസിഫ് ദുബായിക്കു പറന്നു. ദുബായിൽ ബന്ധുക്കളോടൊപ്പം 20 ദിവസം അവിടെ തങ്ങി. ദുബായിലെ കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ടാണ് അവിടെ താമസിച്ചത്. അതിനു ശേഷം സൗദിക്ക് പുറപ്പെടുന്നതിന് മുന്നോടിയായി കോവിഡ് ടെസ്റ്റ് നടത്തുകയും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുമായി 48 മണിക്കൂറിനുള്ളിലായി ജിദ്ദയിൽ എത്തുകയുമായിരുന്നു. ആശങ്കയോടെയാണ് യാത്രക്കൊരുങ്ങിയതെങ്കിലും എയർലൈൻസ് ടിക്കറ്റ് ഇഷ്യു ചെയ്യുകയും യാത്രാ അനുമതി നൽകുകയും ചെയ്തതോടെ ആശങ്ക അകന്നു. എങ്കിലും സൗദിയിൽ എത്തി എമിഗ്രേഷൻ നടപടിക്രമങ്ങൾ പൂർത്തിയാക്കി പുറത്തിറങ്ങിയപ്പോഴാണ് ആസിഫിന് പൂർണമായും ആശ്വാസമായതെന്ന് വിമാനത്താവളത്തിൽ സ്വീകരിക്കാനെത്തിയ പിതൃസഹോദരൻ വി.പി മുസ്തഫ പറഞ്ഞു. മുസ്തഫയോടൊപ്പം ജിദ്ദയിലെ വിശ്രമത്തിനു ശേഷം ആസിഫ് ഇന്നലെ ജോലി സ്ഥലമായ ഖമീസ് മുഷൈത്തിലേക്കു പോയി. 

വാർത്തകൾ തൽസമയം വാട്‌സ്ആപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക

സൗദിയിലേക്ക് മടങ്ങാൻ കഴിയാതെ നാട്ടിൽ റീ എൻട്രിയിൽ കഴിയുന്നവരെ സൗദിയിലെത്തിക്കുന്നതിന് ട്രാവൽ ഏജൻസികൾ വിവിധ പാക്കേജുകളുമായി രംഗത്തു വന്നിട്ടുണ്ട്. വിമാന ടിക്കറ്റ് നിരക്ക്, കോവിഡ് ടെസ്റ്റ് ചാർജ് തുടങ്ങിയവ കൂടാതെ മറ്റു  സൗകര്യങ്ങളുടെ നിരക്കുമായാണ് ഏജൻസികൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഒറ്റക്ക് ഹോട്ടലിലുള്ള താമസം, രണ്ടും മൂന്നു പേരുള്ള മുറിയിലെ ഷെയറിംഗ് താമസം, ഫഌറ്റിലെ സിംഗിൾ റൂം താമസം തുടങ്ങിയ പാക്കേജുകളുമായാണ് ഏജൻസികളുടെ രംഗപ്രവേശം. ഇതോടൊപ്പം ടിക്കറ്റും യാത്രാ സൗകര്യവുമെല്ലാം വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും അതിന്റെ നിരക്ക് വേറെയായിരിക്കുമെന്നും ടിക്കറ്റുകളിലെ നിരക്കു വ്യത്യാസം അനുസരിച്ച് അതിൽ മാറ്റം ഉണ്ടായിക്കൊണ്ടിരിക്കുമെന്നുമാണ് ഏജൻസികൾ പറയുന്നത്. എന്തു തന്നെയായും 14 ദിവസം ദുബായ് പോലുള്ള സ്ഥലങ്ങളിൽ തങ്ങി സൗദിയിൽ എത്തണമെങ്കിൽ ഭീമമായ തുക ചെലവഴിക്കേണ്ടിവരും. അതിനാൽ അടിയന്തരമായി വരേണ്ട സാമ്പത്തിക ശേഷി ഉള്ളവർ മാത്രമാണ് ഇത്തരം പാക്കേജുകളിൽ  ആകൃഷ്ടരാകുന്നത്. അല്ലാത്തവർ കാത്തിരിപ്പിലാണ്. 
ഇതിനിടെ ഇഖാമ കാലാവധി കഴിഞ്ഞത് പലരേയും ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. ഗ്രേസ് പിരിയഡ് ഉൾപ്പെടെയുള്ള സമയപരിധി കഴിഞ്ഞ ഒട്ടേറെ പേർ എന്തു ചെയ്യണമെന്നറിയാതെ വിഷമിക്കുകയാണ്. സ്‌പോൺസർമാർക്ക് ഇവരുടെ ഇഖാമ അബ്ശിർ, മുക്കീം വഴി പുതുക്കാനും റീ എൻട്രി നീട്ടി നൽകാനും കഴിയുമെങ്കിലും ഓൺലൈൻ സംവിധാനങ്ങളിലെ സാങ്കേതിക കാര്യങ്ങളിൽ വേണ്ടത്ര പരിജ്ഞാനമില്ലാത്ത പല സ്‌പോൺസർമാരും അതിനു വിമുഖത കാട്ടുന്നത് ചിലരുടെ മടക്കം തന്നെ അവതാളത്തിലാക്കിയിരിക്കുകയാണ്.

Tags

Latest News