Sorry, you need to enable JavaScript to visit this website.

സമാധാന ദൂതന്‍, മനുഷ്യസ്‌നേഹി

കുവൈത്ത് സിറ്റി- അന്താരാഷ്ട്ര മാനുഷിക പ്രതിസന്ധികളില്‍ താങ്ങും തണലുമായി നിന്ന ലോകനേതാവായിരുന്നു വിട പറഞ്ഞ കുവൈത്ത് അമീര്‍ അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ജാബിര്‍ അസ്സബാഹ്. അമേരിക്കന്‍ പ്രസിഡന്റ് ജിമ്മി കാര്‍ട്ടര്‍ ഒരിക്കല്‍ കുവൈത്ത് അമീറിനെ വിശേഷിപ്പിച്ചത് 'മനുഷ്യ സ്‌നേഹിയായ ആഗോള നേതാവ്' എന്നായിരുന്നു. ശൈഖ് സബാഹിന്റെ നയതന്ത്ര ഇടപെടലുകളുടെ സാക്ഷ്യമായി ആ വാക്കുകള്‍ മാത്രം മതി. ദുരന്ത മുഖത്ത്, സമാധാന ശ്രമങ്ങളില്‍, പൊതു ആരോഗ്യ മേഖലയില്‍ ശൈഖ് സബാഹ് ഒരു പ്രചോദനമായിരുന്നു. മറ്റു രാഷ്ട്രനേതാക്കള്‍ക്ക് അദ്ദേഹത്തില്‍ നിന്ന് ഒരുപാട് പഠിക്കാനുണ്ട് എന്നും കാര്‍ട്ടര്‍ വ്യക്തമാക്കിയിരുന്നു. 


2014 ലെ മിഡില്‍ ഈസ്റ്റ് കൗട്ട്‌സ് റിപ്പോര്‍ട്ട് പ്രകാരം സിറിയന്‍ അഭയാര്‍ഥികള്‍ക്ക് 2013 ല്‍ ഏറ്റവും കൂടുതല്‍ വ്യക്തിഗത സംഭാവന നല്‍കിയത് ശൈഖ് സബാഹ് ആയിരുന്നു. 300 ദശലക്ഷം യു.എസ് ഡോളറാണ് അദ്ദേഹം യുദ്ധം തകര്‍ത്ത സിറിയക്കായി ദാനം ചെയ്തത്. 2014 ല്‍ ഈ മനുഷ്യസ്‌നേഹിയെ യു.എന്‍ പുരസ്‌കാരം നല്‍കി ആദരിച്ചു. ലോകത്തെ ഏറ്റവും വലിയ മനുഷ്യ സ്‌നേഹിക്കൊപ്പമാണ് നാം ഇപ്പോള്‍ ഇരിക്കുന്നത് എന്നാണ് പുരസ്‌കാരം നല്‍കവേ യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ പറഞ്ഞത്. 
2015 ല്‍ സിറിയയിലെ പ്രതിസന്ധി പരിഹരിക്കാനായി 500 ദശലക്ഷം യു.എസ് ഡോളര്‍ നല്‍കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. 2017 ല്‍ യു.എന്‍ സെക്രട്ടറി ജനറല്‍ ആന്റോണി ഗുട്ടെറസ് കുവൈത്ത് നേതൃത്വത്തെ പ്രത്യേകം പ്രശംസിക്കുകയുണ്ടായി. കുവൈത്തിന് അജണ്ടകളില്ല, കുവൈത്തിന്റെ അജണ്ട സമാധാനം മാത്രമാണ് എന്നാണ് അന്ന് ഗുട്ടറസ് പറഞ്ഞത്. 

 

മാധ്യസ്ഥ്യങ്ങളുടെ രാജശില്‍പി

ആഗോള തലത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ കാലം വിദേശകാര്യ മന്ത്രിപദത്തില്‍ ഇരുന്ന നേതാവു കൂടിയാണ് ശൈഖ് സബാഹ്. 1963 മുതല്‍ 2003 വരെയുള്ള കാലയളവിലാണ് വിദേശകാര്യ മന്ത്രി പദത്തിലിരുന്നത്. രാജ്യത്തിന്റെ വിദേശകാര്യ നയത്തിന്റെ ശില്‍പി ആയാണ് ഇദ്ദേഹം അറിയപ്പെടുന്നത്. സബാഹിന്റെ നേതൃത്വത്തിന് കീഴില്‍ പാക്കിസ്ഥാന്‍-ബംഗ്ലാദേശ്, തുര്‍ക്കി-ബള്‍ഗേറിയ, ഫലസ്തീന്‍-ജോര്‍ദാന്‍ രാഷ്ട്രങ്ങള്‍ക്കിടയിലെ പ്രശ്‌നങ്ങളില്‍ കുവൈത്ത് മധ്യസ്ഥ ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്. ലബനോനിലെ ആഭ്യന്തര യുദ്ധത്തിലും സമാധാന സംഭാഷണങ്ങള്‍ക്ക് ഇദ്ദേഹം ചുക്കാന്‍ പിടിച്ചു. യെമന്‍ ആഭ്യന്തര യുദ്ധത്തില്‍ യു.എന്‍ സംഘടിപ്പിച്ച നിരവധി യോഗങ്ങള്‍ക്ക് അധ്യക്ഷത വഹിച്ചത് ശൈഖ് സബാഹ് ആയിരുന്നു. 


ഖത്തറിനെതിരെ അറബ് രാഷ്ട്രങ്ങള്‍ പ്രഖ്യാപിച്ച ഉപരോധത്തിലും അദ്ദേഹം മധ്യസ്ഥനായി. സൗദിയുമായും ഖത്തറുമായും അദ്ദേഹം വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. ഈ ശ്രമങ്ങളെ യു.എസ്, യു.കെ, ഫ്രാന്‍സ്, ജര്‍മനി എന്നീ രാജ്യങ്ങള്‍ ശക്തമായി പിന്തുണക്കുകയും ചെയ്തു. 
മുന്‍ അമീര്‍ ശൈഖ് ജാബിര്‍ അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹിന്റെ വിയോഗത്തെ തുടര്‍ന്ന് 2006 ജനുവരി 29 നാണ് ശൈഖ് സബാഹ് കുവൈത്ത് അമീറായി സ്ഥാനമേറ്റത്. രാജ്യത്തിന്റെ 15 ാമത് അമീറാണ് ഇദ്ദേഹം. അമേരിക്കയിലേക്ക് പോയ ശേഷം 83 കാരനായ കിരീടാവകാശി നവാഫ് അല്‍ അഹ്മദ് അല്‍ സബാഹ് ആണ് ഇപ്പോള്‍ ഭരണകാര്യങ്ങള്‍ നിര്‍വഹിക്കുന്നത്. പ്രതിരോധ ആഭ്യന്തര മന്ത്രാലയങ്ങള്‍ കൈകാര്യം ചെയ്യുന്നതും അദ്ദേഹമാണ്.


 

Tags

Latest News