Sorry, you need to enable JavaScript to visit this website.

ചങ്ങനാശ്ശേരിയിലേക്ക് രമേശ് ചെന്നിത്തലയോ കെ.സി. ജോസഫോ

കോട്ടയം- നാലുപതിറ്റാണ്ടായി യു.ഡി.എഫ് ഉരുക്കുകോട്ടയായ ചങ്ങനാശ്ശേരി നിയമസഭാ മണ്ഡലം കോൺഗ്രസ് കൈപ്പടിയിലാക്കുമോ. സി.എഫ്. തോമസിന്റെ നിര്യാണത്തെ തുടർന്ന് രാഷ്ട്രീയകേന്ദ്രങ്ങൾ ഉയർത്തുന്ന ചോദ്യമിതാണ്. കേരള കോൺഗ്രസ് എം സ്ഥാനാർഥിയായാണ് സി.എഫ്. തോമസ് മത്സരിച്ചു മണ്ഡലം യു.ഡി.എഫിന്റെ വിശ്വസ്ത സീറ്റാക്കി മാറ്റിയത്. എന്നാൽ  കേരള കോൺഗ്രസ് എം ഇടതു പക്ഷത്തേക്കെന്ന ധാരണ ബലപ്പെടുകയും ജോസഫ് വിഭാഗത്തേക്ക് സി.എഫ്. തോമസ് കൂറുമാറുകയും ചെയ്തതോടെ രാഷ്ട്രീയ സമവാക്യങ്ങൾ മാറി. ചങ്ങനാശ്ശേരി മണ്ഡലത്തിൽ ജോസഫ് വിഭാഗം അവകാശവാദം ഉന്നയിക്കുമെന്ന് ഉറപ്പാണ്. കെ.എം. മാണിയുടെ നിര്യാണ ശേഷം സി.എഫ്. തോമസ് ജോസഫ് വിഭാഗത്തോട്് ചേർന്നു പ്രവർത്തിച്ചതിനാൽ ജോസഫ് വിഭാഗത്തിന് സീറ്റ് കിട്ടുമെന്നാണ് അവർ വിശ്വസിക്കുന്നതും. എന്നാൽ യു.ഡി.എഫിന്റെ ഈ ഷുവർ സീറ്റ് ജോസഫ് പക്ഷത്തിൽ നിന്നും മാറ്റി പകരം മറ്റൊന്നു നൽകാനുള്ള ആലോചന കോൺഗ്രസിൽ ശക്തമാണ്. ഈ സീറ്റ് മോഹിക്കുന്ന ഏറെ നേതാക്കൾ കോൺഗ്രസിലുണ്ട്. ഉമ്മൻചാണ്ടിയുടെ വിശ്വസ്തനായ കെ.സി. ജോസഫും, ഐ വിഭാഗത്തിലെ ജോസഫ് വാഴയ്ക്കനും മഹിളാ കോൺഗ്രസ് അധ്യക്ഷ ലതികാ സുഭാഷും ചങ്ങനാശ്ശേരിയോട് താൽപര്യമുള്ളവരാണ്. ചങ്ങനാശ്ശേരിയിലെ ഭൂരിപക്ഷം പഞ്ചായത്തുകളിലും യു.ഡി.എഫാണു ഭരിക്കുന്നത്. കൂടാതെ മാടപ്പള്ളിയും വാഴപ്പള്ളിയും യു.ഡി.എഫിന്റെ കുത്തകയാണ്. കോൺഗ്രസ് ഈ സീറ്റ് വാങ്ങി എൻ.എസ്.എസിനു കൂടി സ്വീകാര്യനായ സ്ഥാനാർഥിയെ മത്സരിപ്പിക്കണമെന്ന വാദവും കോൺഗ്രസിലെ ഐ വിഭാഗം മുന്നോട്ടുവയ്ക്കുന്നുണ്ട്്. ചങ്ങനാശ്ശേരിയുമായി ഏറെക്കാലം അടുത്ത് ഇടപഴകിയിട്ടുള്ള പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പേരാണ് ഈ വിഭാഗം പ്രചരിപ്പിക്കുന്നത്. രമേശിന്റെ കോളേജ് പഠനം ചങ്ങനാശ്ശേരി എൻ.എസ്.എസ് കോളജിലായിരുന്നു. കൂടാതെ മൂന്നു തവണ ചങ്ങനാശ്ശേരി ഉൾപ്പെടുന്ന കോട്ടയം പാർലമെന്റ് മണ്ഡലത്തിന്റെ എം.പിയുമായിരുന്നു. നിലവിൽ രമേശ് വിജയിക്കുന്ന ഹരിപ്പാട് ഇ ടതു ചായ്‌വുള്ള മണ്ഡലമാണ്. കഴിഞ്ഞ തവണ 18,621 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചതെങ്കിലും യു.ഡി.എഫിന്റെ വിശ്വസ്ത സീറ്റിലേക്ക് മാറുന്നത് നന്നായിരിക്കുമെന്ന അഭിപ്രായം ഐ വിഭാഗത്തിൽ ശക്തമാണ്. പ്രത്യേകിച്ചും അടുത്ത ഇലക്ഷനിൽ പ്രതിപക്ഷനേതാവ് എന്ന നിലയിൽ പ്രചരണത്തിന് ഏറെ സമയം ഇതര മണ്ഡലങ്ങളിൽ ചെലവഴിക്കേണ്ടി വരുമെന്നതിനാൽ. എന്നാൽ അത്തരത്തിലുള്ള നീക്കത്തെ ഉമ്മൻചാണ്ടി വിഭാഗം പിന്തുണയ്ക്കുമോ എന്നതാണ് ഇക്കൂട്ടരുടെ ആശങ്ക. അതേസമയം മണ്ഡലം കോൺഗ്രസിന് ഏറ്റെടുക്കാൻ അനുകൂല സാഹചര്യമാണ് ഇപ്പോഴുള്ളതെന്ന കാര്യത്തിൽ കോൺഗ്രസിൽ ഭിന്നതിയില്ലതാനും.ഒരേ സമയം നായർ സർവീസ് സൊസൈറ്റിയുടെയും കത്തോലിക്കാ സമുദായത്തിന്റെയും ശക്തി കേന്ദ്രമാണ് ചങ്ങനാശ്ശേരി. യു.ഡി.എഫിന്റെ ഉറച്ച കോട്ടയായി ചങ്ങനാശ്ശേരി മാറുന്നതിനുള്ള പ്രധാന ഘടകമായി രാഷ്ട്രീയനിരീക്ഷകർ കാണുന്നത് ഈ സാമുദായിക സമവാക്യമാണ്. കഴിഞ്ഞ നാലു പതിറ്റാണ്ടിലധികമായി കത്തോലിക്കാ സമുദായംഗമാണ് ചങ്ങനാശ്ശേരിയെ നിയമസഭയിൽ പ്രതിനിധീകരിക്കുന്നത്. സി.എഫ്. തോമസുമായി എൻ.എസ്.എസും നായർ സമുദായവും അടുത്ത ബന്ധത്തിലായിരുന്നു. 1957 ലെ ആദ്യ തെരഞ്ഞെടുപ്പിൽ സി.പി.ഐയിലെ കല്യാണ കൃഷ്ണൻ നായരായിരുന്നു ചങ്ങനാശ്ശേരിയൽനിന്ന് ജയിച്ചത്. തുടർന്നു വന്ന തെരഞ്ഞെടുപ്പിൽ എൻ. ഭാസ്‌കരൻ നായർ കോൺഗ്രസ് ടിക്കറ്റിൽ വിജയിച്ചു. ഭാസ്‌കരൻ നായർ പിന്നീട് മന്ത്രിയുമായി. 1965 ൽ കേരള കോൺഗ്രസ് സ്ഥാനാർഥിയായി കെ.ജെ. ചാക്കോ വിജയിച്ചു. തുടർന്ന് 67 ഒഴികെ രണ്ടു വട്ടം കൂടി ചാക്കോ മണ്ഡലത്തിൽ വിജയിച്ചു. 
കേരള കോൺഗ്രസിന്റെ പിറവിക്ക് തിരി കൊളുത്തിയത് എൻ.എസ്.എസ് സ്ഥാപകനായ മന്നത്തു പത്മനാഭനായിരുന്നതിലാവണം പിന്നീട് കോൺഗ്രസ് ഈ സീറ്റ് പൂർണമായും കേരള കോൺഗ്രസിന് വിട്ടുകൊടുക്കുകയായിരുന്നു. എന്നാൽ കേരള കോൺഗ്രസിലെ കരുത്തുള്ള വിഭാഗമായ ജോസ് കെ. മാണി നയിക്കുന്ന കേരള കോൺഗ്രസ് കോൺഗ്രസുമായി അകന്നതോടെ ചങ്ങനാശ്ശേരി കോൺഗ്രസ് ഏറ്റെടുക്കണമെന്ന ആവശ്യം ശക്തമായി. സി.എഫിന്റെ നിര്യാണത്തോടെ ഇത് കൂടുതൽ ചർച്ചയായിരിക്കുകയാണ്.

Latest News