Sorry, you need to enable JavaScript to visit this website.

ദുരിതവലയിൽ നിന്ന് സ്വപ്‌നക്കൂടിലേക്ക്; ആര്യശ്രീക്ക് ആഹ്ലാദത്തിന്റെ നാളുകൾ


കാസർകോട് - ബങ്കളം നാടിന്റെ അഭിമാനം രാജ്യത്തോളം ഉയർത്തിയ ഇന്ത്യൻ വനിതാ ഫുട്‌ബോൾ താരം എസ്. ആര്യശ്രീയും കുടുംബവും ഇനി കല്ലും ഓലയും കൊണ്ട് മറച്ച കുടിലിൽ അന്തിയുറങ്ങേണ്ട... സർക്കാർ പണിതുനൽകുന്ന പുതിയ വീട്ടിലേക്ക് ആര്യശ്രീക്ക് ഉടനെ മാറാം. സ്വപ്‌നക്കൂടിലേക്ക് മാറുന്നതോടെ ഈ ഫുട്‌ബോൾ മുത്തിന്റെ കുടുംബം അനുഭവിച്ച വീടില്ലാത്തതിന്റെ ദുരിത ജീവിതം വഴിമാറും. എതിരാളികളെ നിഷ്പ്രഭമാക്കി ഇന്ത്യൻ വനിതാ ഫുട്‌ബോൾ ടീമിന്റെ പ്രതിരോധനിര കാത്ത ആര്യശ്രീക്ക് ഇത് ആഹ്ലാദത്തിന്റെ നാളുകളാണ്. ആറാം ക്ലാസ് മുതൽ പന്ത് തട്ടി തുടങ്ങിയ ആര്യശ്രീ പരിശീലകൻ നിധീഷ് ബങ്കളത്തിന്റെയും കായികാധ്യാപിക പ്രീതിമോളുടെയും കീഴിൽ ഫുട്‌ബോളിന്റെ ബാലപാഠം അഭ്യസിച്ചതോടെ മികച്ച വനിതാ ഫുട്‌ബോളറായി മാറി. കാസർകോടിനും കേരളത്തിനും വേണ്ടി ജഴ്‌സിയണിഞ്ഞ ഈ മികച്ച ബാക്ക് ഡിഫൻഡർ സാഫ് ഗെയിംസിൽ ഇന്ത്യൻ ടീമിനുവേണ്ടി കളത്തിലിറങ്ങി. ഇന്ത്യൻ ടീമിന് വേണ്ടി മംഗോളിയയിലും ഭൂട്ടാനിലും കളിക്കാൻ ഭാഗ്യം ലഭിച്ചു. ഭൂട്ടാൻ സാഫ് ഗെയിംസിൽ കിരീടം ചൂടിയാണ് തിരിച്ചെത്തിയത്. 


ആദ്യനാളുകളിൽ ഷൂ വാങ്ങി നൽകാൻ പോലും കാശില്ലാതെ കഷ്ടപ്പെട്ടെങ്കിലും മകളുടെ ഫുട്‌ബോൾ കമ്പത്തിന് 'നോ' പറയാതെ അച്ഛൻ കൊളക്കാട്ട് കുടിയിൽ ഷാജുവും അമ്മ ശാലിനിയും പ്രതീക്ഷകൾക്ക് ചിറകേകി. എട്ട് വർഷത്തോളം വാടക കുടിലിൽ ആയിരുന്നു താമസം. ആര്യ മൂന്നാം ക്ലാസിൽ പഠിക്കുമ്പോൾ നീലേശ്വരം നഗരസഭ പരിധിയിലെ രാംകണ്ടം എന്ന സ്ഥലത്ത് സ്വന്തം കുടിൽ പണിതു. ഇടത് കൈയുടെ സ്വാധീനകുറവ് നിമിത്തം 12 വർഷമായി ലോട്ടറി വിറ്റാണ് ഷാജു ആര്യശ്രീയുടെ ഫുട്‌ബോൾ കാര്യവും കുടുംബവും നോക്കുന്നത്. അമ്മ ശാലിനിയും കൂലിപ്പണിക്ക് പോകും. ആടിനെയും കോഴികളെയും വളർത്തുകയാണ് ഇപ്പോഴത്തെ വരുമാന മാർഗം. ബങ്കളം കക്കാട്ട് ജി.എച്ച്.എസ്.എസിൽ പ്ലസ്ടു വിദ്യാർത്ഥിയാണ് ആര്യശ്രീ. സഹോദരൻ അഭിനയ് ജോലികളിൽ മാതാപിതാക്കളെ സഹായിക്കും. ആര്യശ്രീയുടെ ഫുട്‌ബോൾ മികവും കുടുംബത്തിന്റെ പ്രാരബ്ധവും കണക്കിലെടുത്താണ് കായിക വകുപ്പ് മന്ത്രി ഇ.പി ജയരാജൻ വീട് നിർമ്മിച്ച് നൽകാൻ 10 ലക്ഷം അനുവദിച്ചത്. 


മടിക്കൈ പഞ്ചായത്തിലെയും നീലേശ്വരം നഗരസഭയിലെയുംജനപ്രതിനിധികൾആര്യശ്രീയുടെ കുടുംബത്തിന് വീട് വെച്ചുകൊടുക്കുന്നതിന് ശക്തമായ സമ്മർദ്ദം സർക്കാരിൽ ചെലുത്തിയിരുന്നു. കാസർകോട് ജില്ലാസ്‌പോർട്‌സ് കൗൺസിൽ ഭരണസമിതി അംഗംഅനിൽ ബങ്കളത്തിന്റെ സജീവ ഇടപെടലും തങ്ങൾക്ക് വീട് ലഭിക്കുന്നതിന് ഏറെ സഹായകരമായിട്ടുണ്ടെന്ന്കുടുംബം പറയുന്നു. നീലേശ്വരംനഗരസഭ കൗൺസിലർ കെ. സുരേന്ദ്രൻ ചെയർമാനും ജില്ലാ സ്‌പോർട്‌സ് കൗൺസിൽ എക്‌സിക്യൂട്ടീവ് മെമ്പർ അനിൽ ബങ്കളം കൺവീനറുമായ കമ്മിറ്റിയാണ് വീട് പൂർത്തിയാക്കുന്നത്.

 

Latest News