Sorry, you need to enable JavaScript to visit this website.

ഇരട്ടക്കുട്ടികളുടെ മരണത്തിൽ മഞ്ചേരി മെഡിക്കൽ കോളേജിന് മുന്നിൽ പ്രതിഷേധം

ഇരട്ടക്കുട്ടികളുടെ മരണത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മഞ്ചേരി മെഡിക്കൽ കോളേജിന് മുന്നിൽ നടത്തിയ പ്രതിഷേധം.

മലപ്പുറം - ഗർഭിണിയായ യുവതിക്ക് ചികിൽസ നിഷേധിച്ചതിനെ തുടർന്ന് പ്രസവത്തിനിടെ ഇരട്ട കുട്ടികൾ മരിച്ച സംഭവത്തിൽ വ്യാപക പ്രതിഷേധം. കൊണ്ടോട്ടി കീഴ്‌ശേരി സ്വദേശിനിയും മാധ്യമപ്രവർത്തകനുമായ എൻ.സി. ഷരീഫിന്റെ ഭാര്യ ഷഹ്‌ല(20)ക്ക് മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിൽസ നിഷേധിച്ചതിനെതിരെയാണ് വിവിധ സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയത്. മഞ്ചേരി മെഡിക്കൽ കോളേജിന് മുന്നിൽ ഞായറാഴ്ച രാത്രി ആരംഭിച്ച പ്രതിഷേധ സമരങ്ങൾ ഇന്നലെയും തുടർന്നു.


യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ കമ്മിറ്റി മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. കറുത്ത തുണി തലയിൽ ധരിച്ചാണ് യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചത്. പ്രകടനമായെത്തിയ പ്രവർത്തകരെ മെഡിക്കൽ കോളേജ് കവാടത്തിന് മുമ്പിൽ പോലീസ് തടഞ്ഞു. യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ റിയാസ് മുക്കോളി ഉദ്ഘാടനം ചെയ്തു. ഗർഭിണിയോട് പ്രസവ ചികിൽസക്കു നേരെ മുഖം തിരിഞ്ഞു നിന്ന  ആശുപത്രി അധികൃതരുടെ മനുഷ്യത്വ രഹിത സമീപനം കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നും സർക്കാർ ഗൗരവമായി ഇതു കാണണമെന്നും എസ്.കെ.എസ്.എസ്.എഫ് മലപ്പുറം ഈസ്റ്റ് ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപെട്ടു.
മഞ്ചേരി മെഡിക്കൽ കോളേജ് അധികൃതരുടെ ഭാഗത്തു നിന്നുണ്ടായ മനുഷ്യത്വപരമായ സമീപനമല്ല. വകുപ്പ് മന്ത്രി പ്രഖ്യാപിച്ച അന്വേഷണം എത്രയും വേഗം പൂർത്തിയാക്കി പ്രതികൾക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്ന് എസ്.കെ.എസ്.എസ്.എഫ് ആവശ്യപ്പെട്ടു.


കുട്ടികൾ മരിക്കാനിടയായ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് അന്വേഷണം നടത്തണമെന്ന് സുന്നി യുവജന സംഘം ഈസ്റ്റ് ജില്ലാ കമ്മിറ്റി പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ, ജനറൽ സെക്രട്ടറി സലീം എടക്കര എന്നിവർ മനുഷ്യാവകാശ കമ്മീഷന് അയച്ച നിവേദനത്തിൽ ആവശ്യപ്പെട്ടു.
മൂന്ന് ആശുപത്രികളിൽ ചികിത്സ തേടിയെങ്കിലും ആരും അവരെ പരിഗണിക്കാതിരുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണ്. ആ കുരുന്നുകളുടെ മരണത്തിന് കാരണക്കാരായവർ ശിക്ഷിക്കപ്പെടണം. ഇനിയൊരു മാതാവിനും ഈ ഗതി വരരുതെന്നും അതിന് വകുപ്പ് തല അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.

Latest News