Sorry, you need to enable JavaScript to visit this website.

ചികിത്സ കിട്ടാതെ ഇരട്ടക്കുട്ടികളുടെ മരണം സർക്കാരിന്റെ നയവൈകല്യം മൂലമെന്ന് ലീഗ്‌

മലപ്പുറം - സംസ്ഥാനത്ത് കോവിഡ് വ്യാപനം പ്രതിരോധിക്കുന്നതിൽ സർക്കാരിന് പാളിച്ചകൾ സംഭവിക്കുന്നതായി മുസ്‌ലിം ലീഗ് നേതാക്കൾ ആരോപിച്ചു. കോവിഡ് ചികിൽസ താലൂക്ക് തലത്തിലേക്ക് മാറ്റി ജില്ലാ ആശുപത്രികൾ റഫറൽ സൗകര്യത്തിനായി ഉപയോഗപ്പെടുത്തുകയാണ് വേണ്ടതെന്ന് ലീഗ് നേതാക്കളായ പി.കെ. കുഞ്ഞാലിക്കുട്ടി, കെ.പി.എ മജീദ് എന്നിവർ പറഞ്ഞു. 
മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിൽസ ലഭിക്കാത്തതിനെ തുടർന്ന് ഗർഭിണിയായ യുവതി പ്രസവിച്ച ഇരട്ടക്കുട്ടികൾ മരിച്ച സംഭവം സർക്കാരിന്റെ നയവൈകല്യം മൂലമുണ്ടായതാണെന്ന് അവർ കുറ്റപ്പെടുത്തി.


കോവിഡ് വ്യാപനത്തിൽ അതിവേഗമുണ്ടാകുന്ന വർധനവ് ആശങ്കയുയർത്തുന്നതാണ്. ഈ സാഹചര്യത്തിലാണ് പ്രതിപക്ഷ പാർട്ടികൾ വ്യാപകമായ സമരങ്ങൾ നിർത്തിവെച്ചത്. ശക്തമായ സമരങ്ങൾ നടത്തേണ്ട സാഹചര്യങ്ങൾ കേരളത്തിൽ പലതുമുണ്ടെങ്കിലും പൊതുജനങ്ങളുടെ സുരക്ഷ മുൻനിർത്തിയാണ് യു.ഡി.എഫ് ഈ തീരുമാനമെടുത്തത്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ ലീഗ് തുടക്കം മുതൽ പിന്തുണച്ചിട്ടുണ്ടെന്ന് അവർ പറഞ്ഞു. 
മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിൽസ കിട്ടാതെ കുട്ടികൾ മരിച്ചത് ഏറെ ഗുരുതര വിഷയമാണ്. കോവിഡ് ചികിൽസ താലൂക്ക് തലത്തിലേക്ക് മാറ്റി ജില്ലാ ആശുപത്രി മറ്റു രോഗികൾക്കുള്ള റഫറൽ ആശുപത്രിയാക്കി മാറ്റണമെന്ന് ആദ്യം തന്നെ ആവശ്യപ്പെട്ടതാണ്. അത് ചെവികൊള്ളാൻ സർക്കാർ തയ്യാറായില്ല. അതിന്റെ ഫലമാണ് അത്യാസന്ന രോഗികൾക്ക് ചികിൽസ ലഭിക്കാതെ പോകുന്നത്. മഞ്ചേരി സംഭവം പോലുള്ള ഗൗരവമുള്ള വിഷയങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുള്ള സമരങ്ങൾ യു.ഡി.എഫ് നടത്തുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.


സംസ്ഥാനത്ത് ലൈഫ് മിഷൻ ഉൾപ്പടെയുള്ള വിഷയങ്ങളിൽ ഗുരുതരമായ തെറ്റുകളാണ് നടന്നിട്ടുള്ളത്. കേന്ദ്ര ഏജൻസികളെ ആവശ്യമില്ലാതെ കേസുകളിൽ ഇടപെടീച്ചത് സംസ്ഥാന സർക്കാരാണ്. ഇപ്പോൾ കേന്ദ്ര ഏജൻസികൾ വരുന്നതിന്റെ പേരിൽ പ്രതിപക്ഷത്തെ വിമർശിക്കുകയാണ് ചെയ്യുന്നത്. അഴിമതി നടക്കുമ്പോൾ അന്വേഷണം വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടും.
വർഗീയ കാർഡുകൾ ഒരോ അവസരത്തിലും പുറത്തെടുക്കുന്നതാണ് സി.പി.എമ്മിന്റെ ശൈലി. കേരളത്തിൽ ബി.ജെ.പിയെ വലുതാക്കുന്നത് സി.പി.എമ്മാണ്. ബി.ജെ.പിയെ പ്രധാന ശത്രുവായി കാണുന്നത് യു.ഡി.എഫാണ്. പല സീറ്റുകളിലും ലീഗും ബി.ജെ.പിയും തമ്മിലാണ് മൽസരം നടന്നിട്ടുള്ളത്. അവിടെയെല്ലാം ബി.ജെ.പിയെ നേരിടാനും വിജയിക്കാനും ലീഗിന് കഴിഞ്ഞിട്ടുണ്ട്. ബി.ജെ.പിയെ പ്രതിരോധിക്കുന്നതിൽ ഒരു പങ്കുമില്ലാത്ത പാർട്ടിയാണ് സി.പി.എം എന്നും കുഞ്ഞാലിക്കുട്ടി ചോദ്യത്തിന് മറുപടിയായി പറഞ്ഞു. 

 

Latest News