Sorry, you need to enable JavaScript to visit this website.

ശുഭ്മാന്‍ ഗില്‍ ഹീറോ, കൊല്‍ക്കത്തക്ക് ആദ്യ ജയം

ദുബായ് - ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ആദ്യ ജയം. ഏകപക്ഷീയമായ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ അവര്‍ ഏഴു വിക്കറ്റിന് തോല്‍പിച്ചു. രണ്ടു കളികളില്‍ ഹൈദരാബാദിന്റ െരണ്ടാം തോല്‍വിയാണ് ഇത്. കൊല്‍ക്കത്ത ആദ്യ മത്സരം തോറ്റിരുന്നു. സ്‌കോര്‍: ഹൈദരാബാദ് നാലിന് 142, കൊല്‍ക്കത്ത പതിനെട്ടോവറില്‍ മൂന്നിന് 145.
ആവശ്യത്തിന് വിക്കറ്റ് കൈയിലുണ്ടായിട്ടും ഇഴഞ്ഞതാണ് ഹൈദരാബാദിന്റെ പതനത്തിന് കാരണം. ജോണി ബെയര്‍സ്‌റ്റോയെ (5) തുടക്കത്തില്‍തന്നെ പാറ്റ് കമിന്‍സ് ബൗള്‍ഡാക്കിയെങ്കിലും ഡേവിഡ് വാണറും (30 പന്തില്‍ 36) മനീഷ് പാണ്ഡെയും (38 പന്തില്‍ 51) ഉറച്ച അടിത്തറയിട്ടതായിരുന്നു. പക്ഷെ ഒരു ഘട്ടത്തിലും അവര്‍ക്ക് വേഗം കൂട്ടാനായില്ല. വൃദ്ധിമാന്‍ സാഹ 31 പന്തില്‍ 30 റണ്‍സ് നേടി. 
കൊല്‍ക്കത്തക്ക് രണ്ടാമത്തെ ഓവറില്‍ തന്നെ സുനില്‍ നരേനെ (0) നഷ്ടപ്പെട്ടു. എന്നാല്‍ മറുവശത്ത് ശുഭ്മാന്‍ (62 പന്തില്‍ 70 നോട്ടൗട്ട്) ഉറച്ചുനിന്നു. നിതീഷ് റാണ (13 പന്തില്‍ 26) ചെറിയ ഇന്നിംഗ്‌സില്‍ ആറു തവണ പന്ത് അതിര്‍ത്തി കടത്തി. റാണയെ നടരാജനും ക്യാപ്റ്റന്‍ ദിനേശ് കാര്‍ത്തികിനെ (0) റാഷിദ് ഖാനും പുറത്താക്കിയതോടെ മൂന്നിന് 53 ലേക്ക് കൊല്‍ക്കത്ത തകര്‍ന്നു. എന്നാല്‍ കളിയിലേക്ക് തിരിച്ചുവരാമെന്ന ഹൈദരാബാദിന്റെ സ്വപ്‌നം ശുഭ്മാനും ഓയിന്‍ മോര്‍ഗനും (29 പന്തില്‍ 42) തകര്‍ത്തു. അവസാന വേളയില്‍ തുടരെ സിക്‌സറും ബൗണ്ടറിയും പായിച്ച മോര്‍ഗനും ശുഭ്മാനും അഭേദ്യമായ നാലാം വിക്കറ്റില്‍ 92 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. 
 

Latest News